Thursday, January 6, 2011

ഗൂഗിള്‍ ലാബ്‌സില്‍ വിരിയാന്‍ കാക്കുന്നവ






മറ്റ് കമ്പനികളെപ്പോലെയല്ല ഗൂഗിള്‍. അവിടെ തൊഴിലെടുക്കുന്നവര്‍ക്ക് ജോലിസമയത്തിന്റെ '20 ശതമാനം' തങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രോജക്ടുകള്‍ക്കായി നീക്കിവെയ്ക്കാം. സാധാരണഗതിയില്‍ ഏത് കമ്പനിയിലായാലും, ഒരാളെ ജോലിക്കെടുക്കുമ്പോള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഏതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഉത്തരവാദിത്വങ്ങള്‍ ആഴ്ചയിലൊരു ദിവസം മറക്കാം. എന്നിട്ട് തനിക്ക് ഇഷ്ടപ്പെട്ട പ്രോജക്ടില്‍ ആ ദിവസം പണിയെടുക്കാം. ഇങ്ങനെ 'ജോലിയേതര' പദ്ധതികളില്‍ ഉരുത്തിരിയുന്ന ഉത്പന്നങ്ങള്‍ 'ഗൂഗിള്‍ ലാബ്‌സി'ലാണ് അടവെയ്ക്കുക, വിരിയാന്‍.

ഗൂഗിള്‍ ലാബ്‌സില്‍ നിന്ന് പറക്കമുറ്റി പുറത്തു വന്ന പല ഉത്പന്നങ്ങളും ഇന്ന് നമുക്ക് പരിചിതങ്ങളാണ്. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അലെര്‍ട്ട്‌സ്, എസ്.എം.എസ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രെന്‍ഡ്‌സ്, ഗൂഗിള്‍ സോഷ്യല്‍ സെര്‍ച്ച്.....ഈ പട്ടിക ഇനിയും നീട്ടാം. എന്നാല്‍, ലാബ്‌സില്‍ നിന്ന് ഒരാശയം, ഗൂഗിള്‍ ഉത്പന്നമായി പുറത്തുവരിക അത്ര എളുപ്പമല്ല. നിലവില്‍ അമ്പതോളം ആശയങ്ങള്‍ ഗൂഗിള്‍ ലാബ്‌സില്‍ പരീക്ഷണഘട്ടത്തിലാണ്. അവയില്‍ എത്രയെണ്ണം പുറത്തുവരുമെന്ന് പറയാറായിട്ടില്ല. എങ്കിലും പ്രതീക്ഷയേകുന്ന ചില ഉത്പന്നങ്ങളാണ് ചുവടെ.

1. ഫാസ്റ്റ് ഫ് ളിപ്പ് (Fast Flip)

സാധാരണഗതിയില്‍ ഒരു പത്രത്തിന്റെ ഇ-പേപ്പറില്‍ പരസ്യങ്ങളും ഇമേജുകളുമൊക്കെയുണ്ടാകും. അതിനാല്‍ പത്രത്തിലെ തലക്കെട്ടുകള്‍ നോക്കണമെങ്കില്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണെങ്കില്‍ പോലും സാധാരണ ബ്രൗസറുകളില്‍ സമയമെടുക്കും. ഇതിന് പകരമായി മുന്തിയ പത്രങ്ങളിലെ തലക്കെട്ടുകള്‍ മാത്രം ഒറ്റയടിക്ക് ഓടിച്ച് നോക്കാനുള്ള സങ്കേതമാണ് ഫാസ്റ്റ് ഫ് ളിപ്പ്. അച്ചടിയുടെയും ഓണ്‍ലൈനിന്റെയും ലോകം സമ്മേളിക്കുകയാണ് ഇവിടെ.

