Sunday, January 3, 2010

മുരിക്കും മൊബൈല്‍ ടവറും തമ്മില്‍ പിണക്കമാണോ?




കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട്ടിലെ മുരിക്കുകള്‍ക്ക്‌ എന്തോ സംഭവിക്കുന്നുണ്ട്‌.
കുരുമുളകു വള്ളി പടര്‍ത്തിയിരുന്ന മുരിക്ക്‌ ചുരുണ്ടുകൂടി നില്‌ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്‌പ്രിംഗ്‌ പോലെ നില്‍ക്കുന്നു. മുരിക്കുകള്‍ അധികവും ഉണങ്ങിപോയിരിക്കുന്നു.
വയനാട്ടിലെ പ്രാദേശിക ചാനലടക്കം മാധ്യമങ്ങളില്‍ ഈ പ്രശ്‌നം കടന്നു വന്നിട്ടുണ്ട്‌.എന്താണ്‌ മുരിക്കില്‍ അടുത്ത കാലത്തായി ഇങ്ങനൊരു പ്രതിഭാസം.
മുരിക്കിനു വംശനാശം സംഭവിക്കുന്നോ?
ഇനി നമ്മള്‍ എവിടെപോകും മുരിക്കുമരവും കടും ചുവപ്പ്‌ മുരിക്കിന്‍ പൂവു കാണാനും.
ഈ ചോദ്യത്തിനു മുന്നില്‍ ചില ആശങ്കകളുണ്ട്‌.
വയനാടന്‍ ചുരമിറങ്ങി കോഴിക്കോടും ഈ പ്രതിഭാസമുണ്ട്‌.


വയനാട്ടില്‍ മുരിക്കുകള്‍ നശിക്കാന്‍ തുടങ്ങിയതും മൊബൈല്‍ ടവറുകള്‍ വ്യാപകമായതും ഒരേ സമയത്താണ്‌. വയനാടന്‍ ജനത അതുകൊണ്ട്‌ ഒരേ സ്വരത്തില്‍ പറയുന്നു. മുരിക്കുകള്‍ ഇക്കോലത്തിലാവാന്‍ കാരണം മൊബൈല്‍ ടവറുകള്‍ തന്നെ. കോഴിക്കോടും മുരിക്കുകള്‍ രോഗം ബാധിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഈ ചിന്തയ്‌ക്ക്‌ ശക്തി കൂടുന്നുണ്ട്‌.

എന്നാല്‍ മൊബൈല്‍ ടവറും മുരിക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
ഇല്ല എന്നു തന്നെയാണുത്തരം. ചില ഊഹാപോഹങ്ങള്‍ മാത്രം.

ഹൈറേഞ്ചുകാരിയായ എനിക്ക്‌ മുരിക്കിന്റെ ദാരുണമായ ഈ അവസ്‌ഥയില്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടമുണ്ട്‌.
ഞങ്ങളുടെ ജീവിതത്തില്‍ അത്രത്തോളമാണ്‌ മുരിക്കിനുള്ള സ്ഥാനം.

വീടുകഴിഞ്ഞ്‌ ഒരു നുള്ളു മണ്ണുണ്ടെങ്കില്‍ അവിടെ ഒരു മുരിക്കുണ്ടാവും.
വേലിയായിട്ടോ, കുരുമുളകു പടര്‍ത്തിയ മരമായോ, ആടിനും മുയലിനും തീറ്റയായോ ഒക്കെ..

മറയൂരില്‍ താമസിക്കുമ്പോള്‍ അവിടെ മുരിക്ക്‌ കുറവായിരുന്നു. ഉള്ളതു തന്നെ മുള്ളില്ലാ മുരിക്കുകള്‍ . ‍ഞങ്ങളുടെ അയല്‍ വീട്ടിലെ കച്ചിത്തുറു നിന്നത്‌ അത്തരമൊരു മുരിക്കിലായിരുന്നു. പൂക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന പൂക്കള്‍..മുരിക്കിന്‍ പൂവു പറിക്കാന്‍ ഞങ്ങള്‍ക്ക്‌ പേടിയായിരുന്നു.

