Saturday, December 11, 2010

ദിവസവും മൂന്നുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍



ദിവസവും മൂന്നുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതായി, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ചുമതലയുള്ള ഗൂഗിള്‍ വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിന്‍ ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ആഗസ്തില്‍ ഇത് രണ്ടു ലക്ഷമായിരുന്നു, ഒക്ടോബറില്‍ രണ്ടര ലക്ഷവും. ആന്‍ഡ്രോയിഡിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ച വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമാണ്. ഒന്ന് വിപണി വിഹിതത്തില്‍ നോക്കിയ ഉപയോഗിക്കുന്ന സിമ്പയനും ആന്‍ഡ്രോയിഡുമായുള്ള അന്തരം കുറയുന്നു. രണ്ട് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ iOS ന് ഏതാണ്ട് ഒപ്പമെത്തിയിരിക്കുന്നു, രണ്ടുവര്‍ഷം മുമ്പ് മാത്രം രംഗത്തെത്തിയ ആന്‍ഡ്രോയിഡ്. ഒക്ടോബറിലെ കണക്ക് പ്രകാരം ദിവസം 270,000 ഐഫോണുകളാണ് ആപ്പിള്‍ ആക്ടിവേറ്റ് ചെയ്തിരുന്നത്.

വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് ആന്‍ഡ്രോയിഡ് സൗജന്യമായാണ് ഗൂഗിള്‍ നല്‍കുന്നത്. അതിനാല്‍, ആന്‍ഡ്രോയിഡ് ആക്ടിവേഷന്റെ വ്യാപ്തി വര്‍ധിച്ചാലും സോഫ്ട്‌വേറില്‍ നിന്ന് ഗൂഗിളിന് പ്രത്യേകിച്ച് വരുമാനമൊന്നും ലഭിക്കില്ല. അതേസമയം, ഐഫോണ്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതുമെല്ലാം ആപ്പിള്‍ കമ്പനി തന്നെയാണ്. അതിനാല്‍, ലാഭവും കമ്പനിക്ക് തന്നെയാണ്.

ആന്‍ഡ്രോയിഡിന്റെ വിപണി വിഹിതം വര്‍ധിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ഗൂഗിളിന്റെ ലക്ഷ്യം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ ഡിസ്‌പ്ലേ പരസ്യങ്ങള്‍ വഴി വരുമാനം നേടാനാണ് കമ്പനിയുടെ ഉദ്ദേശം. ഭാവിയില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് ആന്‍ഡ്രോയിഡ് വഴിയാണ് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാല്‍, ആന്‍ഡി റൂബില്‍ പുറത്തുവിട്ട കണക്കുകള്‍ അതിശയോക്തിപരമാണെന്ന് 'ആപ്പിള്‍ഇന്‍സൈഡര്‍' ബ്ലോഗ് 
പറയുന്നു. ആഗസ്തില്‍ ഗൂഗിള്‍ വെളിപ്പെടുത്തിയത് ദിവസവും രണ്ടുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ വീതം ആക്ടിവേറ്റ് ചെയ്യുന്നു എന്നാണ്. ഏതാനും ദിവസം മുമ്പ് കമ്പനി പുറത്തുവിട്ട കണക്ക് പറയുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടി 15 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്തു എന്നാണ്. എന്നുവെച്ചാല്‍ ദിവസവും 214000 ഫോണുകള്‍. ദിവസവും മൂന്നുലക്ഷം ആക്ടിവേറ്റ് ചെയ്തിരുന്നെങ്കില്‍, ആഴ്ചക്കണക്ക് 21 ലക്ഷം ആകേണ്ടിയിരുന്നുവെന്നും ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഒരുകാര്യം വ്യക്തം. ഇന്നത്തെ നിലയ്ക്ക് ഐഫോണിനും സിമ്പിയാനും ഇനി അധികകാലം ആന്‍ഡ്രോയിഡിന് മുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. അമേരിക്കയിലും യൂറോപ്പിലും ഐഫോണ്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിലും, ഇന്ത്യയെപ്പോലുള്ള വലിയ മൊബൈല്‍ വിപണികളില്‍ ഇതുവരെ ഒരു ചലനവും സൃഷ്ടിക്കാന്‍ ഐഫോണിന് കഴിഞ്ഞിട്ടില്ല. അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകള്‍ ലോകത്തെല്ലായിടത്തും ജനപ്രീതി നേടുകയും ചെയ്യുന്നു.

Mathrubhumi

No comments:

Post a Comment