ഈ സര്‍വീസിനായി ഒട്ടേറെ പ്രസാധകരുമായി ഗൂഗിള്‍ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. വിഷയം, സ്രോതസ്സ്, ജനപ്രിയത എന്നിവ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ തരംതിരിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ഒരാളുടെ വായനയുടെ രീതിയനുസരിച്ച് കസ്റ്റമറൈസ് ചെയ്യാനും ഫാസ്റ്റ് ഫ് ളിപ്പില്‍ കഴിയും. ഇതില്‍ പരസ്യം വഴി കിട്ടുന്ന വരുമാനം മാധ്യമക്കമ്പനികളുമായി ഗൂഗിള്‍ പങ്കിടും. പത്രങ്ങള്‍ക്ക് വായനക്കാരിലേക്കെത്താന്‍ പുതിയൊരു വഴി തുറക്കലാകുമിത്. വായനക്കാര്‍ക്ക് ഏറ്റവും പുതിയ വര്‍ത്തമാനം ലഭിക്കാനുള്ള പുതിയ മാര്‍ഗവും.

2. എര്‍ത്ത് എന്‍ജിന്‍ (Earth Engine)

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്ന സങ്കേതമാണിത്. 25 വര്‍ഷത്തെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഈ സര്‍വീസ് ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞ മാസം മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിലാണ് എര്‍ത്ത് എന്‍ജിന്‍ അവതരിപ്പിച്ചത്.

ഉപഗ്രഹചിത്രങ്ങളെ വളരെ പ്രയോജനപ്രദമായ വിവരങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്ന സര്‍വീസാണ് എര്‍ത്ത് എന്‍ജിനെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു. ആഗോളതലത്തില്‍ വനമേഖലകളുടെ വിസ്തൃതി മനസിലാക്കാനും, വര്‍ഷം കഴിയുന്തോറും അതിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാനും ഈ സര്‍വീസ് തുണയാകും. വനം മാത്രമല്ല, ജലലഭ്യതയിലെ മാറ്റം ഉള്‍പ്പടെയുള്ള വിവരങ്ങളും ഇതില്‍ നിന്ന് മനസിലാക്കാം.

ഗൂഗിള്‍ ലാബ്‌സിലെ പല പരീക്ഷണങ്ങളിലും സാധാരണ യൂസര്‍ക്കും പങ്കെടുക്കാം. എന്നാല്‍, എര്‍ത്ത് എന്‍ജിന്‍ അത്തരത്തില്‍ ഇപ്പോള്‍ ലഭ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്കും സര്‍ക്കാരേതിര സംഘടനകള്‍ക്കും സര്‍വകലാശാലകള്‍ക്കുമേ ഇപ്പോള്‍ ഈ സര്‍വീസ് പരീക്ഷിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളു.

3. ബോഡി ബ്രൗസര്‍ (Body Breowsr)

മനുഷ്യശരീരത്തിലൂടെയുള്ള പര്യടനമെന്ന ആശയമാണ് ബോഡി ബ്രൗസറിലേത്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം ത്രീഡി രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണിത്. ഗൂഗിള്‍ മാപ്‌സ് പോലെ പ്രത്യേകം സോഫ്ട്‌വേറിന്റെ പിന്തുണയില്ലാതെ, മനുഷ്യ ശരീരത്തിന്റെ ത്രീഡി രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാന്‍ ഇത് അവസരമൊരുക്കുന്നു.

സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം ത്രീഡി രൂപങ്ങളില്‍ പേശികളും നാഡികളും തൊലിയും അവയവങ്ങളും അവയുടെ സ്ഥാനങ്ങളും ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം. മനുഷ്യശരീരത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സര്‍വീസിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

4. ഫോളോ ഫൈന്‍ഡര്‍ (Follow Finder)

ഫോളോ ഫൈന്‍ഡര്‍ എന്ന സങ്കേതം കഴിഞ്ഞ ഏപ്രിലിലാണ് ഗൂഗിള്‍ ലാബ്‌സ് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ ഒരാള്‍ക്ക് പിന്തുടരാന്‍ അനുയോജ്യമായവരെ കണ്ടെത്തി നിര്‍ദേശിക്കുകയാണ് ഈ ടൂള്‍ ചെയ്യുക. 'പബ്ലിക് സോഷ്യല്‍ ഗ്രാഫ് വിവരങ്ങള്‍' വിശകലനം ചെയ്താണ് നിങ്ങള്‍ക്ക് പിന്തുരാന്‍ പറ്റിയവരെ ഈ ടൂള്‍ നിര്‍ദേശിക്കുക.

