Tuesday, December 21, 2010

ഗൂഗിള്‍ ടിവി വൈകും


തങ്ങളുടെ സോഫ്ട്‌വേര്‍ ഉപയോഗിക്കുന്ന ടിവി സെറ്റുകള്‍ വിപണിയിലെത്തിക്കുന്നത് നീട്ടിവെയ്ക്കാന്‍ നിര്‍മാതാക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ടെലിവിഷന്‍ എന്ന മാധ്യമത്തെ ഇന്റര്‍നെറ്റുമായി സമ്മേളിപ്പിക്കാന്‍ ഉദ്ദേശിച്ച് ഗൂഗിള്‍ അവതരിപ്പിച്ച സങ്കേതമാണ് ഗൂഗിള്‍ ടിവി. ആ സങ്കേതം ഉപയോഗിച്ചുള്ള ആദ്യ ടെലിവിഷന്‍ സെറ്റ്, സോണി കമ്പനിയും ലോഗിടെകും ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയില്‍ പുറത്തിറക്കിയിരുന്നു.

ഗൂഗിള്‍ ടിവിയെക്കുറിച്ച് മോശം അവലോകനങ്ങള്‍ വന്നതും, ചില കേബിളുകള്‍ ഗൂഗിള്‍ ടിവിക്ക് ഉള്ളടക്കം നല്‍കുന്നത് തടഞ്ഞതുമാണ് ഇത്തരമൊരു നിര്‍ദേശത്തിന് പിന്നിലെന്ന്,  'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഇക്കാര്യത്തെപ്പറ്റി ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

ടിവിയില്‍ തന്നെ സെര്‍ച്ചിങ് സാധ്യമാക്കാനും അതുവഴി ഇന്റര്‍നെറ്റിനെയും ടിവിയെയും സമ്മേളിപ്പിക്കാനുമുദ്ദേശിച്ചാണ് ഗൂഗിള്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. സാംസങ് ഉള്‍പ്പടെ ഒട്ടേറെ കമ്പനികള്‍ ഗൂഗിള്‍ സങ്കേതം ഉപയോഗിച്ചുള്ള ടിവി സെറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, അക്കാര്യം നീട്ടി വെയ്ക്കാന്‍ ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഗൂഗിള്‍ ടിവിയുടെ ഉപയോഗം കരുതിയതിലും കൂടുതല്‍ സങ്കീര്‍ണമാണ് എന്ന് ചില വിവര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്റല്‍ കോര്‍പ്പറേഷനാണ് ഗൂഗിള്‍ ടിവിക്കുള്ള ചിപ്പ് നിര്‍മിക്കുന്നത്. ടിവിയില്‍ നെറ്റ് ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന വയര്‍ലെസ്സ് കീബോര്‍ഡ് നിര്‍മിക്കുന്നത് ലോഗിടെക്ക് കമ്പനിയാണ്.

Mathrubhumi

No comments:

Post a Comment