Saturday, December 18, 2010

പരിഭാഷയിലൂടെ വരുമാനം

National Translation Mission
ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കോ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കോ പരിഭാഷപ്പെടുത്താനുള്ള പ്രാവീണ്യം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ വലിയൊരു ലോകം. ഇംഗ്ലീഷും മലയാളവും എന്നല്ല, ഒന്നിലേറെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ഫ്രീലാന്‍സ് ട്രാന്‍സ്‌ലേഷന്‍ ജോലികളിലൂടെ വീട്ടിലിരുന്നു തന്നെ നല്ലൊരു തുക പ്രതിമാസം സമ്പാദിക്കാം.

പ്രതിഫലം
വാക്കൊന്നിന് 50 പൈസ മുതല്‍ നാല് രൂപ വരെയാണ് ശരാശരി നിരക്ക്. എന്നാല്‍ ജോലിയുടെ സ്വഭാവമനുസരിച്ച് കൂടുതല്‍ തുക ലഭിക്കാം. വീട്ടിലിരുന്ന് പ്രതിമാസം 30,000 രൂപയും 40,000 രൂപയുമൊക്കെ സമ്പാദിക്കുന്നവര്‍ നിരവധി.

അവസരങ്ങള്‍ എവിടെ നിന്നൊക്കെ?
ഒരു മള്‍ട്ടിനാഷണല്‍ കമ്പനി ലോക വിപണിയില്‍ ഒരു ഉത്പന്നം അവതരിപ്പിക്കുകയാണെന്ന് കരുതുക. അവരുടെ ബ്രോഷറും ഉത്പന്നത്തിന്റെ പാക്കേജിങ്ങുമൊക്കെ വിവിധ ഭാഷകളില്‍ തയ്യാറാക്കേണ്ടിവരും. ഇതിന് സ്ഥിരമായി ആളെ വയ്‌ക്കേണ്ട കാര്യമില്ലല്ലോ. അപ്പോള്‍ അത്തരം ജോലികള്‍ ഫ്രീലാന്‍സായി പരിഭാഷ നടത്തുന്നവരെ ഏല്‍പ്പിക്കും. മിക്കപ്പോഴും ട്രാന്‍സ്‌ലേഷന്‍ ഏജന്‍സികളെയാവും കമ്പനികള്‍ സമീപിക്കുക. ബ്രഡ് മുതല്‍ ട്രക്ക് വരെ എത്രയെത്ര ഉത്പന്നങ്ങളാണ് ഓരോ ദിവസവും വിപണിയിലെത്തുന്നത്.

മൈക്രോസോഫ്റ്റും യാഹുവും ഗൂഗൂളും എംഎസ്എന്നും വരെ പ്രാദേശികവത്കരണത്തിലേക്ക് നീങ്ങുകയാണ്. ഇതൊക്കെ വലിയ അവസരമാണ് തുറന്നുതരുന്നത്.

സാഹിത്യവാസനയുള്ളവര്‍ക്ക് പുസ്തകപ്രസാധകര്‍ക്ക് വേണ്ടി പരിഭാഷാജോലികള്‍ ചെയ്തുകൊടുക്കാം.

പരിഭാഷാ ജോലികള്‍ കിട്ടാന്‍
ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, നോയ്ഡ എന്നിവിടങ്ങളൊക്കെ കേന്ദ്രീകരിച്ച് നിരവധി ട്രാന്‍സ്‌ലേഷന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രാന്‍സ്‌ലേഷന്‍ കഫേ, ട്രാന്‍സ്‌ലേഷന്‍ ബേസ്, പ്രോസ് തുടങ്ങി ട്രാന്‍സ്‌ലേഷന്‍ നെറ്റ്‌വര്‍ക്കുകളുമുണ്ട്. ഇവയുടെ വെബ്‌സൈറ്റുകളില്‍ ട്രാന്‍സ്‌ലേറ്റര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

എന്തിനെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ജനങ്ങള്‍ക്ക് അവരവരുടെ ഭാഷയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍, നാഷണല്‍ ട്രാന്‍സ്‌ലേഷന്‍ മിഷന്‍ (എന്‍ടിഎം) എന്ന ഉദ്യമത്തിന് തുടക്കമിട്ടുണ്ട്. എന്‍ടിഎമ്മിലും ഫ്രീലാന്‍സ് ട്രാന്‍സ്‌ലേറ്റര്‍മാര്‍ക്ക് അവസരമുണ്ട്. എന്‍ടിഎമ്മിന്റെ വെബ്‌സൈറ്റിലെത്തി (www.ntm.org.in) പേര് രജിസ്റ്റര്‍ ചെയ്യാം.

ഗൗരവമുള്ള ജോലി
പരിഭാഷ എന്ന പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് വിചാരിക്കരുത്. നിങ്ങളുടെ പരിഭാഷ പരിശോധിക്കാന്‍ ഭാഷാവിദഗ്ധരുടെ സംഘമുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പരിഭാഷ തൃപ്തികരമല്ലെങ്കില്‍ ചില്ലികാശ് പോലും കിട്ടില്ല. ചെയ്ത ജോലിയൊക്കെ വെറുതേയാവും. അതിനാല്‍ വളരെ ഗൗരവത്തോടെയാണ് ഈ പ്രവൃത്തിയെ കാണാന്‍.

Mathrubhumi

No comments:

Post a Comment