' മുരിക്കിന്‍ പൂവു പറിച്ചാല്‍ കണ്ണുപൊട്ടിപ്പോകും' എന്നു കൂട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ മുതിര്‍ന്നപ്പോള്‍ 'കണ്ണുപൊട്ടിയാല്‍ പൊട്ടട്ടേ ' എന്നു വിചാരിച്ച്‌ പൂവു പറിച്ചു നോക്കിയിട്ടുണ്ട്‌. ഇന്നു വരെ കണ്ണിന്‌ കാഴ്‌ചക്കുറവുണ്ടായിട്ടില്ല. നാടാകെ ചെങ്കണ്ണ്‌ പടര്‍ന്നു പിടിക്കുമ്പോള്‍ അതും അടുത്തു വന്നില്ല.

വേനലായാല്‍ മുരിക്കിന്റെ കമ്പു വെട്ടി തണലത്ത്‌ പാളകൊണ്ടും ഓലകൊണ്ടുമൊക്കെ പൊതിഞ്ഞു വെയ്‌ക്കും. വെയിലേറ്റ്‌ തൊലി പൊള്ളാതിരിക്കാന്‍. മേടത്തിലെ മഴയ്‌ക്ക കമ്പു നടും. മറ്റു മരങ്ങളെ അപേക്ഷിച്ച്‌ വേഗത്തില്‍ വളരുന്നതാവണം കുരുമുളകു കൊടി ഇതില്‍ പടര്‍ത്താന്‍ കാരണം.

മധ്യവേനലവധിക്കാലത്ത്‌ കളിച്ചു നടക്കുമ്പോള്‍ പലപ്പോഴും ഞങ്ങളുടെ കാലുകളില്‍ മുരിക്കുമുള്ളു തറഞ്ഞു. അസഹ്യമായ വേദന...ചിലപ്പോള്‍ നീര്‌, ചൂട്‌...ഇതു ചിലപ്പോള്‍ വിഷമായി മാറാറുണ്ട്‌.ചിലര്‍ ടി.ടി. ഇഞ്ചക്ഷന്‍ എടുത്താല്‍ കുറച്ചുപേര്‍ വിഷഹാരിയെ തേടിപ്പോകും.
മുതിര്‍ന്നപ്പോള്‍ ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ധാരാളം.

മുരിക്കില ആടിനും മുയലിനും മാത്രമല്ല ഭക്ഷണം. നല്ലൊരു കറിയാണ്‌. ചീര, മുരിങ്ങയിലപോലെ, താള്‌, തകരപോലെ....
ഔഷധവും..

എന്നാല്‍ മുരിക്കു വിറകായി ഉപയോഗിക്കാറില്ല.
' അടുപ്പില്‍ മുന്നാഴി ചാരം വീണാല്‍ മൂക്കറ്റം കടം ' എന്നാണ്‌ ചൊല്ല്‌.
അടുക്കളയില്‍ ഉപയോഗിച്ചില്ലെങ്കിലും പുറത്ത്‌ നെല്ലു പുഴുങ്ങാനും മറ്റും ഉപയോഗിക്കാറുണ്ട്‌.
പുകഞ്ഞ്‌ പുകഞ്ഞിരിക്കും...ചുറ്റും പുക. അധികം ശ്വസിക്കുമ്പോള്‍ തലവേദനിക്കും.

മുരിക്കു കലാപരമായി നട്ടുകണ്ടത്‌ മാട്ടുപെട്ടി ഇന്‍ഡോ-സ്വിസ്‌ പോജക്‌ടിന്റെ വഴിയിലാണ്‌. റോഡിനിരുവശത്തും മുരിക്കു നട്ട്‌ വളച്ച്‌ ആര്‍ച്ച്‌ ആകൃതിയില്‍...ആരാണീ സൃഷ്‌ടിക്കു പിന്നില്‍ എന്ന്‌ കൗതുകം പൂണ്ടുപോകും. ഇതു മുരിക്കു തന്നെയോ എന്ന അമ്പരപ്പും. സമ്മര്‍ ഇന്‍ ബത്‌ലഹേം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളിലെ പാട്ടുസീനുകളില്‍ ഈ മുരിക്കു കടന്നു വരുന്നുണ്ട്‌.

