Wednesday, January 13, 2010

നന്മ വരട്ടെ


അയല്പക്കത്തൊന്നും കളിക്കാൻ പോകാനോ ,കഥാപുസ്തകങ്ങളോടു കൂട്ടുകൂടാനോ അനുവാദമില്ലായിരുന്ന ആ പെൺകുട്ടിക്ക് സ്വന്തമായുണ്ടായിരുന്നത് പിൻ‌വശത്തെ ജാലകത്തിലൂടെ കിട്ടുന്ന ഇത്തിരി മഴക്കാഴ്ചകളും,സ്കൂളിലും കോളേജിലും പോകുന്ന വഴിക്കു കണ്ടിരുന്ന പതിവുകാഴ്ചകളും, അപൂർവ്വമായിമാത്രം പുറത്തുപോകുമ്പോൾ കിട്ടിയിരുന്ന അത്ഭുതക്കാഴ്ചകളും മാത്രമായിരുന്നു എന്നും .ജാലകം തരുന്ന ഇട്ടാവട്ടക്ക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്ന മനസ്സ് അതിന്റെയപ്പുറത്തെ മായക്കാഴ്ചകളിലേക്കൊന്നിറങ്ങിനോക്കും.നട്ടുച്ചക്കു പോലും വെയിലിനെ കടത്തിവിടാതിരിക്കാൻ മൂടൽമഞ്ഞിനെയോമനിച്ചു വളർത്തുന്ന കരിം‌പച്ച വൃക്ഷത്തലപ്പുകൾ മറച്ചുപിടിച്ചിരിക്കുന്ന സ്വർഗ്ഗത്തിലേക്കൊരിക്കൽ നീണ്ടവെള്ളുടുപ്പിന്റെ ഞൊറിവുകൾ വിടർത്തി പതിയെ നടന്നു പോകുമെന്ന് മനസ്സിലുറപ്പിക്കും.ആരുമറിയാതെ സംഘടിപ്പിച്ച് ഒളിപ്പിച്ചുവച്ച് വായിക്കുന്ന ചിത്രപുസ്തകങ്ങളിൽ നിന്നുമൊപ്പിയെടുക്കുന്ന സ്വപ്നങ്ങളിൽ മഞ്ചാടിമണികൾക്കും,അപ്പൂപ്പൻ‌താടിക്കും ഇല്ലാനിറങ്ങൾ നൽകിയോമനിക്കും.ഭ്രാന്തിപ്പെണ്ണെന്ന വിളിക്ക് പുല്ലുവിലകൽ‌പ്പിക്കും.

