Thursday, March 4, 2010

പാസ്‌വേഡുകളുടെ രഹസ്യങ്ങളിലേക്ക്‌






ആരോടും പറയാതെ നമ്മളോരോരുത്തരും കാത്തുസൂക്ഷിക്കുന്ന പരമരഹസ്യമെന്താകും? പാസ്‌വേഡുകള്‍ എന്നതുതന്നെ ഉത്തരം. ലോകം ഇ-ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് ഓരോ വ്യക്തിയുടെയും മനസ്സില്‍ ഇ-മെയില്‍ ഐ.ഡി.കളുടേതുള്‍പ്പെടെ ഒന്നിലധികം പാസ്‌വേഡുകളുണ്ടാകുമെന്നുറപ്പ്. ഒരുമ്പെട്ടിറങ്ങിയ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ക്ക് ആ പാസ്‌വേഡ് കണ്ടെത്തി നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാന്‍ നിമിഷങ്ങള്‍ മാത്രം മതി.

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന പത്തു പാസ്‌വേഡുകള്‍ പുറത്തുവിട്ടുകൊണ്ട് ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ ഇംപെര്‍വ ഇതുസംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തെണ്ണമുള്ള പാസ്‌വേഡ് പട്ടികയിലെ ഏതെങ്കിലുമൊന്നാകും മിക്കവരും ഉപയോഗിക്കുകയെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നു. 32 ദശലക്ഷം പാസ്‌വേഡുകള്‍ പരിശോധിച്ചശേഷമാണ് ഇംപെര്‍വ ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.

ഇംപെര്‍വയുടെ നിഗമനപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാസ്‌വേഡ് 123456 എന്ന സംഖ്യയാണ്. രണ്ടാം സ്ഥാനത്ത് 12345 എന്ന സംഖ്യയൂം. 123456789 എന്ന സംഖ്യയാണ് പാസ്‌വേഡ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. password എന്ന ഇംഗ്ലീഷ് വാക്കു തന്നെ പാസ്‌വേഡായി ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഈ വാക്ക് പട്ടികയിലെ നാലാം സ്ഥാനത്ത് ഇടംപിടിക്കുന്നു. iloveyou, princess, rockyou എന്നീ വാക്കുകളാണ് അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. എട്ടാം സ്ഥാനത്ത് വീണ്ടും ചില അക്കങ്ങളാണ്, 1234567. ഒന്‍പതാം സ്ഥാനത്തും 12345678 എന്ന സംഖ്യ. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമായ abc123 എന്നതാണ് പാസ്‌വേഡ് പട്ടികയിലെ പത്താം സ്ഥാനക്കാരന്‍.

''ഏത് ഹാക്കര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നവയാണ് ഈ പാസ്‌വേഡുകള്‍. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇതു മാറ്റുന്നതാണ് ബുദ്ധി''- ഇംപെര്‍വ ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിച്ചയ് ഷുല്‍മാന്‍ മുന്നറിയിപ്പു നല്‍കുന്നു. അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മിശ്രിതമാണ് സുരക്ഷിതമായ പാസ്‌വേഡെന്ന് അദ്ദേഹം പറയുന്നു. അതില്‍ കാപ്പിറ്റല്‍ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കാം. എട്ടക്ഷരങ്ങളില്‍ കൂടുതലുള്ളവയാണ് ചെറിയ പാസ്‌വേഡുകളേക്കാള്‍ നല്ലതെന്നും ഷുല്‍മാന്‍ അഭിപ്രായപ്പെടുന്നുണ്ട്.

പാസ്‌വേഡുകളെക്കുറിച്ച് ഇത്ര ആധികാരികമായി പറയാന്‍ ഇംപെര്‍വയ്ക്ക് എവിടെനിന്നു വിവരം കിട്ടിയെന്നറിയുമ്പോഴേ ഹാക്കിങ്ങിന്റെ ഭീകരത വ്യക്തമാകൂ. അമേരിക്കയിലെ ജനപ്രിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റായ 'റോക്ക്‌യു'വില്‍ ഈയിടെ സൈബര്‍ ആക്രമണം നടന്നിരുന്നു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 32 ദശലക്ഷം ആളുകളുടെയും പാസ്‌വേഡുകള്‍ കണ്ടെത്തിക്കൊണ്ടാണ് ഹാക്കര്‍മാര്‍ നാശം വിതച്ചത്. അങ്ങനെ വെളിവാക്കപ്പെട്ട പാസ്‌വേഡുകള്‍ വിശകലനം ചെയ്താണ് ഇംപെര്‍വ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പത്തു പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടത്. 

