Thursday, November 25, 2010
വെയിലു കൊള്ളൂ, പൊണ്ണത്തടി കുറക്കൂ..
കുട്ടികളെ വെയിലും മഴയും കൊള്ളിക്കാതെ 'അരുമ'യായി വളര്‍ത്തുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളില്‍ അധികവും. എന്നാല്‍ കുട്ടികള്‍ അല്‍പം വെയിലുകൊണ്ടു തന്നെ വളരണമെന്നാണ് അമേരിക്കയില്‍ ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്.
പുറത്ത് കടക്കാതെ വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികള്‍ പൊണ്ണത്തടിയുള്ളരായി കാണപ്പെടുന്നത് ഇന്ന് സാധാരണമാണ്. പലപ്പോഴും കുട്ടികളുടെ പൊണ്ണത്തടിക്ക് രക്ഷിതാക്കള്‍ ഡോക്ടര്‍മാരുടെ അടുത്തേക്കക് ഓടുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളില്‍ വിറ്റമിന്‍ ഡി.യുടെ കുറവ് പൊണ്ണത്തടിക്ക് കാരണമാവുന്നതായാണ് യൂണിവേഴ്‌സിറ്റി ഓഫ് മിചിഗണിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
ഇത്തരം കുട്ടികളില്‍ അവരുടെ അരക്കെട്ടിന്റെ ഭാഗത്ത് അഥവാ ശരീരത്തിന്റെ മധ്യത്തിലായാണ് കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത്. രക്തത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് കുറവുള്ള കുട്ടികളുടെ ഭാരം ആവശ്യത്തിന് വിറ്റമിന്‍ ഡി ഉള്ള കുട്ടികളേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നതായി ശാസ്ത്രഞ്ജര്‍ കണ്ടെത്തി.
സാധാരണയായി രണ്ട് രീതികളിലൂടെയാണ് ശരീരത്തില്‍ വിറ്റമിന്‍ ഡി ഉണ്ടാവുന്നത്. മിക്ക ഭക്ഷണ പദാര്‍ഥങ്ങളിലും ചെറിയ അളവിലെങ്കിലും വിറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ശരീരരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെയും വിറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നു. അഥവാ ഇവ രണ്ടില്‍ ഒന്നിന്റെ അഭാവം വിറ്റമിന്‍ ഡിയുടെ കുറവിന് കാരണമാവുന്നു.
സൂര്യപ്രകാശം ഏല്‍ക്കാന്‍ സാഹചര്യം ലഭിക്കാത്ത കുട്ടികളില്‍ പൊണ്ണത്തടി കൂടുതലായി കാണപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്ന് ഗവേഷക സംഘത്തിലെ ശാസ്ത്രജ്ഞന്‍ വില്ലമൂര്‍ പറഞ്ഞു. കുട്ടികളില്‍ വിറ്റമിന്‍ ഡിയുടെ അഭാവം ലോകമൊട്ടുക്കും വ്യാപകമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വിറ്റമിന്റെ കുറവ് പൊണ്ണത്തടിക്ക് കാരണമാവുന്നതിനു പിന്നിലെ പ്രക്രിയ എന്തെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കൂടുതല്‍ ആഴമേറിയ പഠനങ്ങളിലൂടെ ഇവ തമ്മിലെ പരസ്‌പര ബന്ധം കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
അഞ്ചുമുതല്‍ 12 വയസ്സു വരെയുള്ള 479 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2006 ല്‍ തുടങ്ങിയ പഠനം 30 മാസങ്ങള്‍ക്ക് ശേഷമാണ് അവസാനിച്ചത്.
www.keralites.net
Subscribe to:
Post Comments (Atom)
No comments:
Post a Comment