കാത്തിരിപ്പുകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം (ക്രോം ഒഎസ്) അവതരിപ്പിക്കപ്പെട്ടു. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ഗൂഗിള്‍ അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടു. 'പേഴ്‌സണല്‍ കമ്പ്യൂട്ടിങ് അനുഭവത്തെ വെബ്ബിലേക്ക് പറിച്ചു നടാന്‍' ലക്ഷ്യമിടുന്നതാണ് ക്രോം ഒഎസ്. അതുപയോഗിക്കുന്ന ആദ്യ നോട്ട്ബുക്കുകള്‍ അടുത്ത വര്‍ഷം പകുതിയോടെ രംഗത്തെത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു.
ക്രോം ബ്രൗസറിന്റെ പിന്‍ബലത്തോടെയാണ് ഗൂഗിള്‍ അതിന്റെ ഒഎസ് രംഗത്തെത്തിക്കുന്നത്. ക്ലൗഡ് കമ്പ്യൂട്ടിങിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതാകും ഈ ഓപ്പറേറ്റിങ് സിസ്റ്റം. ലോകത്തെ അടക്കി വാഴുന്ന വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്ട് പുറത്തിറക്കിയിട്ട് 25 വര്‍ഷം തികയുന്ന സമയത്താണ്, വിന്‍ഡോസിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്ന് കരുതുന്ന ക്രോം ഒഎസ് രംഗത്തെത്തുന്നത്.
വിന്‍ഡോസിന്റെ കാര്യത്തില്‍, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്ന ബ്രൗസര്‍ പിന്നാലെ എത്തിയതാണ്. കാരണം 1985 ല്‍ വിന്‍ഡോസ് അവതരിപ്പിക്കപ്പെടുമ്പോള്‍ വേള്‍ഡ് വൈഡ് വെബ് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, അതില്‍ നിന്ന് വിരുദ്ധമായി ഒരു ബ്രൗസറിന്റെ പിന്‍ബലത്തിലാണ് ക്രോം ഒഎസ് അവതരിപ്പിക്കപ്പെടുന്നത്. ചരിത്രത്തില്‍ ആദ്യമാണ് ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഇത്തരത്തില്‍ രംഗത്തെത്തുന്നത്.
'ഓപ്പണ്‍ സോഴ്‌സ് ക്രോം പദ്ധതി ഗൂഗിള്‍ പ്രഖ്യാപിച്ചത് ഒരു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ 12 കോടി ഉപഭോക്താക്കള്‍ ക്രോം ഉപയോഗിക്കുന്നു. ക്രോമിന്റെ കാര്യത്തില്‍, വേഗം, ലാളിത്യം, സുരക്ഷ എന്നീക്കാര്യങ്ങള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കിയത്'-ഗൂഗിള്‍ പ്രതിനിധി സുന്ദര്‍ പിച്ചായി ക്രോം ഒഎസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പറഞ്ഞു.
2008 സപ്തംബറില്‍ രംഗത്തെത്തിയ ക്രോം ബ്രൗസര്‍ പൂജ്യത്തില്‍ നിന്നാണ് ഇന്നത്തെ പത്തു ശതമാനം വിപണി വിഹിതം എന്ന നിലയ്ക്ക് എത്തിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ഏഴ് കോടി പേരാണ് ക്രോം ഉപയോഗിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത് 12 കോടിയായി. ആറര മാസത്തിനിടെ 40 ശതമാനം വളര്‍ച്ച-സുന്ദര്‍ ചൂണ്ടിക്കാട്ടി.
ആളുകള്‍ ബ്രൗസറുകളിലും വെബ്ബിലുമാണ് ജീവിക്കുന്നത്....എന്നാല്‍ കമ്പ്യൂട്ടിങിലെ മുഖ്യഭാഗമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് വെബ്ബിലൊന്നും ചെയ്യാനില്ല. പേഴ്‌സണല്‍ കമ്പ്യൂട്ടിങ് അനുഭവത്തെ വെബ്ബിന് അനുഗുണമാം വിധം പുനര്‍വിചിന്തനം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു....ക്രോം ഒഎസ് എന്നാല്‍ വെബ്ബല്ലാതെ മറ്റൊന്നുമല്ല-സുന്ദര്‍ പ്രഖ്യാപിച്ചു.
ഏസര്‍, സാംസങ് എന്നീ കമ്പനികളാണ് ഇന്റല്‍ ചിപ്പുകളുള്ള ക്രോം നോട്ട്ബുക്കുകള്‍ നിര്‍മിക്കുക. ആഗോളതലത്തില്‍ ഈ ഉപകരണങ്ങള്‍ 2011 മധ്യത്തോടെ വില്‍പ്പനയ്‌ക്കെത്തും. ഇവയുടെ വില എന്തുവരും എന്നത് പങ്കാളികളുമായി ആലോചിച്ച് പിന്നീട് നിശ്ചയിക്കുമെന്നാണ് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞത്.
എന്നാല്‍, ക്രോം നോട്ട്ബുക്കുകളുടെ ബീറ്റ വകഭേദം ഗൂഗിള്‍ ചൊവ്വാഴ്ച തന്നെ പുറത്തിറക്കി. സിആര്‍-48 എന്ന് പേര് നല്‍കിയിട്ടുള്ള ആ നോട്ട്ബുക്കിന്റെ (സിആര്‍ എന്നത് ക്രോമിന്റെ ചുരുക്കപ്പേരാണ്) സഹായത്തോടെ ക്രോം ഒഎസ് പൈലറ്റ് പ്രോജക്ടിന് ഗൂഗിള്‍ തുടക്കമിട്ടു.