ഫോട്ടോ എഡിറ്റിങ് സൈറ്റ് ഗൂഗിള്‍ സ്വന്തമാക്കി





മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ കമ്പനിയെ ഗൂഗിള്‍ സ്വന്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് സിയാറ്റില്‍ കേന്ദ്രമായി ആരംഭിച്ച ഫോട്ടോ എഡിറ്റിങ് സൈറ്റായ 'പിക്‌നിക്' (Picnik) ആണ് ഗൂഗിള്‍ ഒടുവില്‍ വാങ്ങി സ്വന്തം കുടക്കീഴിലാക്കിയത്.


പിക്‌നിക്കിന്റെ 20-അംഗ സംഘം ഇനി ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഫോട്ടോഷെയറിങ് സര്‍വീസായ 'പിക്കാസ' (Picasa) മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകും. എത്ര മുതല്‍ മുടക്കിലാണ് പിക്‌നിക് കമ്പനി സ്വന്തമാക്കിയതെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയില്ല.

2009 സപ്തംബറിന് ശേഷം ഗൂഗിള്‍ എട്ടു കമ്പനികളെ സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല, ഗൂഗിള്‍ ബസ് (Google buzz) എന്ന സൗഹൃദക്കൂട്ടായ്മ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) ജിമെയിലിന്റെ ഭാഗമായി രംഗത്തെത്തിക്കുകയും ചെയ്തു. ചൈനയില്‍ നിന്ന് പിന്‍മാറുമെന്ന് ഗൂഗിള്‍ ഭീഷണി മുഴക്കിയതും ഈ കാലയളവിലാണ്.

സെര്‍ച്ച് എന്‍ജിനായ 'ആര്‍ഡ്‌വാര്‍ക്' (Aardvark), മൊബൈല്‍ ഇ-മെയില്‍ സര്‍വീസ് നടത്തുന്ന 'റീമെയില്‍' (reMail) എന്നീ കമ്പനികളെ ഗൂഗിള്‍ അതിന്റെ കൈപ്പിടിയിലാക്കിയത് കഴിഞ്ഞ മാസമാണ്.

മാത്രമല്ല, സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് ഓപ്ടിക്കല്‍ കണക്ഷന്‍ അമേരിക്കന്‍ ഭവനങ്ങളിലെത്തിക്കാനുള്ള പദ്ധതിയും ഗൂഗിള്‍ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി.

മാസത്തില്‍ ഒരു ചെറിയ കമ്പനിയെ വീതം സ്വന്തമാക്കുകയെന്ന രീതി ഗൂഗിള്‍ വീണ്ടും നടപ്പാക്കാന്‍ പോകുന്നു എന്ന് കമ്പനി മേധാവി എറിക് ഷിമിഡ്ത് പറഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്.

ഇന്ന് ഗൂഗിളിന്റെ ഭാഗമായി മാറിയിട്ടുള്ള ഒട്ടേറെ സര്‍വീസുകള്‍ ഇത്തരത്തില്‍ വാങ്ങി കമ്പനി സ്വന്തം കുടക്കീഴിലാക്കിയവയാണ്. യുടൂബ്, ബ്ലോഗര്‍ തുടങ്ങിയവ ഉദാഹരണം.

ഒപ്പേറ 10.50 എത്തി





വിന്‍ഡോസ് കമ്പ്യൂട്ടറുകളിലെ ഏറ്റവും വേഗമേറിയ ബ്രൗസര്‍ എന്ന അവകാശവാദവുമായി ഒപ്പേറ 10.50 പുറത്തിറങ്ങി. സ്വകാര്യ ബ്രൗസിംഗ് ഉള്‍പ്പടെ ഒട്ടെറെ സവിശേഷതകളുമായാണ് പരിഷ്‌കരിച്ച രൂപകല്‍പനയോടെ ഒപ്പേറ എത്തിയിരിക്കുന്നത്.