നിങ്ങളുടെ ട്വിറ്ററിലെ പേര് നല്‍കിക്കഴിഞ്ഞാല്‍, നിങ്ങള്‍ പിന്തുടരുന്ന ആളുകളെ പിന്തുടരുന്നവരുടെ ('Tweeps') പട്ടിക ഈ ടൂള്‍ നല്‍കും. അത് നോക്കി നിങ്ങള്‍ക്ക് അനുയോജ്യരെന്ന് കണ്ടാല്‍ പിന്തുടരാം.

ആമസോണ്‍ പോലുള്ള സൈറ്റുകള്‍ വഴി പുസ്തകം വാങ്ങുമ്പോള്‍ അതേ പുസ്തകം വാങ്ങിയവര്‍ വാങ്ങിയ മറ്റ് പുസ്തകങ്ങളുടെ ലിസ്റ്റ് മുമ്പിലെത്താറുണ്ടല്ലോ. അതേപോലെ, ഒരു സംവിധാനം ഫോളോ ഫൈന്‍ഡറിലുമുണ്ട്.

ഉദാഹരണത്തിന് നിങ്ങല്‍ ബിബിസിയും സിഎന്‍എന്നും പിന്തുടരുന്ന ആളാണെന്ന് കരുതുക. ആ സൈറ്റുകളെ ഫോളോ ചെയ്യുന്ന പലരും ടൈം മാഗസിനെയും ഫോളോ ചെയ്യുന്നുണ്ടാകും. ഇത് മനസിലാക്കി, നിങ്ങള്‍ക്ക് ഫോളോ ചെയ്യാവുന്ന സൈറ്റാണ് ടൈം മാഗസിന്‍ എന്ന് ഫോളോ ഫൈന്‍ഡര്‍ നിര്‍ദേശിക്കും-ഗൂഗിള്‍ വിശദീകരിക്കുന്നു.

പക്ഷേ, ഈ ടൂളിന്റെ പ്രശ്‌നം, ഇത് ട്വിറ്ററിന്റെ 'more like' ഫീച്ചറിനോട് വളരെ സാമ്യമുള്ളതാണ് എന്നതാണ്. എങ്ങനെ ഇത് വ്യത്യസ്തമാക്കാമെന്ന് നിങ്ങള്‍ക്കും ഗൂഗിളിനോട് നിര്‍ദേശിക്കാം. ഗൂഗിള്‍ ലാബ്‌സിലെ പല ഉത്പന്നങ്ങളും ഇത്തരത്തില്‍ യൂസര്‍മാരുടെ കൂടി ആശയങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടാറ്.

5. ആപ്പ് ഇന്‍വെന്റര്‍ ഫോര്‍ ആന്‍ഡ്രോയിഡ് (App Inventor for Android)

മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ആശയമാണിത്. ഇത്രകാലവും പ്രോഗ്രാം ഡെവലപ്മാരുടെയും വിദഗ്ധരുടെയുമായിരുന്നു മൊബൈല്‍ ആപ്ലിക്കേഷന്‍ മേഖല. സാധാരണക്കാര്‍ അത്തരം ആപ്ലിക്കേഷനുകളുടെ വെറും ഉപഭോക്താക്കള്‍ മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം മാറ്റാനാണ് ഈ സോഫ്ട്‌വേര്‍. ഇതുപയോഗിച്ച് ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്താന്‍ ഡെവലപ്പര്‍മാരുടെ ആവശ്യമില്ല, ഒരു പ്രോഗ്രാമിങ് ജ്ഞാനവും വേണ്ട!

ആപ്ലിക്കേഷന് ആവശ്യമായ സോഫ്ട്‌വേര്‍ കോഡുകള്‍ എഴുതിയുണ്ടാക്കുന്നതിന് പകരം, നിങ്ങള്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന (ഡിസൈന്‍) ചെയ്‌തെടുക്കുകയാണ് വേണ്ടത്. ആപ്ലിക്കേഷന്റെ സ്വഭാവം നിശ്ചയിക്കാന്‍ സഹായിക്കുന്ന ബ്ലോക്കുകള്‍ ക്രമത്തില്‍ അടുക്കി കാര്യം സാധിക്കാമെന്ന്, ഗൂഗിള്‍ ലാബ്‌സ് അറിയിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്‍ ഇത് പരീക്ഷണത്തിന് ലഭ്യമാണ്.



Mathrubhumi

No comments:

Post a Comment