അക്ഷരങ്ങൾ മനസ്സിലും,സ്വപ്നത്തിലും കോറിയിട്ടതിനേക്കാൾ അനേകമായിരമിരട്ടി കാഴ്ചകളായിരുന്നു പ്രിയതമൻ കൈപിടിച്ചുകൊണ്ടുപോയ ആ നാട്ടിൽ.അനേകായിരം സൌരയൂധങ്ങളും,ഇന്ദ്രധനുസ്സുകളും നിലത്തിറങ്ങിക്കിടക്കുന്നെന്നു തോന്നി.അതാവാം ആ കൌമാരക്കാരി ജനിച്ചുവീണ മണ്ണിനേക്കാൾ ആ മണൽക്കാടിനെസ്നേഹിച്ചുപോയത്.
അവിടുത്തെ പുലരികൾക്ക് സന്ധ്യകൾക്ക്, മഞ്ഞിന് ,വെയിലിന്, കാറ്റിന് ,കടലിന് ,മാനത്തിന് എല്ലാമെല്ലാം പണ്ടവളുടെ സ്വപ്നങ്ങൾ കൽ‌പിച്ചുകൂട്ടിയ ഇല്ലാനിറങ്ങളും,ഭ്രമാത്മകങ്ങളായ ഛായക്കൂട്ടുകളുമുണ്ടായിരുന്നു.
ഞാൻ വർണ്ണം നൽകിയ അപ്പൂപ്പൻ താടികളും,മഞ്ചാടിമണികളും എല്ലായിടത്തും ചില്ലലമാരികളിൽ നിറഞ്ഞിരുന്ന് എന്നോട് കിന്നാരം പറയുന്നു.ഞാൻ വരച്ചിട്ട പൂക്കൾ വഴിനീളെ നിന്നു ചിരിക്കുന്നു.എല്ലാമെല്ലാം സ്വന്തമാക്കാൻ എനിക്കാകപ്പാടെ രണ്ടുകണ്ണുകളും,സ്വപ്നലോകത്തിന് ഇട്ടാവട്ടവുമല്ലേ ഉള്ളു എന്നുമാത്രമായിരുന്നു സങ്കടം.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോഴൊക്കെ നാടെനിക്ക് അന്യമാകുന്നത് പതിയെ തിരിച്ചറിഞ്ഞു.പണ്ടത്തെ ഭ്രാന്തിക്കുട്ടിയുടെ കാഴ്ചകളെ മറച്ചുപിടിച്ചിരുന്ന മരമുത്തശ്ശികൾ കൊലപ്പെട്ടപ്പോഴാണ് ഇപ്പുറത്തെന്നപോലെ അപ്പുറത്തുമവ കാത്തുസൂക്ഷിച്ചിരുന്നത് ശൂന്യതമാത്രമെന്ന് തിരിച്ചറിഞ്ഞത്.പിന്നെന്നോ വിവാഹിതരാകുന്ന പെൺകുട്ടികൾക്കും,പ്രവാസികൾക്കും അനിവാര്യമായ ആ വിധി തന്നെ എനിക്കും വന്നുപെട്ടു.ആ നാട്ടിൽനിന്നും എനിക്കെന്നേക്കുമായി പോരേണ്ടിവന്നു.

പിന്നെ പതിയെപ്പതിയെ മണൽക്കാഴ്ചകളുമൊന്നൊന്നായെനിക്കന്യം വന്നു.ഒറ്റജാലകത്തിനപ്പുറം ചായമടർന്ന മതിലും,പൂഴിനിറഞ്ഞ ഇടവഴിയും വല്ലപ്പോഴുമുള്ള ഒച്ചയനക്കങ്ങളും മാത്രമായവ ഒതുങ്ങിപ്പോയി.ശൂന്യത പതിയെയെന്നിൽ പടർത്തിക്കൊണ്ടിരിക്കുന്ന വിഷാദരോഗം എന്റെ കുഞ്ഞുങ്ങളിലേക്ക് പടരുമോ എന്നെന്നിലെയമ്മ വ്യാകുലപ്പെടാൻ തുടങ്ങി.
നാട്ടിലെ മഴയെയും പ്രകൃതിയെയും നാട്ടുവഴികളെയും ഞാൻ പ്രണയിച്ചുതുടങ്ങി.എന്റെ മക്കളുടെ ബാല്യത്തിൽ നിന്ന് മഴയിറുത്തുമാറ്റാൻ ഞങ്ങൾക്കവകാശമില്ലെന്ന് മനസ്സുപറഞ്ഞു.മനസ്സില്ലാമനസ്സോടെ പ്രിയനോടും മണൽ‌പ്പാടത്തോടും വിടപറഞ്ഞ് ഞാൻ പ്രവാസം അവസാനിപ്പിച്ചു.
ആവാൻ കഴിയാഞ്ഞതെല്ലാം മക്കളെ ആക്കുക എന്ന സ്വാർത്ഥത എല്ലാ മാതാപിതാക്കൾക്കുമെന്നപോലെ എനിക്കുമുണ്ട്.സ്വപ്നം കാണാനവർക്ക് ഒരുതടസ്സവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.എവിടെയെങ്കിലും വയൽക്കരയിലോ കുളക്കരയിലോ ആകാം വീടെന്ന് ഞാൻ പറഞ്ഞതിനു പുല്ലുവിലകിട്ടി.കൊള്ളാവുന്ന സ്ഥലത്തെ ഇപ്പോഴത്തെ “തറവില” അനുസരിച്ച് ഇടത്തരക്കാരായ ഞങ്ങൾക്ക് സ്വന്തമാക്കാനായത് വെറും പതിനഞ്ച് സെന്റ് ഭൂമി.തരിശുഭൂമിക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന വീടുകണ്ട് നിരാശപ്പെടാൻ പോയില്ല.