പരമ്പരാഗത രീതിയിലെ മെനു ബാറിനെ അപ്പാടെ മാറ്റിമറിച്ചുള്ള സംവിധാനമാണ് ഈ ബ്രൗസറില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ജാവാ സ്‌ക്രിപ്റ്റ് എഞ്ചിനായ 'കാരകനു'ം ഗ്രാഫിക് ലൈബ്രറിയായ 'വേഗ'യും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സൈറ്റുകള്‍ ലോഡ് ചെയ്തുവരാനായുള്ള കാത്തിരിപ്പ് ഒഴിവാക്കാമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

പ്രൈവറ്റ് ബ്രൗസിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത് ഒഴിവാക്കാം. സ്വകാര്യ ബ്രൗസിംഗ് പുതിയ വിന്‍ഡോയിലോ അല്ലെങ്കില്‍ ടാബിലോ ചെയ്യാനുമാകും.വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 മുതലായവ ഉപയോഗിക്കുന്നവര്‍ക്കായി ഏറോ ഗ്ലാസ്സ് സാധ്യമാക്കിയിട്ടുണ്ട്. ഒപ്പം എയ്‌റോ പീക്ക്, ജംപ് ലിസ്റ്റ് എന്നിവയെ ഒപ്പേറ 10.50 പിന്തുണയ്ക്കും. അതുകൊണ്ടുതന്നെ ടാസ്‌ക്ബാറിലെ സ്​പീഡ് ഡയല്‍സ്, ടാബുകള്‍ തുടങ്ങിയവയിലൊക്കെ വളരെ വേഗത്തില്‍ എത്താനുമാകും.

ഒപ്പേറ ടര്‍ബോ, ഒപ്പേറ യൂണൈറ്റ്, ഒപ്പേറ ലിങ്ക് ന്നെിവയൊക്കെ ഒപ്പേറ 10.50 ന്റെ മാത്രം സവിശേഷതകളാണെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. വെബ് ഡിസൈനര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തില്‍ എച്ച് ടി എം എല്‍ 5, സി എസ് എസ് 3 എന്നിവ ഒപ്പേറ 10.50-ല്‍ സാധ്യമാക്കിയിട്ടുണ്ട്.

നിലവില്‍ 42 ഭാഷകളിലായി വിന്‍ഡോസിനു മാത്രമായിട്ടായിരിക്കും ഒപ്പേറ 10.50 ലഭ്യമാവുക. മാക്, ലിനക്‌സ് എന്നിവയ്ക്കു വേണ്ടി ഇത് ഉടന്‍ തയ്യാറാവും. ഒപ്പേറ 10.50 സൗജന്യമായി 
www.opera.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ക്രെഡിറ്റ് കാര്‍ഡ് പരിധി വെട്ടിക്കുറച്ചോ?




ക്രെഡിറ്റ് കാര്‍ഡില്‍ കുടിശ്ശിക വരുത്തിയ തുക അടച്ചു തീര്‍ത്തെന്ന ആശ്വാസത്തിലാണോ? വരട്ടെ. നിങ്ങളുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ചെന്നു കാട്ടി ദിവസങ്ങള്‍ക്കകം ബാങ്കില്‍ നിന്നു സന്ദേശം വന്നേക്കാം. കുടിശ്ശിക തീര്‍ത്തിട്ടും നടപടിയോ എന്നാണെങ്കില്‍ അതെ. ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ നടപടികള്‍ കര്‍ശനമാക്കുകയാണ് പല ബാങ്കുകളും.ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനും ഉള്ളവരുടേത് കൃത്യമായി നിരീക്ഷിക്കുന്നതിനും ബാങ്കുകള്‍ പരിഗണിക്കുന്ന ഘടകങ്ങള്‍ ഇതാ:

ഉപയോഗിക്കാത്ത കാര്‍ഡുകള്‍

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയശേഷം അത് ഉപയോഗിക്കാതെ വയ്ക്കുകയാണെങ്കില്‍ അതു നിങ്ങളെക്കുറിച്ചുള്ള മതിപ്പു കുറയ്ക്കാനിടയാക്കും. കാര്‍ഡ് ഉപയോഗിക്കാതെ വെച്ചിരുന്നാല്‍ അത് ഈ മേഖലയിലുണ്ടാവേണ്ട ലാഭത്തെ ബാധിക്കും.

