Friday, December 17, 2010

വിക്കിലീക്ക്‌സിന് ബദല്‍ വരുന്നു- 'ഓപ്പണ്‍ലീക്ക്‌സ്'






വിക്കിലീക്ക്‌സിന് ബദലാകാന്‍ പുതിയൊരു സൈറ്റ് ആരംഭിക്കുന്നതായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ മുന്‍ ഡെപ്യൂട്ടി പ്രഖ്യാപിച്ചു. 'ഓപ്പണ്‍ലീക്ക്‌സ്'
(
www.openleaks.org) എന്ന് പേരിട്ടിരിട്ടിട്ടുള്ള പുതിയ സര്‍വീസ് കൂടുതല്‍ സുതാര്യമായിരിക്കുമെന്ന്, വിക്കിലീക്ക്‌സിലെ രണ്ടാംസ്ഥാനക്കാരനായിരുന്ന ഡാനിയേല്‍ ഡോംഷെയ്റ്റ്-ബെര്‍ഗ് അറിയിച്ചു.
അമേരിക്കന്‍ എംബസികളയച്ച ലക്ഷക്കണക്കിന് രഹസ്യരേഖകള്‍ പരസ്യപ്പെടുത്തുക വഴി വിക്കീലീക്ക്‌സും സ്ഥാപകന്‍ അസാഞ്ജും അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടി നേരിടുന്ന സമയത്താണ്, ബദല്‍ സൈറ്റുമായി അസാഞ്ജിന്റെ മുന്‍സഹായി രംഗത്തെത്തുന്നത്. ലൈംഗീകക്കുറ്റത്തിന് അസാഞ്ജ് ഇപ്പോള്‍ ബ്രിട്ടനില്‍ അറസ്റ്റിലാണ്.

പുതിയ സൈറ്റിന്റെ അഡ്രസില്‍ ഇപ്പോള്‍ ചെന്നാല്‍ അതിന്റെ ലോഗോ മാത്രമേ കാണൂ....'Coming soon!' എന്ന സന്ദേശവുമുണ്ട്. എന്നാല്‍, ഇതെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഒരു ടെക്‌നോളജി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡോംഷെയ്റ്റ്-ബെര്‍ഗ് തയ്യാറായില്ല.


എന്തുകൊണ്ട് താന്‍ വിക്കിലീക്ക്‌സുമായി തെറ്റിപ്പിരിഞ്ഞു എന്നും അദ്ദേഹം വിശദീകരിച്ചില്ല. അഭിപ്രായ വ്യത്യാസം മൂലം അസാഞ്ജുമായി തെറ്റിപ്പിരിഞ്ഞ മറ്റ് പ്രവര്‍ത്തകരും പുതിയ സൈറ്റുമായി സഹകരിക്കുന്നുണ്ട്.

'കഴിഞ്ഞ കുറെ മാസങ്ങളായി ആ സംഘടന തുറന്ന സ്വഭാവമുള്ള ഒന്നല്ല, ഓപ്പണ്‍ സോഴ്‌സ് എന്ന വാഗ്ദാനം അതിന് നഷ്ടമായിരിക്കുന്നു'-വിക്കിലീക്ക്‌സിനെക്കുറിച്ച് ഡോംഷെയ്റ്റ്-ബെര്‍ഗ് പറഞ്ഞു. 'തെറ്റായ മാര്‍ഗമാണ് വിക്കിലീക്ക്‌സ് തുറക്കുന്നതെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്'-അദ്ദേഹം അഭിപ്രായപ്പെട്ടു.

ചോര്‍ന്നു കിട്ടുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വഴി തുറന്നു കൊടുക്കുകയാണ് ഓപ്പണ്‍ലീക്ക്‌സ് ചെയ്യുക, എന്നാല്‍ അതൊരു പ്രസാദകന്‍ ആവുകയില്ല-അദ്ദേഹം അറിയിച്ചു. തന്റെ സൈറ്റ് 2011 ആദ്യം പരീക്ഷണാര്‍ഥം പ്രവര്‍ത്തനം തുടങ്ങുമെന്നും, പൂര്‍ണാര്‍ഥത്തില്‍ പിന്നീട് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോംഷെയ്റ്റ്-ബെര്‍ഗ് പറഞ്ഞു.

ഓസ്‌ട്രേലിയക്കാരനായ അസാഞ്ജ് 2006 ലാണ് വിക്കിലീക്ക്‌സ് സ്ഥാപിച്ചത്. മുമ്പ് വിക്കിലീക്ക്‌സില്‍ അസാഞ്ജ് കഴിഞ്ഞാല്‍ ഡോംഷെയ്റ്റ്-ബെര്‍ഗ് ആയിരുന്നു പ്രധാനി. മുമ്പ് ജര്‍മന്‍ ഹാക്കര്‍ ഗ്രൂപ്പ് 'കയോസ് കമ്പ്യൂട്ടര്‍ ക്ലബ്ബി'ന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഡോംഷെയ്റ്റ്-ബെര്‍ഗ്. 
Mathrubhumi

No comments:

Post a Comment