മഴവീണുകുതിർന്ന മണ്ണിൽ അജ്ജിയുടെ പേരുചൊല്ലി ഇലഞ്ഞിയും,കണിക്കൊന്നയും വെൺചെമ്പകവും നട്ടു.ഓണത്തിനു പൂക്കളമൊരുക്കാൻ എന്റേം അടുത്ത വീട്ടിലേം ഉണ്ണികൾക്കു മുഴുവനും പൂകിട്ടാൻ നിലത്തും,മതിലിലും മുഴുവn തെച്ചിയും,മുല്ലയും,ജമന്തിയും,വാടാർമല്ലിയും,വാടാർമല്ലിയും,അരളിയും ,കുങ്കുമവും,ശംഖുപുഷ്പവും,കോളാമ്പിയും.നാലുമണിപ്പൂവും ,പവിഴമല്ലിയും,മഞ്ഞമന്ദാരവും,ഡാലിയയും,ഓർക്കിഡും പടർത്തി .(അടുത്ത ഓണത്തിന് ആൽത്തറയിൽ കളമിടാൻ പൂവപ്പിടി എന്റെ മുറ്റത്തുനിന്ന്.)അടുക്കളപ്പുറത്ത് പേരയും,ചാമ്പയും,വാഴയും.മാവും,റം‌പ്യൂട്ടാനും,അരിനെല്ലിയും,ലൂവിക്കയും,നാരകവും,മുരിങ്ങയും
തെങ്ങും,മങ്കോസ്റ്റിനും കൈകോർത്തു നിൽക്കുന്നുണ്ട്.കീഴാർനെല്ലിയും,ഉഴിഞ്ഞയും,തുളസിയും,കറുകയും,മുയൽച്ചെവിയും,മുക്കുറ്റിയും,നിലപ്പനയും,തഴുതാമയും,വെറ്റിലക്കൊടിയും,തുമ്പയും,ബ്രഹ്മിയും,കഞ്ഞുണ്ണിയും ഒപ്പം കൂട്ടിനുണ്ട്.നിറയെ പൂമ്പാറ്റകളും,അണ്ണാർക്കണ്ണന്മാരും,കിളികളുമുണ്ട്.

ഇതിനിടയിലെങ്ങോട്ടാണെന്റെ സ്വപ്നങ്ങളൊന്നോടെ പടിയിറങ്ങിപ്പോയത്?മനസ്സിലെ വർണ്ണങ്ങളപ്പാടെയടർന്നത്?
എന്തിനാണു ഞാനിന്നും പിടഞ്ഞുകൊണ്ടിരിക്കുന്നത്..

നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം.മനുഷ്യനെന്നും അക്കരപ്പച്ചകൾ മാത്രമാണു സ്വന്തം അല്ലേ?

എല്ലാ ആൽത്തറനിവാസികൾക്കും പുതുവത്സരാശംസകൾ!ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.പ്രളയങ്ങളുടെ,കൊടുങ്കാറ്റുകളുടെ,യുദ്ധങ്ങളുടെ,മതവർഗ്ഗീയ ലഹളകളുടെ,പട്ടിണിയുടെ,സ്ഫോടനങ്ങളുടെ മറ്റുദുരന്തങ്ങളുടെ ഒക്കെ ജീവിച്ചിരിക്കുന്ന ഇരകൾക്കായി പ്രാർത്ഥനയുടെ ഒരു തിരിനാളം

No comments:

Post a Comment