അല്‌പം ക്രൂരമായ ഭാവനയായിരുന്നു കര്‍ക്കിടകത്തേക്കുറിച്ച് കുട്ടിക്കാലത്തുണ്ടായിരുന്നത്. വീട്ടില്‍ നിന്നു നോക്കിയാല്‍ ആറ്റിലെ വെള്ളം കാണാം. തോട്ടുപുറുമ്പോക്കും അതിലൊരു വീടും പഞ്ചായത്ത് വഴിയും കഴിഞ്ഞ് കുറച്ച് ഉയരത്തിലാണ് ഞങ്ങളുടെ വീടും പറമ്പും.
കര്‍ക്കിടകത്തില്‍ കലങ്ങികുത്തിയൊഴുകിവരുന്ന കലക്കവെളളത്തെ നോക്കിയിരിക്കും. എത്രത്തോളം വെള്ളം പൊങ്ങി എന്നറിയാന്‍ ആറ്റിലെ പാറകളും അക്കരെ പറമ്പും അളവുകോലാവും. നിര്‍ത്താതെയുള്ള മഴയില്‍ വെള്ളം ആറ്റുപാറകളെ മറക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം താഴെ തോട്ടുപുറമ്പോക്കിലെ കുടിലുകളില്‍ വെള്ളം കയറിതുടങ്ങിയിട്ടുണ്ടാവുമെന്ന്. എടുക്കാവുന്നതൊക്കെയും പെറുക്കിയെടുത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന വീടിനെയും പറമ്പിനെയും നോക്കി മഴനനഞ്ഞ് അവര്‍ നില്‍ക്കുകയായിരിക്കുമെന്ന്. ആറ്റുപാറകള്‍ മൂടി അക്കരെ റബ്ബര്‍തോട്ടത്തിലെ ആദ്യതൊട്ടിയില്‍ വെള്ളം കടക്കുമ്പോള്‍ ഇനി പെട്ടെന്നൊന്നും വെള്ളമിറങ്ങില്ലെന്നും ഞങ്ങള്‍ക്ക് ഇനി മുതല്‍ സ്‌കൂളവധിയാണെന്നകരുതാം. താഴെ മുങ്ങുന്ന വീടുനോക്കി നിന്നവര്‍ അഭയാര്‍ത്ഥികളാവുകയാണ്. സ്‌കൂളാണ് അഭയാര്‍ത്ഥി ക്യാമ്പാകുന്നത്. വീടിനു പിന്നിലെ മലയെ, പാറയെ ഭയക്കുന്നവര്‍, മണ്ണിടിയുമെന്നും മരംവീഴുമെന്നും കരുതുന്നവരുമൊക്കെയാണ് പിന്നീട് സ്‌കൂളിലുണ്ടാവുക. അക്കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരുമുണ്ടാവും.
കര്‍ക്കിടകത്തിലെ ഈ സ്‌കൂളവധി പക്ഷേ, ഞങ്ങള്‍ക്ക് തോരാത്ത മഴയില്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കാനുള്ളതാണ്. എന്നാല്‍, അഭയാര്‍ത്ഥികളാവുന്ന കൂട്ടുകാര്‍ പരസ്‌പരം കാണുന്നു. ഒരുമിച്ചു കഞ്ഞിവെച്ചു കുടിക്കുന്നു. പഠിക്കേണ്ട, പുസ്‌തകമെടുക്കേണ്ട, സാറന്മാരെ പേടിക്കേണ്ട. സ്‌കൂളില്‍ കളിച്ചു നടക്കുന്നു. ഓര്‍ക്കുമ്പോള്‍ അസൂയതോന്നും. മഴതോരുന്നത് അപ്പോള്‍ ചിന്തിക്കാന്‍പോലും കഴിയില്ല. ഇനിയും പെയ്യട്ടെ...വെള്ളം ഉയര്‍ന്നുയര്‍ന്നു വരട്ടെ...താഴത്തെ അയല്‍ക്കാരുടെ വീടിനെ മുക്കട്ടെ..പഞ്ചായത്തുവഴിയെ..പിന്നെ ഞങ്ങളുടെ പറമ്പിനെ...പതുക്കെ പതുക്കെ വെള്ളം മുകളിലോട്ടുകയറി....ഞങ്ങളുടെ മുറ്റത്ത്‌്....അപ്പോള്‍ ഞങ്ങള്‍ ജനലിനിടയിലൂടെ ചൂണ്ടയിടും...മുറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ നീന്തും...പിന്നെയും വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങളും പായും പുതപ്പുമെടുത്ത്‌് സ്‌കൂളിലേക്ക് നടക്കും... എത്രവട്ടമാണ് ഭാവനയില്‍ ഇതെല്ലാം കണ്ടത്. പക്ഷേ, പഞ്ചായത്ത് വഴിയിലേക്കെങ്കിലും വെള്ളം കയറിയാല്‍ സ്‌്‌കൂളില്ല, ആശുപത്രിയില്ല, ഞങ്ങള്‍ അരിയും സാധനങ്ങളും വാങ്ങുന്ന കവലയില്ല....റോഡില്ല...
അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ് മലവെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന് അന്നൊന്നും ചിന്തിച്ചതേയില്ല.
കര്‍ക്കിടക സംക്രാന്തിക്കു മുന്നേ മൂശേട്ടയെ അടിച്ചു പുറത്താക്കി ഭഗവതിയെ കുടിയിരുത്താന്‍ നോക്കിയാലും മൂശേട്ടതന്നെ അകത്തുകയറും. അടിച്ചു കളഞ്ഞ വിരുത്താമ്പലും പൊടിയും വെറുതെ...കഴുകി വൃത്തിയാക്കിയ കുട്ടയും വട്ടിയും പാത്രങ്ങളും വെറുതേ.... പേമാരിയുടെ, വെള്ളപ്പൊക്കത്തിന്റെ, മണ്ണിടിച്ചിലിന്റെ , ഉരുള്‍പൊട്ടലിന്റെ ഇതൊന്നുമല്ലെങ്കില്‍ പട്ടിണിയുടെ, അസുഖത്തിന്റെ മരണത്തിന്റെയുമൊക്കെ വേഷം കെട്ടി മൂശേട്ട വരും.
ഞങ്ങളുടെ വീടും പറമ്പും കഴിഞ്ഞാല്‍ ഇരു വശത്തും കോളനികളാണ്. ഇരുപതുസെന്റു കോളനിയും ലക്ഷം വീടു കോളനിയും. അവിടുള്ളവരൊന്നും കൃഷിക്കാരല്ല. കൂലിപ്പണിക്കാര്‍. ദുര്‍ബ്ബലര്‍. മഴ തുടങ്ങിയാല്‍ പണിയില്ല. ഇടവം തുടങ്ങുന്നതോടെ പലരും മുണ്ടുമുറുക്കി കെട്ടി തുടങ്ങും. കഞ്ഞിവെപ്പ് കുറയും. റേഷന്‍കിട്ടുന്ന ഇരുമ്പരി കുറച്ചെടുത്ത് സൂക്ഷിക്കാന്‍ തുടങ്ങും. മേടത്തിലും ഇടവത്തിലും ചക്കയും ചക്കക്കുരുവുമായിരിക്കും പ്രധാന ആഹാരം. കുട്ടികളാണ് മുതിര്‍ന്നവരേക്കാള്‍ ഭേദം. അവര്‍ക്ക് കശുമാങ്ങ, ചാമ്പങ്ങ, മാമ്പഴം, പേരക്ക, കാട്ടിലേക്കുപോയാല്‍ പൂച്ചപ്പഴം, കൊങ്ങിണിക്ക, അങ്ങനെ പലതുമുണ്ടാകും. കുട്ടികള്‍ പൊതുവേ ഇങ്ങനെ ആഹാരകാര്യത്തില്‍ സമ്പന്നരായിരിക്കും. പക്ഷേ, മഴക്കാലത്തെയോര്‍ത്ത് മുതിര്‍ന്നവര്‍ മുണ്ടുമുറിക്കിയുടുക്കും.
