ഇന്ന് പ്രസ്റ്റീജ് വിളിച്ചപ്പോള്‍ ശരിക്കും സങ്കടം വന്നു. ഇന്നലെ ഉച്ചക്കാണല്ലോ ഞാന്‍ വീട്ടില്‍ നിന്നു പോന്നത്. നാലുദിവസം അവിടെ നിന്നിട്ടും ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലോ...
അല്ലെങ്കിലും ഇത്തവണ വീട്ടില്‍ പോയിട്ട് എങ്ങോട്ടാണിറങ്ങിയത്? മുററത്തിനതിരുവിട്ടു പോയത് കുറച്ചപ്പുറത്തെ കറിവേപ്പുതൈയ്യുടെ അടുത്തേക്കുമാത്രമാണ്. ആറ്റിലേക്കിറങ്ങിയില്ല. താഴെ വഴിയിലേക്കിറങ്ങിയില്ല.
ഒരു ദിവസം ഉച്ചയക്ക് കിടന്നുറങ്ങി. അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യം.
'മതിയൊറങ്ങിയത്. രണ്ടുമണിക്കൂറായി'...അമ്മച്ചിയുടെ ഓര്‍മപ്പെടുത്തല്‍ കേട്ട് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.
അപ്പോഴും ബിജുവിനേയും പ്രസ്റ്റീജിനേയും ഓര്‍ക്കുന്നുണ്ട്. വിളിച്ചാലോന്ന് വിചാരിക്കുന്നുണ്ട്. കുറച്ചു കഴിയട്ടേന്ന് വിചാരിച്ചത് നീണ്ടുപോയി.
ബിജുവും പ്രസ്റ്റീജും വിളിക്കുമ്പോള്‍ മറ്റാരു വിളിക്കുന്നതിലുമേറെ സന്തോഷം തോന്നുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മുമ്പ് കത്തെഴുതിയിരുന്നതുപോലെ വല്ലപ്പോഴുമാണ് ഫോണില്‍ സംസാരിക്കുന്നതും. ഒരുപാടുകാര്യങ്ങള്‍ ഒററ ദിവസത്തില്‍ പറഞ്ഞു തീര്‍ക്കും ഞങ്ങള്‍.
ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാര്‍. ബിജു പെട്ടെന്ന് അടുത്തു. പക്ഷേ, പ്രസ്റ്റീജ് വളരെ വൈകിയും. നന്നായി പാടിയിരുന്നു പ്രസ്റ്റീജ്. കവിത എഴുതിയിരുന്നു. ഇപ്പോള്‍ ചോദിച്ചാല്‍ അതൊക്കെ മറന്നു പോയെന്നു പറയും അവന്‍. പാടാനുമറിയില്ല. എഴുതാനുമറിയില്ല. ആകെ കണക്കുകൂട്ടാന്‍ മാത്രം. ജോലി ബാങ്കിലായതുകൊണ്ട് ജീവിതത്തിന്റെ കണക്കാണോന്ന് എടുത്തു ചോദിക്കാറില്ലെന്നു മാത്രം.
ബിജൂ, നിന്നെയൊരു പോലീസുകാരനായിട്ട് കാണാന്‍ ഇപ്പോഴുമെനിക്കാവുന്നില്ലല്ലോ എന്നു പറയണമെന്നുണ്ട്.
നാട്ടിലെത്തിയിട്ട് വിളിക്കാത്തതിലൊന്നും പരാതിയില്ല പ്രസ്റ്റീജിന്. അങ്ങനെ പരാതി പറഞ്ഞിരുന്നെങ്കില്‍ അവരിന്നും എന്റെ ദൂരത്തിരിക്കുന്ന അതിനേക്കാളേറെ അരികത്തിരിക്കുന്ന കൂട്ടുകാരാവുമായിരുന്നില്ല.
ഡിഗ്രി ക്ലാസില്‍ ഒരുപാടുപേരുണ്ടായിരുന്നല്ലോ...ദൂരത്തിരിക്കുന്ന എനിക്കും അവരെക്കുറിച്ചൊന്നുമറിയില്ല. അന്വേഷിക്കാറുണ്ട്. ആരെയെങ്കിലും കാണാറുണ്ടോ എന്നൊക്കെ....
പക്ഷേ, ഞങ്ങളറിയുന്നു. എന്നും.
മൂവരും വിവാഹിതരായി. കുടുംബമായി. കൂട്ടത്തിലെ പെണ്ണ് ഞാനായതുകൊണ്ട് കുറച്ചുനേരത്തെ....
മുമ്പൊക്കെ കത്തായിരുന്നു. പിന്നെ ഫോണും. നാട്ടിലെത്തുമ്പോള്‍ കാണും. പക്ഷേ, എന്റെ വിവാഹദിവസത്തിനുശേഷം മൂവരുമൊരുമിച്ചു കണ്ടിട്ടില്ല. അങ്ങനെ കാത്തിരിക്കാറുമില്ല.
എപ്പോഴാണ് കത്തെഴുതാന്‍ തോന്നുന്നത് എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അല്ലെങ്കില്‍ വിളിക്കാന്‍ തോന്നുന്നത് എന്നു ചോദിച്ചിട്ടില്ല. തിരിച്ചും.
ഇവിടെ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്നു തോന്നുമ്പോള്‍, വിഷമിച്ചിരിക്കുമ്പോള്‍, ഒരുപാടു സന്തോഷിക്കുമ്പോള്‍ മറുതലക്കല്‍ ഞാനവരുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. എപ്പോഴും....
No comments:
Post a Comment