Tuesday, December 21, 2010

മൊബൈലില്‍ ഓഹരി ഇടപാട് നടത്താന്‍





മൊബൈല്‍ഫോണ്‍ വഴി വ്യാപാരം നടത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിട്ടുള്ള ബ്രോക്കറുടെ പക്കല്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യമായി നിക്ഷേപകര്‍ ചെയ്യേണ്ടത്. ബ്രോക്കര്‍ ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും തരും. അതിനുശേഷം മൊബൈല്‍ ഫോണിലേക്ക് ബ്രോക്കറുടെ ട്രേഡിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.

ആപ്ലിക്കേഷനില്‍ മാര്‍ക്കറ്റ് വാച്ച് (വില വിവരങ്ങള്‍, സൂചിക തുടങ്ങിയവ) വിപണി വ്യാപ്തം, സംഗ്രഹിച്ച പോര്‍ട്ട്‌ഫോളിയോ, ഓര്‍ഡര്‍ (Buy / Sell) നല്‍കാനുള്ള സൗകര്യം, നടന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ചാര്‍ട്ടുകള്‍, മാര്‍ക്കറ്റ് ന്യൂസ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ മൂല്യമറിയാനും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങള്‍ തേടാനും മാത്രമായും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റവസരങ്ങളിലും വിപണിയെക്കുറിച്ചോ നടത്തിയ വ്യാപാരത്തെക്കുറിച്ചോ വേഗത്തില്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.

രണ്ടുതരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിരിക്കുന്നത്. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും മൊബൈല്‍ ബ്രൗസര്‍ (WAP Enabled) വഴി ഉപയോഗിക്കാവുന്നതും. ഇത്തരം ആപ്ലിക്കേഷന് വേണ്ടത് ജാവാ സാങ്കേതികവിദ്യയുള്ള ഫോണും ജിപിആര്‍എസ് അല്ലെങ്കില്‍ എഡ്ജ് സര്‍വീസുള്ള കണക്ഷനുമാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മിക്കവാറും എല്ലാ ഫോണുകളിലും ഈ സൗകര്യങ്ങളുണ്ട്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം അക്കൗണ്ടിന്റെ സുരക്ഷയാണ്. ബ്രോക്കര്‍ പാസ്‌വേഡ് നല്‍കിയാല്‍ ആദ്യമായി ചെയ്യേണ്ടത് ലോഗിന്‍ ചെയ്ത് പാസ്സ്‌വേഡ് മാറ്റുകയാണ്. പാസ്‌വേഡ് ഒരിക്കലും സ്വന്തം പേരോ, മൊബൈലിന്റെ പേരോ അല്ലെങ്കില്‍ പെട്ടെന്ന് ഊഹിച്ച് കണ്ടുപിടിക്കാവുന്നതോ ആയിരിക്കരുത്. നിശ്ചിത ഇടവേളകളില്‍ പാസ്സ്‌വേഡ് മാറ്റണം.

മൊബൈല്‍ നഷ്ടപ്പെടുകയാണെങ്കില്‍ നമ്മള്‍ സാധാരണയായി സേവനദാതാവായ കമ്പനിയെ അറിയിക്കാറുണ്ട്. അതോടൊപ്പം ബ്രോക്കറെയും അറിയിച്ച് മൊബൈല്‍ വഴിയുള്ള അക്കൗണ്ട് ഉപയോഗം വിച്ഛേദിക്കണം. നിക്ഷേപകരുടെ സുരക്ഷയ്ക്കുള്ള മറ്റ് മാര്‍ഗങ്ങള്‍ ബ്രോക്കറുടെ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ബ്രോക്കര്‍ ടെര്‍മിനലിലൂടെ നടത്താവുന്ന എല്ലാ ഇടപാടുകളും മൊബൈല്‍ വഴി നടത്താം. പുതുതലമുറയിലുള്ള നിക്ഷേപകര്‍ക്കായി ധാരാളം ഓഫറുകളും പ്രതീക്ഷിക്കാം. പുതിയ ഈ സംരംഭം വലിയ പ്രതീക്ഷകളാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്.

No comments:

Post a Comment