ചക്കക്കുരു ഒരു കരുതലാണ്. ജലാംശമില്ലാതെ തോലുണങ്ങിയ ചക്കക്കുരു വീടിന്റെ മൂലയില്‍ നനവില്ലാത്ത മണ്ണില്‍ കുഴിച്ചിടും. നനവില്ലാത്തതുകൊണ്ട് ചക്കക്കുരു മുളക്കില്ല. അടുത്ത ചക്കക്കാലം വരെ കേടൊന്നും വരില്ല.
അടുത്തത് കപ്പയാണ്. വലിയ കപ്പക്കാലാകളില്‍ കപ്പ പറിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന പൊടിക്കപ്പ പെറുക്കി അരിഞ്ഞുണങ്ങി വെക്കും. വാട്ടിയുണക്കും വെള്ളുണക്കുമായി. വെള്ളുണക്കുകപ്പ പൊടിച്ചാല്‍ പുട്ടുണ്ടാക്കാം. റബ്ബറുപോലുണ്ടാവും. തേങ്ങാ നല്ലോണം വേണം രുചിക്ക്. വാട്ടുണക്കു കപ്പ വേവിച്ച് പുഴുക്കാക്കുകയോ, ഉലര്‍ത്തുകയോ ചെയ്യാം. പക്ഷേ, അങ്ങനെ രുചിയായിട്ടു തിന്നാന്‍ പറ്റിയകാലമല്ല കര്‍ക്കിടകം. ചേര്‍ക്കേണ്ട തേങ്ങയും, വെളിച്ചെണ്ണയുമോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടും.
അതില്‍ ചേര്‍ക്കുന്ന തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കാശുണ്ടെങ്കില്‍ ഇരുമ്പരി രണ്ടുകിലോ മേടിക്കാം. കൃഷിപ്പണിക്കു പോകുമ്പോള്‍ കിട്ടുന്ന മുതിര, പയര്‍...
ഇങ്ങനെയൊക്കെ കരുതലുമായിരുന്നാലും വിശപ്പുകൂടും. കാട്ടുതാളും തകരയും കപ്ലങ്ങയും മൂക്കാത്ത ചേനയും ചേമ്പും വരെ പറിച്ചെടുക്കേണ്ടുവരും. ആകെക്കുടി മഴക്കാലത്തു കിട്ടുന്നത് ചൂണ്ടയില്‍ കുരുങ്ങുന്ന മീനാണ്.
മിഥുനത്തില്‍ തെളിഞ്ഞ വെയിലില്‍ അയല്‍ക്കാരി ഉമ്മുമ്മയുടെ വീട്ടില്‍ കല്ലാറുകുട്ടിയില്‍ നിന്ന് മകള്‍ വന്നു. മകളുടെ ആ വരവിന് പിന്നിലുണ്ടായിരുന്നത് കര്‍ക്കിടകത്തില്‍ വിരുന്നു പോകുന്നത് ശരിയല്ലെന്നും മഴ കൂടിയാല്‍ പുഴ കടന്ന് അക്കരെ കടക്കാന്‍ സാധിക്കില്ല എന്നതുമായിരുന്നു. മഴ തുടങ്ങിയാല്‍ ആറിനിക്കരെ താമസിക്കുന്നവര്‍ക്ക് കിഴക്കോട്ടും പടിഞ്ഞാട്ടും അകലെയുള്ള പാലങ്ങള്‍ കടക്കണമായിരുന്നു അന്ന്. പുഴയില്‍ വെളളം കൂടിയാല്‍ പാലങ്ങളിലെത്താന്‍ വഴിയില്ല. പുഴയിറമ്പിലൂടെയുള്ള വഴി വെള്ളത്തിനടിയിലാവും.
ഇക്കാര്യങ്ങളൊക്കെ നന്നായിറിയാവുന്ന മദ്ധ്യവയസ്സു പിന്നിട്ട മകള്‍ മഴയ്‌ക്ക് മുമ്പേ ഉമ്മയെ കണ്ട് മടങ്ങാമെന്നു കരുതി. ഉമ്മുമ്മയുടെ പറമ്പിലാണെങ്കില്‍ രണ്ടു തെങ്ങും ഒരു കൊക്കോമരവും മുറ്റത്ത് അഞ്ചാറ് തുളസിച്ചെടിയുമാണ് ആകെയുള്ളത്.
