Monday, January 10, 2011

ഇനി മനസ്സുകൊണ്ട് കമ്പ്യൂട്ടറിനെ നിയന്ത്രിക്കാം


മുംബൈ: മൗസും കീപ്പാഡും കമ്പ്യൂട്ടറിന്റെ ഭാഗമല്ലാതാവുന്ന അവസ്ഥ ഇപ്പോള്‍ തന്നെയുണ്ട്. ഫുള്‍ടച്ച് സ്‌ക്രീനോട് കൂടിയ ഐപാഡ് പോലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഉദാഹരണം. ഭാവിയില്‍ വിരല്‍ത്തുമ്പ് പോലും വേണ്ട, ചിന്ത തന്നെ ധാരാളം എന്ന സ്ഥിതി വന്നേക്കാം. മനസ്സിലെ ചിന്താ തരംഗങ്ങളിലൂടെയും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാന്‍ കഴിയുമെന്നു തെളിഞ്ഞുകഴിഞ്ഞു. മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ശാസ്ത്ര പ്രദര്‍ശനത്തിലാണ് ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ സോഫ്ട്‌വേര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിക്കപ്പെട്ടത്.

ചിന്തിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന തരംഗങ്ങളെ കമ്പ്യൂട്ടറിലേക്ക് കമാന്‍ഡുകളായി അയയ്ക്കപ്പെടുമ്പോള്‍ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സോഫ്ട്‌വേറിന്റെ പ്രത്യേകത. 2005ല്‍ തുടങ്ങിയ ഗവേഷണമാണ് ഈ സോഫ്റ്റ്‌വെയര്‍ഓപ്പണ്‍ വിബ് കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്.

ഗവേഷകര്‍, ചികിത്സകര്‍, വീഡിയോ ഗെയിം നിര്‍മാതാക്കള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് കമ്പ്യൂട്ടര്‍ സയന്‍റിസ്റ്റുകളായ യാന്‍ റിനാര്‍ഡ്, ലോറന്‍റ് ബോണറ്റ് എന്നിവര്‍ പറയുന്നു.

ആസ്​പത്രിയിലും മറ്റും ഇ.ഇ.ജി എടുക്കുന്ന രീതിയില്‍ ഇലക്‌ട്രോ എന്‍സെഫലോഗ്രാം തലയില്‍ ധരിച്ച് ഇതിന്റെ വയറുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് സോഫ്ട്‌വേറിന്റെ പ്രവര്‍ത്തനം. വിരലുകള്‍ ഉപയോഗിക്കാതെ അക്ഷരങ്ങള്‍ പോലും കമ്പ്യൂട്ടറില്‍ ചിന്തയിലൂടെ രേഖപ്പെടുത്തുവാന്‍ കഴിയും. ചലനശേഷി ഇല്ലാത്തവര്‍ക്കും മറ്റും ഇത് ഉപയോഗപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത.

Mathrubhumi

No comments:

Post a Comment