നാലുമണി കഴിഞ്ഞതേയുള്ളൂ. കാറ്റ് ഡിസംബറിന്റെ തണുപ്പിനെ തൂകിത്തുടങ്ങിയിരിക്കുന്നു. ദൂരെ മലകളുടെയപ്പുറത്തുള്ള നീലിമയില്‍ കോടമഞ്ഞിന്റെ വെളുപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വെള്ളിവെളിച്ചത്തിലൂടെ പോകുന്ന വണ്ടി ഇരുവശവും വനങ്ങളുള്ള സ്‌ഥലങ്ങളിലെത്തുമ്പോള്‍ ഇടയ്‌ക്കിടെ നേര്‍ത്ത ഇരുട്ടിലേക്ക് ഊളിയിട്ടു കയറുന്നുണ്ട്.
മലവെട്ടി ഒഴുക്കിയ വഴി കടന്ന്
ഒഴുകിയൊഴുകി നമ്മള്‍ രാക്ഷസകഥയിലെ ഗുഹയിലേക്കാണോ ചെന്നു കയറുന്നത്. നോക്ക്, ഒരു ചെറുമലയെ നെടുകേ പകുത്ത് പോകുകയാണ് ഈ വഴി. പെട്ടെന്ന് ഇരുട്ടുപരന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗതയൊന്നു കുറച്ച് ഹെഡ്‌ലൈറ്റിട്ടു. ആ വെട്ടത്തില്‍ ഇരുവശങ്ങളിലേയും പരുക്കന്‍ കരിങ്കല്‍ച്ചുവരുകള്‍ തിളങ്ങി. പ്രകൃതിയൊരുക്കിയ ഈ കരിങ്കല്‍ഭിത്തികള്‍ക്കും മേലേ മരങ്ങളും കാട്ടുവള്ളികളും ഇരുവശങ്ങളില്‍ നിന്നും കൈകോര്‍ത്ത് പച്ചിലച്ചാര്‍ത്തുകള്‍ കൊണ്ട് മേല്‍ക്കൂര പണിതിരിക്കുന്നു. വണ്ടി ഒന്നു നിര്‍ത്താം.
നിശ്ശബ്‌ദതയുടെ മങ്ങിയ ഇരുട്ടില്‍ നിന്നെങ്ങോ കിളിയൊച്ചകള്‍. വന്യമായ അനക്കങ്ങള്‍. കാറ്റ് ഇലകളെ തൊട്ടുതൊട്ടു വിരിയിക്കുന്ന ഹരിതസംഗീതം.
''ഇനിയെത്ര ദൂരം പോകണം കവയിലേക്ക്'' ഞാന്‍ മുന്‍പരിചയക്കാരനായ സഹപ്രവര്‍ത്തകനോടു ചോദിച്ചു. ''കവ തുടങ്ങിക്കഴിഞ്ഞു. ഈ ഭംഗികളിലൂടെയുള്ള യാത്രയാണ് ഇവിടെ നിന്നു കിട്ടുന്ന ഏറ്റവും വലിയ രസം''അയാള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ വനം ഒരു വശത്തുമാത്രമാകുന്നു. ചിലപ്പോള്‍ ഇരുവശവും വയലുപോലെ പരന്നുകിടക്കുന്ന ജലാശയങ്ങള്‍. സത്യത്തില്‍ മലമ്പുഴഡാമിന്റെ അരികുപറ്റിയാണ് നമ്മളുടെ യാത്ര. ഈ ജലാശയം ഡാമിന്റെ ഭാഗമാണ്. ഇടതുവശത്ത് കാടുകളും പശ്‌ചിമഘട്ടത്തിന്റെ സമീപദൃശ്യവും. വലതുവശത്ത് വെള്ളമില്ലാത്ത വയലുകള്‍ക്കപ്പുറം പരന്നു കിടക്കുന്ന ജലാശയം. അതിനുമപ്പുറം ഒരു ചിത്രകാരന്റെ ഭാവനയിലെന്ന പോലെ ചാഞ്ഞുചരിഞ്ഞു കിടക്കുന്ന മലനിരകള്‍. അകലം കൂടുംതോറും നീലിമനിറഞ്ഞു കാണുന്ന ആകാശം. '' ദാ..'' സുഹൃത്ത് കൈചൂണ്ടി. ഞങ്ങള്‍ക്കു തൊട്ടടുത്ത് റോഡിനു താഴെയായി നാലഞ്ചുമൈലുകളടങ്ങിയ ഒരു ചെറുകൂട്ടം വിലസുന്നു. ഒരുമൈല്‍ പീലിവിരിച്ച് നില്‍ക്കുന്നു. ഇതിവിടുത്തെ ഒരു സ്‌ഥിരം കാഴ്‌ചയാണത്രേ.