മകള്‍ക്ക്‌്‌് കല്ലാര്‍കുട്ടിയില്‍ നല്ല കാലമാണ്. നെല്ലും കാപ്പിയും മാവും പ്ലാവും കപ്പയും ചേമ്പും ചേനയും എല്ലാമുണ്ട്. പോന്നപ്പോള്‍ ചെറിയൊരു സഞ്ചിയില്‍ കുറച്ച് ഉണക്കക്കപ്പ കരുതി അവര്‍.
എത്തുമ്പോള്‍ നല്ല വെയിലായിരുന്നു. ആറു കടന്ന് ഇക്കരെ കേറിയപ്പോള്‍ മാനമിരുണ്ടു. ഉമ്മയുടെ അടുത്തെത്തുമ്പോള്‍ മഴ ചാറി തുടങ്ങി.
ഉമ്മുമ്മ മകളോട് പറഞ്ഞു.
ഏതായാലും മഴയല്ലേ..നേരം പെലന്നെട്ട് പോകാടീ......
മഴ ആര്‍ത്തലച്ചു പെയ്‌തു തുടങ്ങി..
ഈ മഴയത്ത് കല്ലാര്‍കുട്ടി പോകണ്ടെ....നേരം ഉച്ച തിരിഞ്ഞു. ഇനിയെന്തായാലും നേരം വെളുത്തിട്ടു പോകാം.. ഉമ്മാക്ക് സന്തോഷമാവട്ടെ..എന്ന് മകളും വിചാരിച്ചു.
പക്ഷേ, മിഥുനത്തില്‍ തുടങ്ങിയ മഴ കര്‍ക്കിടകത്തിലും തോര്‍ന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ് ഉമ്മൂമ്മയുടെ മകള്‍ക്ക് മടങ്ങിപ്പോകാനായത്.
നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൂട്ടുകാരിയുടെ അച്ഛന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലത്തില്‍ നിന്ന് തെന്നി ആറ്റില്‍ വീണുപോയത്. ഒരാള്‍ ഒഴുകിപ്പോകുന്നത് കണ്ടിട്ടും അതാരാണെന്ന് ആര്‍ക്കും മനസ്സിലായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് തന്റെ അച്ഛനാണ് ഒഴുകിപ്പോയതെന്ന് അവളും അമ്മയും അറിഞ്ഞത്. ഒരുമാസം കഴിഞ്ഞ് വെള്ളം താണപ്പോള്‍ കുത്തിനുതാഴെ നിന്ന് മീന്‍കൊത്തി തീര്‍ന്ന ഒരസ്ഥികൂടം കിട്ടി. ഇപ്പോഴും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ചു പറഞ്ഞാണ് വീട്ടുകാര്‍ പേടിപ്പിക്കുന്നത്.
1160 കര്‍ക്കിടകം
അക്കൊല്ലം ഞാന്‍ മൂന്നാംക്ലാസ്സിലായിരുന്നു.
കൂട്ടുകാര്‍ക്കു പലര്‍ക്കും കുടയില്ലായിരുന്നു. മഴയത്ത് പലരും നനഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ വന്നത്. സ്‌കൂളുവിട്ടുപോരുമ്പോഴാണ് മഴയെങ്കില്‍ ചിലര്‍ ആറ്റുപുറമ്പോക്കിലെ ചേമ്പിന്‍കാട്ടിലിറങ്ങി ചേമ്പിലയൊടിച്ച് ചൂടും. ചിലപ്പോള്‍ വാഴയില.
അത്തവണ ഞങ്ങള്‍ക്കൊക്കെ സര്‍ക്കാരുവക ഓരോ ശീലക്കുടകിട്ടി. തിളങ്ങുന്ന പച്ചപിടിയുള്ള കുടയായിരുന്നു എനിക്കു കിട്ടിയത്.
