Wednesday, December 22, 2010

ഗൂഗിള്‍ മാപ്‌സ് 5.0

ഗൂഗിള്‍ മാപ്‌സ് ലോകത്തെ നമ്മുടെ മൊബൈല്‍ ഫോണിലൊതുക്കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. മൊബൈലില്‍ ഗൂഗിള്‍ മാപ്‌സിലെ നഗരങ്ങളുടേയും റോഡുകളുടേയും രൂപരേഖകള്‍ നമ്മുടെ യാത്രകളെ അത്രയേറെ സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ നെറ്റിന്റെ ലഭ്യതയും വിദൂരസ്ഥലങ്ങളില്‍ പലപ്പോഴും വേഗതയില്ലാത്തതും ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ വില്ലനായിരുന്നു. ഓഫ്‌ലൈന്‍ റിലൈബലിറ്റിയും ത്രീഡി ഇന്ററാക്ഷനുമടക്കം മാറിയ കാലത്തിനു യോജിച്ച മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്‌സിന്റെ അഞ്ചാം പതിപ്പെത്തിയിരിക്കുന്നത്. 


ആന്‍ഡ്രോയിഡിനായി ഇറക്കിയ പുതിയ പതിപ്പിലെ സവിശേഷതകളില്‍ ത്രീഡി ഇന്ററാക്ഷനാണ് ഏറെ ശ്രദ്ധേയം. ഇതുവരെ ചെറിയ ചെറിയ ചതുരത്തിലുള്ള ചിത്രങ്ങള്‍ ഡൗണ്‍ലോഡു ചെയ്ത് അവ തുന്നിച്ചേര്‍ക്കുന്ന രീതിയായിരുന്നു ഗൂഗിള്‍ മാപ്പ്‌സിന്. ചിത്രം ലഭിക്കാത്തപ്പോള്‍ അവിടെ ഗ്രേ നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അരോചകമാകാറുമുണ്ട്. ചിത്രങ്ങള്‍ക്കു പകരം
 വെക്ടര്‍ ഗ്രാഫിക്‌സ്ഉപയോഗിക്കാന്‍ തുടങ്ങിയെന്നതാണ് ഒരു പ്രധാന മാറ്റം. അതായത് പുതിയ പതിപ്പില്‍ മാപ്പിന്റെ ഒരു ഭാഗം കാണാതിരിക്കുന്ന പ്രശ്‌നമുണ്ടാകില്ലെന്നര്‍ത്ഥം. ഇനി അഥവാ നെറ്റ്‌വര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ചിത്രത്തിന്റെ ക്ലാരിറ്റി കുറയുകയേയുള്ളൂ. ചിത്രത്തില്‍ നിന്നും വെക്ടര്‍ ഗ്രാഫിക്‌സിലെത്തിയതോടെ ഇവ എളുപ്പത്തില്‍ ഡൗണ്‍ലോഡു ചെയ്യാനും കഴിയും.

ഈ പ്രത്യേകത വന്നതോടെ മൊബൈലിന്റെ ടച്ച് സ്‌ക്രീനില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഗൂഗളിനു കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. സാധാരണ മാപ്പിനെ രണ്ടു വിരലുകളുപയോഗിച്ച് സ്‌ക്രീനിനു മുകളില്‍ നിന്നു താഴേക്കു ഡ്രാഗ് ചെയ്താല്‍ ത്രീഡി ഇമേജുകളെ ലളിതമായി മാറ്റിയെടുക്കാം. ഇതിനു ശേഷം രണ്ടു വിരലുകളുപയോഗിച്ച് ടച്ച്‌സ്‌ക്രീനുകളില്‍ ഏത് ഭാഗത്തേക്കും മാപ്പിനെ റൊട്ടേറ്റു ചെയ്യുകയുമാകാം. സൂം ചെയ്യാനും രണ്ടു വിരല്‍ മതി.

സ്‌ക്രീനിനു മുകളില്‍ വലതു ഭാഗത്തുള്ള കോംപാസ് മോഡാണ് മറ്റൊരു പ്രത്യേകത. കോംപാസ് മോഡിലേക്കു മാറ്റിയാല്‍ നമ്മള്‍ ദിശമാറുന്നതിനനുസരിച്ച് മാപ്പ് തനിയെ ദിശ നിര്‍ണയിച്ചു ചലിച്ചുകൊണ്ടിരിക്കും.

യാത്രക്കിടെ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുന്നത് മറ്റൊരു വലിയ വെല്ലുവിളിയാണ് എന്നാല്‍ ആവശ്യമുള്ള ഭാഗം നമുക്ക് നേരത്തെ ഡൗണ്‍ലോഡു ചെയ്ത് സൂക്ഷിക്കുകയും പിന്നീട് അവ ഉപയോഗിക്കുകയും ചെയ്യാമെന്നതാണ് ഗുഗിള്‍ മാപ്‌സ് അഞ്ചാം പതിപ്പിന്റെ പ്രത്യേകത. ഓഫ്‌ലൈന്‍ ഉപയോഗമാണ് ഇതുവഴി സാധ്യമാകുന്നത്. എന്നുവെച്ചാല്‍, നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും ഗൂഗിള്‍ മാപ്‌സിന്റെ സേവനം ഒരു പരിധി വരെ തേടാം എന്നര്‍ഥം.

Mathrubhumi

No comments:

Post a Comment