Saturday, December 11, 2010

അതിശയിപ്പിക്കാന്‍ നോക്കിയ എക്‌സ് 5


ഒടുവില്‍ നോക്കിയ എക്‌സ് ഫൈവ് (X5) ഇന്ത്യയിലുമെത്തി. അഞ്ചുമാസം മുമ്പ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ ഫോണ്‍ ലഭിച്ചുതുടങ്ങിയത് ഇപ്പോഴാണ്. ടച്ച്‌സ്‌ക്രീനും ക്യുവെര്‍ട്ടി കീബോര്‍ഡും സ്‌ലൈഡറുമെല്ലാം ചേര്‍ന്നുള്ള സങ്കരമോഡലാണിത്. നോക്കിയ ഇ സീരീസ് സ്മാര്‍ട്‌ഫോണും എക്‌സ്​പ്രസ്മ്യൂസിക് ഫോണും ചേര്‍ന്നുണ്ടായ സങ്കരസന്തതിയെന്നും എക്‌സ് ഫൈവിനെ വിശേഷിപ്പിക്കുന്നവരുണ്ട്.

ഒരുപാട് പ്രത്യേകതകളുമായാണ് എക്‌സ് ഫൈവിന്റെ വരവ്. സ്മാര്‍ട്‌ഫോണുകള്‍ സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിനു വേണ്ടതെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ഫോണുകളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന നോക്കിയ വിശദമായ പഠനങ്ങള്‍ക്ക് ശേഷമിറക്കിയ മോഡലാണിത്.

2.36 ഇഞ്ച് ക്യൂ.വി.ജി.എ. ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീനുമുള്ള ഫോണ്‍ ചെരിഞ്ഞുതുറക്കുന്ന ഗ്ലൈഡിങ് രീതിയിലുള്ളതാണ്. ഫോണ്‍ തുറന്നാല്‍ ക്യൂവെര്‍ട്ടി കീബോര്‍ഡുമുണ്ട്. മിനുട്ടുതോറും എസ്.എം.എസ്. അയക്കുന്ന ചെറുപ്പക്കാര്‍ക്കറിയാം ക്യുവെര്‍ട്ടി കീബോര്‍ഡുകളുടെ മേന്മ. നോക്കിയയുടെ സ്വന്തമായ സിംബിയന്‍ ഒഎസ് 9.3 ആണിതിലെ ഓപേററ്റിങ് സിസ്റ്റം. വേഗത്തിലും കാര്യക്ഷമതയിലും ആന്‍ഡ്രോയ്ഡിനോട് കിടപിടിക്കുന്ന ഓപറേറ്റിങ് സിസ്റ്റം തന്നെയാണിത്.

കാള്‍ സെയ്‌സ് (Carl Zeiss) ലെന്‍േസാടു കൂടിയ അഞ്ചു മെഗാപിക്‌സല്‍ ക്യാമറയാണ് എക്‌സ് അഞ്ചിന്റെ പ്രധാന ആകര്‍ഷണം. നോക്കിയ ഫോണുകളില്‍ ഇതിനുമുമ്പും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ഈ ലെന്‍സുകള്‍. മികച്ച ചിത്രമേന്‍മ ഉറപ്പുവരുത്തുന്ന ലെന്‍സിനൊപ്പം നാല് എക്‌സ് ഡിജിറ്റല്‍ സൂമും എല്‍.ഇ.ഡി.ഫ്ലഷുമുണ്ട്. ഫോട്ടോഗ്രാഫി പ്രേമികളെ തൃപ്തിപ്പെടുത്താന്‍ ഇവ ധാരാളം മതി. ക്യാമറയ്ക്ക് നൈറ്റ് മോഡ് ഇല്ല എന്നൊക്കെ ചിലര്‍ പരാതി പറയുന്നുണ്ടെങ്കിലും വെട്ടമുള്ളിടത്ത് ഫോട്ടോെയടുക്കാന്‍ ഈ ഫോണ്‍ േകമനാണെന്ന് ഉപയോഗിച്ചവര്‍ പറയുന്നു.

'സര്‍പ്രൈസ് മി' എന്ന അപ്ലിക്കേഷനാണ് ഈ ഫോണിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതെന്ന് നോക്കിയ അവകാശപ്പെടുന്നുണ്ട്. മ്യൂസിക് പ്ലെയര്‍ ഓണ്‍ ചെയ്ത ശേഷം ഫോണൊന്നു കുലുക്കിയാല്‍ വേറൊരു പാട്ട് പാടിത്തുടങ്ങുന്ന അതിശയത്തിനാണ് 'സര്‍പ്രൈസ് മി' എന്നു പേരിട്ടിരിക്കുന്നത്. ഇന്‍ബോക്‌സില്‍ പുതിയ മെസേജുകള്‍ വന്നിട്ടുണ്ടോ എന്നറിയാനും ഫോണ്‍ കുലുക്കിനോക്കിയാല്‍ മതി. ഇതില്‍ വലിയ പുതുമയൊന്നുമില്ലെന്നും മോഷന്‍സെന്‍സര്‍ സാങ്കേതികവിദ്യ ചൈനീസ്‌ഫോണുകള്‍ എത്രയോ കാലം മുമ്പ് അവതരിപ്പിച്ചതാണെന്ന് വിമര്‍ശകര്‍ വാദമുന്നയിച്ചേക്കാം. വിമര്‍ശനങ്ങള്‍ക്ക് തല്‍ക്കാലം നോക്കിയ മറുപടിയൊന്നും പറഞ്ഞിട്ടില്ല.

200 എം.ബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിനൊപ്പം രണ്ട് ജി.ബി. ഡാറ്റ കാര്‍ഡ് സൗജന്യമായി നല്‍കുന്നു. നോക്കിയ അപ്ലിക്കേഷന്‍സ് വിപണനകേന്ദ്രമായ ഒവിസ്‌റ്റോര്‍സില്‍ നിന്ന് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷം കേള്‍ക്കാനുള്ള പാട്ടുകള്‍ ഒവിസ്‌റ്റോര്‍സില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് നോക്കിയയുടെ വാഗ്ദാനം. നമ്മുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പാട്ടുകള്‍ ക്രമീകരിച്ച് കേള്‍ക്കാനുള്ള സംവിധാനമായ 'പ്ലേലിസ്റ്റ് ഡിജെ' എന്ന പുത്തന്‍സംവിധാനവും ഫോണിലുണ്ട്.

ത്രീജി കണക്ടിവിറ്റി, ബ്ലൂടൂത്ത്, ൈവഫൈ സൗകര്യങ്ങളുമുണ്ട്. സദാസമയവും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മൈസ്‌പേസിലുമൊക്കെ തുടരാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും എക്‌സ് ഫൈവ് ഉറപ്പുനല്‍കുന്നു.

ടുജിയിലാണെങ്കില്‍ അഞ്ചു മണിക്കൂറും ത്രീജി ഉപയോഗിക്കുമ്പോള്‍ മൂന്നര മണിക്കൂറുമാണ് ബാറ്ററി ആയുസ്സ് നോക്കിയ ഉറപ്പ് നല്‍കുന്നത്. പതിനാറുദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും എക്‌സ് ഫൈവിന് നോക്കിയ അവകാശപ്പെടുന്നു. വില 10,499 രൂപ.


Mathrubhumi

No comments:

Post a Comment