കുട കിട്ടിയിട്ട് അധികമായിട്ടില്ല. അമ്മായിയുടെ മകന്‍ (ഞങ്ങള്‍ അണ്ണച്ചിയെന്നു വിളിക്കും) കടയില്‍ പോയപ്പോള്‍ എന്റെ കുടയുമെടുത്തു. തലേന്നുവരെ ആറിനു കുറുകെ പാലമുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിലെ താന്നിമരമായിരുന്നു നെടുനീളന്‍ ഒറ്റത്തടിപാലമായത്. പറമ്പിന്റെ തലക്കല്‍ മലയോട് ചേര്‍ന്നുനിന്ന താന്നി ആറ്റിലേക്കെത്തിക്കാന്‍ മൂന്നുദിവസമാണ് രണ്ടോ മൂന്നോ ആന പറമ്പില്‍ നിരങ്ങിയത്. ആ പാലം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ കമ്പികൊണ്ട് കെട്ടിയിട്ടിരുന്നു. എന്നിട്ടും തലേന്നത്തെ മഴയില്‍ പാലം ഒഴുകിപ്പോയി. കമ്പി എങ്ങനെ പൊട്ടിയെന്ന് ആര്‍ക്കും മനസ്സിലായില്ല. കുറച്ചുകിഴക്കുള്ള തടിപ്പാലം കടന്നുവേണം പിന്നെ കവലയിലെത്താന്‍.
കുഞ്ഞുന്നാളു മുതല്‍ അണ്ണച്ചിക്കൊരു ശത്രുവുണ്ട്‌്‌്. സ്ലേറ്റുപൊട്ടിച്ചും പെന്‍സിലൊടിച്ചും തുടങ്ങിയ ശത്രുത. അതവര്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നു. പെട്ടൊന്നൊരു ദിവസം ശത്രു ലോട്ടറിയടിച്ച് പണക്കാരനായി.
കമ്പിപൊട്ടി പാലമൊഴുകിപ്പോയതല്ല. അവര്‍ അഴിച്ചു വിട്ടതാണ്. പണത്തിന്റെ കൊഴുപ്പുകാണിക്കാന്‍. കവലയില്‍ നിന്നു തിരിച്ചു വരും വഴിയാണ് ശത്രു മുന്നില്‍ വന്നു നിന്നത്. ഗുണ്ടകളുമായി അയാള്‍ അണ്ണച്ചിയെ തല്ലുന്നതാണ് ഇക്കരെ നിന്ന് കണ്ടത്. ചാറ്റല്‍ മഴയത്ത്‌്‌് ആറ്റിലേക്കോടി. കലക്കവെള്ളം നിറഞ്ഞൊഴുകുന്നു. പാലമില്ല. ഇടികണ്ട് ഒരുപാടുപേര്‍ ആറ്റിറമ്പിലുണ്ട്. പെണ്ണുങ്ങള്‍ ആര്‍ത്തു കരഞ്ഞു. ഇടി കണ്ടു നില്‍ക്കുന്നതിനിടയില്‍ കണ്ടു, എന്റെ പുത്തന്‍കുട പറന്നുപോയിരിക്കുന്നു. കുറച്ചപ്പുറത്ത് കലുങ്കിനോട് ചേര്‍ന്നു ഈറ്റയില്‍ തടഞ്ഞിരിക്കുന്നു.
പെണ്ണുങ്ങളുടെ കരച്ചില്‍ കേട്ടിട്ടാണോ ഇടിച്ചുമതിയായിട്ടാണോ ശത്രുവും കൂട്ടരും പിന്തിരിഞ്ഞു. അണ്ണച്ചി വേച്ചുവേച്ച്‌്‌് ആറ്റിലേക്കിറങ്ങി വന്നു. നീന്തി ഇങ്ങോട്ട് വരുമെന്നാണ് എന്റെ ചിന്ത. പക്ഷേ, ആറ്റിലേക്കിറങ്ങി രണ്ടുകൈകൊണ്ടും കലക്കവെള്ളം കോരിക്കുടിക്കുകയാണ് ചെയ്‌തത്.
അടിമാലി ഗവര്‍മെണ്ട് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌ത് തിരിച്ചുവരുമ്പോള്‍ അത്ത കുട കൊണ്ടുവന്നു. അണ്ണച്ചിയുടെ വിവരങ്ങള്‍ അറിയുന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് പച്ചപ്പിടി പൊട്ടിയിട്ടുണ്ടോ, കമ്പി ഒടിഞ്ഞിട്ടുണ്ടോ എന്നൊക്കെയാണ്.
( തുടരും )
No comments:
Post a Comment