ഉപയോഗരീതി

ഉപയോഗിക്കാത്ത കാര്‍ഡു കഴിഞ്ഞാല്‍ ബാങ്കുകള്‍ പരിഗണിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകമിതാണ്. സുപ്രധാന പണം ഇടപാടുകള്‍ക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരെ വളരെയേറെ റിസ്‌കിയായി കണക്കാക്കും.

ക്രെഡിറ്റ് പരിധി ഉപയോഗം

തുടര്‍ച്ചയായി നീണ്ട കാലം തന്റെ ക്രെഡിറ്റ് പരിധി ഭാഗികമായേ ഒരാള്‍ ഉപയോഗിക്കുന്നുള്ളൂവെങ്കില്‍ ആ പരിധി കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കും. ക്രെഡിറ്റ് പരിധിയ്ക്കനുസരിച്ച് ബാങ്ക് പണം തരണമെന്നാണു വ്യവസ്ഥ. അതിനാല്‍ ഉപഭോക്താവ് ഉയര്‍ന്ന പരിധി ഉപയോഗിക്കണമെന്നവര്‍ കരുതുന്നു.

ഒന്നിലേറെ കാര്‍ഡുകള്‍

ഒന്നിലേറെ കാര്‍ഡ് കൈവശം വെയ്ക്കുകയും എല്ലാ കാര്‍ഡുകളും തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യുന്നയാളാണെങ്കില്‍ ആ ഉപഭോക്താവിനെ 'റിക്‌സി' യായാണു ബാങ്കു കാണുക.

തൊഴില്‍ സ്ഥിതി

ശമ്പളക്കാരനായ ഒരാളേക്കാള്‍ സ്വയം തൊഴില്‍ സംരംഭത്തിലേര്‍പ്പെട്ടയാള്‍ തുക തിരിച്ചടയ്ക്കാതിരിക്കാന്‍ സാധ്യത കൂടുതലാണെന്ന് ബാങ്കുകള്‍ കരുതുന്നു. സ്ഥിര വരുമാനക്കാരില്‍ തന്നെ സ്ഥാപനത്തിന്റെ പേരും സ്ഥിതിയും പരിഗണിക്കും.

തുകയടയ്ക്കല്‍ നീട്ടി വച്ചാല്‍

അടയേ്ക്കണ്ട തുക പല തവണ അവധി പറഞ്ഞു മാറ്റുകയോ വളരെ ചെറിയ തുക മാത്രം അടയ്ക്കുകയോ ചെയ്താല്‍ വായ്പ തിരിച്ചടയ്ക്കാന്‍ പ്രാപ്തിയില്ലാത്തയാളെന്ന് ബാങ്ക് നിങ്ങളെ വിലയിരുത്തും.



ഒരു കാര്‍ഡില്‍ കുടിശ്ശിക വന്നാല്‍
മറ്റുള്ളവ ബ്ലോക്ക് ചെയ്യും



രണ്ടോ അതിലധികമോ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നയാള്‍ ഏതെങ്കിലുമൊന്നില്‍ കുടിശ്ശിക വരുത്തിയാല്‍ മറ്റെല്ലാ കാര്‍ഡുകളും ബ്ലോക്ക്‌ചെയ്യാന്‍ ഐസിഐസിഐ ബാങ്ക് ഒരുങ്ങുന്നു.


ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡുള്ള അക്കൗണ്ടുകളില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താത്കാലികമായി പിന്‍വലിക്കാനും ബാങ്കിന് അധികാരമുണ്ടാവും.
ക്രെഡിറ്റ് കാര്‍ഡ് വഴി ഉണ്ടായേക്കാവുന്ന നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. 90 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്ന ബാങ്ക് അത് 60 ലക്ഷമായി കുറച്ചുകഴിഞ്ഞു. രാജ്യത്തെ സ്വകാര്യമേഖലയിലെ ഏറ്റവും വലുതും ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചിട്ടുള്ളതുമായ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കും സിറ്റി ബാങ്കും ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്നതില്‍ ഈ രീതി നേരത്തേ തുടങ്ങിയിട്ടുണ്ട്.

ബാങ്ക് ഇടപാടില്‍ കീശ ചോരല്ലേ...




ബാങ്ക് നിക്ഷേപം സുരക്ഷിതവും സൗകര്യപ്രദവുമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകളില്‍ ചുമത്തുന്ന 'ചാര്‍ജുകള്‍' കീശ ചോര്‍ത്തും. ബാങ്കുകള്‍ തമ്മിലുള്ള മത്സരവും ചെലവ് ചുരുക്കലും ഒപ്പം വരുമാനം കൂട്ടാനുള്ള തന്ത്രങ്ങളും ഏറെ ബാധിക്കുന്നത് ബാങ്കിടപാടുകാരെയാണ്.

നിക്ഷേപം നടത്തിയിട്ടുള്ളവരെയും വായ്പയെടുത്തവരെയും ഒരുപോലെ ബാധിക്കുന്നതാണ് വര്‍ധിക്കുന്ന 'ബാങ്ക് ചാര്‍ജുകള്‍'. പലരും ശ്രദ്ധിക്കാതെ പോകുന്നതിനാല്‍ പരാതികള്‍ കുറവാണ്. അക്കൗണ്ടില്‍നിന്നും നേരിട്ട് കുറവ് ചെയ്യുന്നതിനാല്‍ പലരും ശ്രദ്ധിച്ചെന്നും വരില്ല.

ഒരു പ്രമുഖ ബാങ്കിലെ അക്കൗണ്ട് ഉടമയ്ക്കുണ്ടായ അനുഭവം തന്നെ ഉദാഹരണം. 5000 രൂപ നിക്ഷേപിച്ച് സേവിങ്‌സ് അക്കൗണ്ട് തുടങ്ങി. മറ്റ് ഇടപാടുകളൊന്നും നടത്തിയില്ല. ആറുമാസം കഴിഞ്ഞ് ബാങ്ക് സ്റ്റേറ്റ്‌മെന്റ് കിട്ടിയപ്പോള്‍ ബാക്കി 3250 രൂപ മാത്രം. കൂടുതല്‍ തിരക്കിയപ്പോഴാണ് അറിയുന്നത് ചെക്ക് ബുക്കിന് 250 രൂപ ആദ്യമേ എടുത്തു. അത് കഴിഞ്ഞപ്പോള്‍ നിക്ഷേപം മിനിമം ബാലന്‍സിന് താഴെ. അതിന് ചാര്‍ജ് 750 രൂപ വീതം രണ്ടുതവണ എടുത്തിരിക്കുന്നു. മൊത്തം അക്കൗണ്ട് തുടങ്ങി ഒരു ഇടപാടും നടത്താതെ നഷ്ടം 1750 രൂപ. ബാക്കി വന്നത് 3250 രൂപ മാത്രം. രണ്ടുവര്‍ഷം ഇത് തുടര്‍ന്നാല്‍ ബാങ്കിന് ഇനി വേറെ കൊടുക്കണം. ഇത്തരത്തില്‍ ചാര്‍ജുകള്‍ വരാവുന്ന ഇടപാടുകള്‍ നിരവധിയാണ്.