ഇങ്ങനെയോക്കെയുള്ള മുരിക്കാണ്‌ നശിച്ചുകൊണ്ടിരിക്കുന്നത്‌.
മൊബൈല്‍ ടവറുകളാണോ നാശത്തിനു പ്രധാന കാരണം?
അതോ മറ്റെന്തെങ്കിലും രോഗമോ?

സംശയമില്ല, മുരിക്കിന്റെ നാശത്തെ നേരിടുന്നവര്‍ മൊബൈല്‍ടവറിനെതന്നെ കുറ്റപ്പെടുത്തും. കാരണം മൊബൈല്‍ ടവര്‍ വന്നതും മുരിക്കു നശിച്ചു തുടങ്ങിയതും ഒരേ സമയത്ത്‌....വയനാട്‌, കോഴിക്കോട്‌ ഇങ്ങനെയൊക്കെയാണെങ്കില്‍ ആകാംക്ഷ അടക്കാനാവാത്തതുകൊണ്ട്‌ ഞാന്‍ ‍ഇടുക്കിയില്‍ അനിയത്തിയെ വിളിച്ചു.
"നീയൊന്ന്‌ പുറത്തിരങ്ങി മുരിക്ക്‌ നോക്ക്‌...ഇലയ്‌ക്കോ തണ്ടിനോ വല്ല കുഴപ്പോമുണ്ടോ?"
അവള്‍ പറഞ്ഞു.
"എന്തു കുഴപ്പം. വീഴാറായ രണ്ടിലകള്‍ മഞ്ഞച്ചിട്ടുണ്ട്‌."
ഹ..ഹ..ഹ..
അപ്പോള്‍ ഞങ്ങളുടെ മലമുകളില്‍ രണ്ടു ടവറുകളുണ്ടായിട്ടും മുരിക്കിനൊന്നുമില്ല.
വേനലില്‍ ഒറ്റ ഇലയില്ലാതെ കടും ചുവപ്പുപൂവും, മഴയില്‍ ഒരുപാട്‌ ഇലകളുമായി മുരിക്കുണ്ട്‌.

എന്നാല്‍ വയനാട്ടിലും കോഴിക്കോട്ടും എന്തുപറ്റി?
രോഗമാണെങ്കില്‍ പ്രതിവിധിയില്ലേ?
അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ ഇക്കാര്യം?

റേഡിയോ പ്രവര്‍ത്തിക്കുന്ന, ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന അതേ വൈദ്യുത കാന്തിക തരംഗങ്ങള്‍ തന്നെയാണ്‌ മൊബൈല്‍ ഫോണിനും. പിക്‌സല്‍ കുറച്ചു കൂടുമെന്നുമാത്രം. വളരെ വര്‍ഷങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്‌. അന്നൊന്നു ഉണ്ടാവാത്ത മുരിക്കുരോഗത്തിന്‌ ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.

പൊതുവേ പെട്ടെന്ന്‌ ഒടിയുന്ന, കനം കുറഞ്ഞ മരമാണ്‌ മുരിക്ക്‌.
അതേ പോലെ തന്നെയാണ്‌ ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.

എന്തായാലും ഇതിന്റെ ശാസ്‌ത്രീയ വശമറിയാന്‍ ആരെങ്കിലുമെത്തുമെന്ന്‌ പ്രതീക്ഷിക്കാം.
വൈകിയാല്‍ വയനാടന്‍ ചുരമിറങ്ങുന്ന കാറ്റ്‌ നാടാകെ പടര്‍ന്ന്‌ പിടിച്ച്‌ മുരിക്കുകളെ നാമവശേഷമാക്കി കളഞ്ഞേക്കാം.

No comments:

Post a Comment