Wednesday, December 1, 2010

കഷണ്ടിയുടെ ജനിതകരഹസ്യം

അകാലത്തിലെ 'കഷണ്ടി' ഭയപ്പെടുത്താത്തവര്‍ വിരളം. മുപ്പത് കഴിയും മുമ്പ് മുടി കൊഴിഞ്ഞ് കഷണ്ടിക്കാരാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയും ചെയ്യുന്നു. എന്നാല്‍ കഷണ്ടിയുടെ രഹസ്യം തേടിപ്പോവുക തന്നെ എന്നായി ഒരു സംഘം ഗവേഷകര്‍.

ബ്രാഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. വാല്‍ റാന്‍ഡലിന്റെ നേതൃത്വത്തിലുള്ള സംഘം ഒടുവില്‍ കഷണ്ടിയുടെ 'ജനിതക രഹസ്യം' കണ്ടെത്തി.

'ആന്‍ഡ്രോജന്‍ റിസ്​പറ്റര്‍' ജീനുകള്‍ക്ക് പുറമെ 'ക്രോമോസോം 20' ജീനുകളും കഷണ്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. അയ്യായിരം പേരുടെ ഡി.എന്‍.എ. പരിശോധന നടത്തിയാണ് ഗവേഷക സംഘം ഈ നിഗമനത്തില്‍ എത്തിയത്. 'നേച്വര്‍ ജനിറ്റിക്‌സ്' മാസികയിലാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഷണ്ടി സാധ്യത തിരിച്ചറിയാനും കാലേക്കൂട്ടി ചികിത്സ തുടങ്ങാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
'നേച്വര്‍ ജനറ്റിക്‌സ്' മാസികയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും മുടികൊഴിച്ചിലും 'ക്രോമോസോം 20' ജീനുകളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോജന്‍ ജീനുകള്‍ക്ക് മുടി കൊഴിച്ചിലുമായുള്ള ബന്ധം ശാസ്ത്രലോകം മുമ്പേ തിരിച്ചറിഞ്ഞിരുന്നെങ്കിലും 'ക്രോമോസോം 20' ജീനുകളുടെ വില്ലന്‍വേഷം ഗവേഷകര്‍ക്ക് പുതിയ അറിവായിരുന്നു. ആന്‍ഡ്രോജന്‍ ജീനുകള്‍ അമ്മയില്‍ നിന്ന് എക്‌സ് ക്രോമോസോം വഴിയാണ് കുട്ടികളിലെത്തുന്നത്. എന്നാല്‍ 'ക്രോമോസോം 20' അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കാം. കഷണ്ടിയുണ്ടാവാനുള്ള പാരമ്പര്യ സാധ്യത കൂടുന്നുവെന്നര്‍ഥം.

നിലവില്‍ കഷണ്ടിക്ക് പ്രതിവിധിയൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പുതിയ കണ്ടുപിടുത്തം മരുന്ന് കമ്പനികള്‍ക്ക് ഉത്തേജനം ആയിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മുടികൊഴിച്ചില്‍ തടയാനുള്ള ആധികാരികമായ ഔഷധങ്ങള്‍ക്കായി പുതിയ ഗവേഷണങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ പ്രചോദനം ആയേക്കാം. എല്ലാവരും 'മുടിയന്മാരായ' നല്ലകാലം ഇനി അകലെയല്ല എന്ന് പ്രത്യാശിക്കാം.

Mathrubhumi

No comments:

Post a Comment