* ചെക്ക് ബുക്ക് വീണ്ടും ആവശ്യപ്പെടുക.
* മിനിമം ബാലന്‍സിന് താഴെ എത്തുക.
* കളക്ഷന് നല്‍കിയ ചെക്ക് നല്‍കിയത് മടങ്ങിവരിക.
* ഇ.സി.എസ്. മുടക്കം വരുന്ന അവസ്ഥ.
* സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക.
* ബാങ്ക് സ്റ്റേറ്റ്‌മെന്റ് വേണ്ടിവന്നാല്‍
* ബ്രാഞ്ചില്‍ നേരിട്ട് ചെന്ന് പണമിടപാട് നടത്തുക.
* ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കുക.
* എസ്.എം.എസ്. സേവനം നല്‍കുക.
* 'ഹോം ബാങ്കിങ്' സേവനം ഉപയോഗപ്പെടുത്തുക.
* അക്കൗണ്ട് ക്ലോസ് ചെയ്യുക.
* അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുക.
*' പിന്‍' നമ്പര്‍ മാറ്റാന്‍ ആവശ്യപ്പെടുക.
* അക്കൗണ്ട് 'നോണ്‍-ഓപ്പറേറ്റിങ്' ആയിത്തീരുക.
* 'കോര്‍ ബാങ്കിങ്' സേവനം ഉപയോഗപ്പെടുത്തുക.
* എ.ടി.എം. വാര്‍ഷിക ചാര്‍ജ് തുടങ്ങിയവയാണ്.

പല ബാങ്കുകളും പല തരത്തിലാണ് ഇത്തരം ചാര്‍ജുകള്‍ അക്കൗണ്ടില്‍നിന്നും ഈടാക്കുന്നത്.
ഇത്തരത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

* മിനിമം ബാലന്‍സ് വേണ്ട അക്കൗണ്ടുണ്ടെങ്കില്‍ അത് കുറവ് വരാതെ ശ്രദ്ധിക്കണം.
* ചെക്ക് ലീഫുകള്‍ ആവശ്യത്തിന് മാത്രം ശ്രദ്ധിച്ച് ഉപയോഗിക്കുക.
* ചെക്ക് നല്‍കുന്നതും സ്വീകരിച്ച് കളക്ഷന് നല്‍കുന്നതും ശ്രദ്ധിച്ച് തന്നെ ചെയ്യുക.
* അധികചാര്‍ജുകള്‍ വരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കുക.
* ആവശ്യമുള്ളതും ഉപയോഗപ്പെടുത്തുന്നതുമായ സേവനങ്ങള്‍ മാത്രം ഉപയോഗിക്കുക.
* 'പിന്‍' നമ്പര്‍ മുതലായവ വളരെ രഹസ്യമായി സൂക്ഷിക്കുക.
* സേവിങ്‌സ് അക്കൗണ്ടില്‍ പലിശ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
* ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ എത്രയും വേഗം 'ക്ലോസ്' ചെയ്യണം.
* അക്കൗണ്ടിലെ 'ക്രെഡിറ്റ്', 'ഡെബിറ്റ്', 'ബാലന്‍സ്' എന്നിവ ശ്രദ്ധിക്കുക.

ബാങ്കിടപാടുകളില്‍ ബാങ്കിനെ കണ്ണുമടച്ച് വിശ്വസിക്കാന്‍ വരട്ടെ. പകരം ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പാസ് ബുക്ക് സ്ഥിരമായി പരിശോധിക്കുക തന്നെ ചെയ്യണം.

പ്രണയം




മൌനത്തെകൊണ്ടു പാടിക്കുന്ന-
മായജാലമാണു പ്രണയം.
കാറ്റും കടലും നിലാവും കിനാവും-
അങനെ എന്തെല്ലാമാണു പ്രണയം
പ്രണയം ചിലപ്പോള്‍ മഴപോലെ-
നെഞ്ചില്‍ തിമിര്‍ത്തു പെയ്യും
മറ്റുചിലപ്പോള്‍ എരിയുന്ന-
കനലായി നെഞ്ചില്‍ കിടക്കും
കരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-
താലോലിച്ച മയില്‍പ്പീലിത്തുണ്ടുകള്‍
നിനക്കായി നല്‍കുവാന്‍.
പറയാതെ പ്രണയം-
മനസ്സില്‍ കൊണ്ടുനടന്നിട്ടുണ്ട്
മറ്റുചിലപ്പോള്‍ അറിയിച്ചിട്ടും-
അറിയാത്ത ഭാവത്തില്‍ അകന്നു പൊയി
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുകയാണു-
മറുപടികള്‍ ആഗ്രഹിക്കാതെ
മറ്റൊന്നും മോഹിക്കാതെ...
butterfly,deep