Tuesday, December 21, 2010

സോഷ്യല്‍ മീഡിയ വഴി പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍





ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ് തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പണമുണ്ടാക്കുന്നതിനെക്കുറിച്ച് വിവരിച്ച ലേഖനത്തിന് നിരവധി അന്വേഷണങ്ങളാണ് വന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള വരുമാന മാര്‍ഗ്ഗത്തിന്റെ വിശദാംശങ്ങളാണ് മിക്കവര്‍ക്കും അറിയേണ്ടത്.

അതെക്കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ:
1) ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ് തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം സൈറ്റുകളില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാമെന്നും എങ്ങനെ വിവരങ്ങളും ലിങ്കുകളും ഫോട്ടോകളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാമെന്നും മനസ്സിലാക്കണം. ചില സൈറ്റുകളില്‍ നമുക്ക് സ്വന്തമായി പേജ് ക്രിയേറ്റ് ചെയ്യാനാകും. ഇത്തരം പേജുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനെക്കുറിച്ചും മനസ്സിലാക്കുക. അതെക്കുറിച്ച് ഈ സൈറ്റുകളില്‍ നിന്നു തന്നെ മനസ്സിലാകും.

2) സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തുക. തുടക്കത്തില്‍ നിങ്ങളുടെ ചുറ്റുപാടിലുള്ള സ്ഥാപനങ്ങളെ തന്നെ നോക്കുക. അവരെ സമീപിച്ച് സോഷ്യല്‍ മീഡിയ പരസ്യ പ്രചാരണത്തിന്റെ ഗുണവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. ഏറ്റവും ചെലവ് കുറഞ്ഞ പ്രചാരണ ഉപാധിയാണെന്നും ടാര്‍ഗെറ്റ് ഓഡിയന്‍സിനെ വേഗത്തില്‍ കണ്ടെത്താനാകുമെന്നും മറ്റും അവരെ ബോധ്യപ്പെടുത്തുക. അങ്ങനെ അവരില്‍ നിന്ന് വര്‍ക്ക് പിടിക്കുക.

ഹോം സ്‌റ്റേകള്‍, റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍, ഇലക്ട്രോണിക് ഉത്പന്ന കമ്പനികള്‍ എന്നിവയൊക്കെ ക്ലയന്റായി കിട്ടാന്‍ സാധ്യതയുണ്ട്.

ഒരു ഹോം സ്‌റ്റേയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കൊച്ചിയിലുള്ള ഒരു ഹോം സ്‌റ്റേയ്ക്ക് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ചെന്ന് പരസ്യം ചെയ്യാനാവില്ല. അവരുടെ വരുമാനം അതിന് അനുവദിക്കുകയുമില്ല. എന്നാല്‍ അവിടുങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ വരേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും ചെലവുകുറഞ്ഞതും ഇഫക്ടീവുമായ മാര്‍ഗ്ഗം സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ്. അങ്ങനെ അവരെ ക്ലയന്റാക്കി മാറ്റുക. സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യപ്രചാരണത്തിന് എത്രയാണ് നിങ്ങളുടെ ഫീസ് എന്ന് അറിയിക്കുക. തുടക്കത്തില്‍ നിങ്ങള്‍ പറയുന്ന തുക കിട്ടണമെന്നില്ല. ആദ്യം ഒരു മാസത്തെ വര്‍ക്കൊക്കെയേ കിട്ടാന്‍ വഴിയുള്ളൂ. ഈ കാലയളവില്‍ തന്നെ മികച്ച പ്രതികരണം ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുക.

3) നേരത്തെ സൂചിപ്പിച്ച ഹോം സ്‌റ്റേ നിങ്ങളുടെ ക്ലയന്റായി എന്നു കരുതുക. ആദ്യം അവരുടെ പേരില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അക്കൗണ്ട് ആരംഭിക്കുക. തുടര്‍ന്ന് അവര്‍ ഏത് രാജ്യക്കാരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക. അതിനനുസരിച്ച് ആ രാജ്യത്തു നിന്നുള്ള യാത്രാപ്രിയരെ സേര്‍ച്ചിലൂടെ കണ്ടെത്തി ഫ്രണ്ട്‌സാക്കി ചേര്‍ക്കുക. ഉദാഹരത്തിന്: ജര്‍മ്മനിയില്‍ നിന്നുള്ള സഞ്ചാരികളെയാണ് ഈ ഹോം സ്‌റ്റേ ലക്ഷ്യമിടുന്നതെങ്കില്‍, ജര്‍മ്മനിയില്‍ നിന്നുള്ള സഞ്ചാരപ്രിയരെ നിങ്ങള്‍ സോഷ്യല്‍ മീഡിയ ഫ്രണ്ട്‌സാക്കി ചേര്‍ക്കുക. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ട്രാവല്‍ കമ്യൂണിറ്റികളില്‍ നിന്നും മറ്റുമൊക്കെ ഇത്തരക്കാരെ കണ്ടെത്താവുന്നതേയുള്ളൂ. തുടര്‍ന്ന്, പ്രസ്തുത ഹോംസ്‌റ്റേയുടെ പ്രത്യേകതകള്‍, സര്‍വീസ്, ഭക്ഷണവിശേഷങ്ങള്‍ എന്നിവയൊക്കെ വിവരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ദിവസവും ഇടുക. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും അപ്‌ലോഡ് ചെയ്യുക. പ്രസ്തുത ഹോംസ്‌റ്റേയ്ക്ക് വെബ്‌സൈറ്റുണ്ടെങ്കില്‍ അതിന്റെ ലിങ്കും പോസ്റ്റ് ചെയ്യുക.

4) സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇന്ററാക്ടീവ് മാധ്യമങ്ങളാണ്. അതിനാല്‍ നിങ്ങള്‍ ഓരോ ഉത്പന്നത്തിന്റെ/ സേവനത്തിന്റെ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതെക്കുറിച്ച് അവര്‍ അന്വേഷിക്കാനും പ്രതികരിക്കാനുമുള്ള സാധ്യത കൂടുതലാണ്. അത്തരം അന്വേഷണങ്ങള്‍ക്ക് വേഗത്തിലും ഫലപ്രദമായും മറുപടി കൊടുക്കാന്‍ ശ്രദ്ധിക്കണം.

5) ഓരോ ക്ലയന്റിനും വേണ്ടി ദിവസവും ഒരു മണിക്കൂറെങ്കിലും ചുരുങ്ങിയത് ചെലവഴിക്കണം. ദിവസവും കൂടുതല്‍ പേരെ ഫ്രണ്ട്‌സാക്കി ചേര്‍ക്കാനും കൂടുതല്‍ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യാനും ശ്രദ്ധിക്കണം. കഴിവതും നിങ്ങളുടെ പോസ്റ്റുകള്‍ ഇന്‍ഫോര്‍മലാകാന്‍ ശ്രമിക്കണം.

ഒഴിവുവേളകളില്‍ പണമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ

Mathrubhumi

No comments:

Post a Comment