കമലിപ്പുല്ലുകളുടെ താഴ്‌വരകള്‍
ചിലപ്പോള്‍ വഞ്ചിപ്പുല്ലുകളുടെ തിളക്കമുള്ള സമതലങ്ങള്‍ക്കരുകിലൂടെ മറ്റു ചിലപ്പോള്‍ തലയുയര്‍ത്തിനില്‍ക്കുന്ന പശ്‌ചിമഘട്ടത്തിനരുകിലൂടെ, പണ്ടെങ്ങോ കുടിയേറിയ,തമിഴും മലയാളവും മാറിപ്പോകുന്ന പാവപ്പെട്ട മനുഷ്യരുടെ പനമ്പട്ടപാകിയ കുടിലുകള്‍ക്കരുകിലൂടെ അതു നീളുന്നു. ഒത്തിരിദൂരം ഒരേനിരപ്പില്‍ വളഞ്ഞുപുളഞ്ഞ് തരംഗസമാനമായ വഴികള്‍. കൂട്ടം കൂട്ടമായി മാടുകള്‍. കാട്ടില്‍ നിന്നും വിറകുകെട്ടുകളും തലയില്‍ ചുമന്ന് വീടുകളിലേക്ക് വരിവരിയായി പോകുന്ന പെണ്ണുങ്ങള്‍. വല്ലപ്പോഴും മാത്രം ആയാസപ്പെട്ട് വളഞ്ഞുതിരിഞ്ഞു പോകുന്ന ലൈന്‍ബസ്.
നമുക്ക് മുന്നോട്ടു പോകാം.
എലാക്ക് വെള്ളച്ചാട്ടം
ഇപ്പോള്‍ നമ്മള്‍ എലാക്ക് വെള്ളച്ചാട്ടത്തിനരുകിലാണ്. പാറകളില്‍ ജലം മീട്ടുന്ന സംഗീതം. കാറ്റു വീശുമ്പോള്‍ അതിന് എന്തൊരു തണുപ്പ്. ഒട്ടും അപകടകരമല്ല ഈ വെള്ളച്ചാട്ടം. വേനലായതിനാല്‍ ഒഴുക്ക് തീരെ കുറവാണ് . വേണമെങ്കില്‍ ഒന്നു കുളിക്കുകയുമാവാം.
പാറകളെ പറ്റിച്ചേര്‍ന്നൊഴുകുന്ന പലപല ജലനാടകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു വെള്ളച്ചാട്ടമാകുന്ന കാഴ്‌ച രസകരമാണ്. കാടിനുള്ളില്‍ മഞ്ഞു പെയ്‌തു തുടങ്ങുമ്പോള്‍ ഈ വെള്ളച്ചാട്ടത്തിന് അല്‍പ്പം കൂടി ശക്‌തിയുണ്ടാകും. മഴക്കാലത്തു പക്ഷേ പാറകളെയും മറച്ചു കുത്തിയൊലിച്ചു പായുമത്രേ ഈ ചെറിയ വെള്ളച്ചാട്ടം. ഇപ്പോള്‍ നമുക്ക് ഈ തണുപ്പിന്റെ കുളിരിനെ തൊട്ടറിയാം. മഴക്കാലത്ത് പക്ഷേ, ഈ വെള്ളച്ചാട്ടത്തിന്റെ വന്യത ദൂരെ നിന്നുകാണുക മാത്രമേ കഴിയൂ .
കവറക്കുണ്ട് വെള്ളച്ചാട്ടം
വണ്ടി നിര്‍ത്തി. ഇനി അരക്കിലോമീറ്റര്‍ നടക്കണം കവറക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. കാടിന്റെ ഭംഗികള്‍ ആസ്വദിച്ചുകൊണ്ടുള്ള ചെറിയൊരു കയറ്റം തന്നെയിത്. കാട്ടില്‍ ഇടയ്‌ക്ക് ആനയിറങ്ങാറുണ്ടെന്ന് വഴിയില്‍ കണ്ടുമുട്ടിയ ഇലക്‌ട്രിസിറ്റി ഉദ്യേഗസ്‌ഥര്‍ പറഞ്ഞു. എങ്കിലും പകല്‍സമയങ്ങളില്‍ ആനയിറങ്ങുന്ന പതിവ് കുറവാണത്രേ. മറ്റു വന്യജീവികളുടെ സാന്നിദ്ധ്യവും തീരെ കുറവാണ് ഈ വനപ്രദേശത്ത്.
കാടിന്റെ വന്യതയില്‍ നിന്നും ഇരമ്പിവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗികള്‍ നമ്മളിലേക്ക് കുളിരു കോരിയെറിയുന്നു. വെള്ളിമണികള്‍ ചിതറിച്ചിതറി ഉരുണ്ടുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. വെള്ളച്ചാട്ടത്തില്‍ നിന്നും കുതിക്കുന്ന അരുവി കാടിന്റെ പച്ചിലച്ചാര്ത്തുകള്ക്കിടയിലൂ
No comments:
Post a Comment