ക്രോം നോട്ട്ബുക്കിന്റെ ഏറ്റവും വലിയ സവിശേഷത, അതിന്റെ വേഗവും സുരക്ഷയും ലാളിത്യവുമായിരിക്കും. സാധാരണ കമ്പ്യൂട്ടറുകളില്‍ വെബ്ബ് ഉപയോഗിക്കുമ്പോഴുള്ള ഒരു തലവേദനയും ക്രോം ഒഎസ് ഉപയോഗിക്കുന്നവയില്‍ ഉണ്ടാകില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. നിമിഷത്തിനകം വെബ്ബിലേക്ക് പ്രവേശിക്കാന്‍ കഴിയും. ക്രോം നോട്ട്ബുക്കുകള്‍ക്ക് ബൂട്ടാകാന്‍ വെറും 10 സെക്കന്‍ഡ് മതി. ഇഷ്ടമുള്ള വെബ്‌സൈറ്റുകള്‍ മിന്നല്‍ വേഗത്തില്‍ മുന്നിലെത്തും.
ഉപഭോക്താവിന്റെ ആപ്ലിക്കേഷനുകളും ഡോക്യുമെന്റുകളും സെറ്റിങുകളുമെല്ലാം സുരക്ഷിതമായി സൂക്ഷിക്കുക ക്ലൗഡിലാണ്. അതിനാല്‍, അവ നഷ്ടമാകുമെന്ന ഭയം വേണ്ട. നോട്ട്ബുക്ക് നഷ്ടമായാലും, മറ്റൊരു ക്രോം നോട്ട്ബുക്കില്‍ ലോഗിന്‍ ചെയ്താല്‍ മതി എല്ലാം അവിടെയുണ്ടാകും!
എപ്പോഴും കണക്ടിവിറ്റി-അതാണ് ക്രോം നോട്ട്ബുക്കുകളുടെ മറ്റൊരു സവിശേഷതയായി ഗൂഗിള്‍ എടുത്തു പറയുന്നത്. വൈഫൈ, ത്രീജി കണക്ടിവിറ്റി എല്ലാ ക്രോം നോട്ട്ബുക്കുകളിലുമുണ്ടാകും. ക്രോം നോട്ട്ബുക്കുകളുടെ മറ്റൊരു പ്രത്യേകത, അതിന്റെ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണെന്ന് ഗൂഗിള്‍ പറയുന്നു. ദുഷ്ടപ്രോഗ്രാമുകളും വൈറസുകളും നിങ്ങളുടെ ഡേറ്റയിലേക്ക് എത്താതെ ക്രോം നോട്ട്ബുക്കുകള്‍ സംരക്ഷിക്കും.
വെബ്ബിനൊപ്പം മാറാന്‍ പാകത്തിലാണ് ക്രോം ഒഎസ് രൂപംനല്‍കിയിരിക്കുന്നത്. ക്രോം നോട്ട്ബുക്കുകള്‍ ഓരോ തവണ ഓണ്‍ ചെയ്യുമ്പോഴും, വെബ്ബിലെ മാറ്റങ്ങള്‍ നിങ്ങളറിയാതെ തന്നെ അത് സ്വാംശീകരിക്കും. അപ്‌ഡേറ്റിന്റെ പേര് പറഞ്ഞ് അത് ഉപഭോക്താവിനെ ശല്യപ്പെടുത്തില്ല.
ഓപ്പണ്‍ സോഴ്‌സ് ക്രോമിയം അടിസ്ഥാനമാക്കിയുള്ളതാണ് ക്രോം ഒഎസ്. ഒരേ ക്രോം നോട്ട്ബുക്ക് തന്നെ ആവശ്യമെങ്കില്‍ പലര്‍ക്ക് 'തങ്ങളുടേതെന്ന' നിലയ്ക്ക് ഉപയോഗിക്കാനാകുമെന്ന്, ക്രോം ഒഎസിനെ വിശദീകരിച്ചുകൊണ്ട് സുന്ദര്‍ അറിയിച്ചു. നോട്ട്ബുക്ക് ഭര്‍ത്താവ് ലോഗിന്‍ ചെയ്യുമ്പോള്‍, അയാളുടെ സെറ്റിങ്‌സുകളും ആപ്ലിക്കേഷനുകളുമൊക്കെയാകും ലഭ്യമാകുക. ഭാര്യ നോട്ട്ബുക്ക് ഉപയോഗിക്കുമ്പോള്‍, അവരുടെ സെറ്റിങ്‌സിലാണ് പ്രവര്‍ത്തിക്കുക.
ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത, മൊബൈല്‍ ഫോണുകളിലേതു മാതിരി, ലക്ഷക്കണക്കിന് വെബ്ബ് ആപ്ലിക്കേഷനുകള്‍ ക്രോം നോട്ട്ബുക്കുകളുടെ തുണയ്‌ക്കെത്തും എന്നതാണ്. ഗെയിമുകള്‍ മുതല്‍ ഫോട്ടോ എഡിറ്റര്‍മാര്‍ വരെയുള്ള ആപ്ലിക്കേഷനുകളാണ് കാത്തിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ആപ്ലിക്കേഷനുകള്‍ 'ക്രോം വെബ്ബ് സ്‌റ്റോറി'ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സിഡിയും ചുമന്ന് നടക്കേണ്ട ആവശ്യമില്ല.
ഗൂഗിള്‍ മുമ്പ് അറിയിച്ചിരുന്നതു പോലെ, കീപാഡ് ഉള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങള്‍ക്കായി തന്നെയാണ് ക്രോം ഒഎസ് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നുവെച്ചാല്‍, ടച്ച്‌സ്‌ക്രീന്‍ അനുഭവത്തിന് ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോം ആയ ആന്‍ഡ്രോയിഡ് തന്നെ തുടരും.
No comments:
Post a Comment