Friday, November 26, 2010
ഓഹരിവിപണിയില്‍ നേട്ടം കൊയ്യാന്‍ സൂത്രവാക്യങ്ങള്‍ ഉണ്ടോ?
ലാഭമെടുക്കലിനു ഫോര്‍മുല എന്ത്?
നിക്ഷേപകരും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും നിക്ഷേപിച്ച് കൈപൊള്ളിയവരും ഒക്കെ തേടുന്ന ഉത്തരങ്ങളാണ്.
ഇതാ ഉത്തരങ്ങള്‍ നല്‍കാന്‍ യോഗ്യനായ ആള്‍ - എഡ്വേര്‍ഡ് ജയാക്. പ്രായം 94 വയസ്. നിക്ഷേപപരിചയം 72 വര്‍ഷം. നേട്ടം 25 ലക്ഷം ഡോളര്‍. അതായത് ഏതാണ്ട് 11.5 കോടി രൂപ. അമേരിക്കയില്‍ നെവാഡയിലെ ഹെന്‍ഡേഴ്‌സണില്‍ താമസം.
ഇടത്തരക്കാരനായ ജയാക് ലളിതമായ നിക്ഷേപതന്ത്രമാണു സ്വീകരിച്ചിട്ടുളളത്. മുക്കാല്‍ നൂറ്റാണ്ടായി ആ തന്ത്രം മാറ്റിയിട്ടില്ല. ചെറിയ നിക്ഷേപങ്ങളില്‍ നിന്ന് രണ്ടര മില്യണ്‍ ഡോളര്‍ ആദായമുണ്ടാക്കിയ ശേഷവും കേവലം നാലുലക്ഷം ഡോളറിന്റെ (1.8 കോടി രൂപ) പോര്‍ട്ട് ഫോളിയോ മാത്രം.
ജയാകിന്റെ തന്ത്രം പരിശോധിക്കും മുന്‍പ് ഒരുവാക്ക്. 25 ലക്ഷം സമ്പാദ്യമുണ്ടാക്കിയപ്പോഴും നാലുലക്ഷം മാത്രമാണു പോര്‍ട്ട് ഫോളിയോയുടെ വലുപ്പം എന്നതു ശ്രദ്ധിക്കുക. ഉളളതു മുഴുവനും കമ്പോളത്തിലിട്ടില്ല. വലിയ ബാധ്യതയാവുകയില്ലാത്ത ഒരു തുകമാത്രം കമ്പോളത്തില്‍. സാദാ നിക്ഷേപകരാകട്ടെ നേട്ടം കിട്ടിയാല്‍ പിന്നെ ഉളള സമ്പാദ്യമെല്ലാം കമ്പോളത്തിലേക്ക് എറിയും.
ജയാകിന്റെ നിക്ഷേപതന്ത്രത്തിന്റെ ഉളളടക്കമിതാണ്.
1) പ്രതീക്ഷപകരുന്ന ഉത്പന്നങ്ങളോ സേവനങ്ങളോ ഉളള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.
2) മികച്ച ക്രെഡിറ്റ് റേറ്റിങ് ഉളള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.
3) മ്യൂച്വല്‍ഫണ്ടുകളും സ്ഥാപനങ്ങളും മൊത്ത ഓഹരിയുടെ 25 ശതമാനമെങ്കിലും കൈവശം വച്ചിട്ടുളള കമ്പനികളെ മാത്രം തേടുക. (മികച്ച വിശകലനക്കാര്‍ ആ കമ്പനികളെപ്പറ്റി നല്ലതു പറയുന്നു എന്നാണല്ലോ അതിനര്‍ത്ഥം).
4) കഴിഞ്ഞ രണ്ടുവര്‍ഷത്തെ വില നിലവാരം നോക്കുക. ഏറ്റവും ഉയര്‍ന്ന നിലയിലാണെങ്കില്‍ വാങ്ങാതിരിക്കുക.
5) പി. ഇ. (ഓഹരിവിലയും പ്രതിഓഹരിവരുമാനവും തമ്മിലുള്ള) അനുപാതം 16 കവിയാത്ത ഓഹരികള്‍ മാത്രം നോക്കുക.
6) ഡിവിഡന്‍ഡ് (ലാഭവീതം) വഴിയുളള വരുമാനം ഓഹരിവിലയുടെ രണ്ടു ശതമാനമെങ്കിലും വരുമെങ്കില്‍ മാത്രം വാങ്ങുക. പത്തുവര്‍ഷമെങ്കിലും തുടര്‍ച്ചയായി ലാഭവീതം നല്‍കിയ കമ്പനികളാണു നല്ലത്.
ഇങ്ങനെയുളള വഴികള്‍ പലരും പറയാറുണ്ട്. കേള്‍ക്കാറുമുണ്ട്. പക്ഷേ ചെയ്യാറില്ല.
കാരണം?
കമ്പോളത്തിലെ ഒഴുക്കില്‍പെട്ടുപോകുന്നു. കമ്പോളത്തിലെ ആരവം കേട്ട് അപ്പോള്‍ വില പൊങ്ങുന്നവയുടെ കൂടെ പോകുന്നു. ''വില മാത്രം നോക്കിയാല്‍ മതി, അതില്‍ എല്ലാമുണ്ട്'' എന്നു പറയുന്ന ടെക്‌നിക്കല്‍ അനലിസ്റ്റുകളുടെ ചാര്‍ട്ട് വ്യാഖ്യാനം മാത്രം വച്ച് വാങ്ങലും വില്‍പനയും നടത്തുന്നു.
അവര്‍ നിക്ഷേപിക്കുകയല്ല; വ്യാപാരം നടത്തുകയാണ്.
ആര്‍ക്കുവേണ്ടി?
തെറ്റിധരിക്കേണ്ട. സത്യമാണ്. ബ്രോക്കറേജിന്റെ ഏകവരുമാനം കമ്മീഷനാണ്. വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴാണ് അവര്‍ക്കു വരുമാനം. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ നിക്ഷേപം വളര്‍ന്നു നിങ്ങള്‍ ലക്ഷപ്രഭുവാകണമെന്നു ബ്രോക്കറേജില്‍ മാസംതോറുമുളള ബിസിനസ് തുക കൂട്ടാനാഗ്രഹിക്കുന്ന ജീവനക്കാരന്‍ ആഗ്രഹിക്കുന്നില്ല.
ജയാക് അങ്ങനെയല്ല. അദ്ദേഹം ഓഹരികള്‍ വാങ്ങുന്നത് ക്ഷമയോടെ കാത്തിരിക്കാനാണ്. അഞ്ചോ പത്തോ കൊല്ലം വരെ.
1937-ല്‍ ആദ്യത്തെ ഓഹരി നിക്ഷേപം നടത്തിയെങ്കിലും 1968-ലാണ് മുഴുസമയ നിക്ഷേപകനായി മാറിയത്. തന്റെ പോര്‍ട്ട് ഫോളിയോയുടെ വിവരങ്ങളെല്ലാം ജയാക് നോട്ട്ബുക്കില്‍ കുറിച്ചുവയ്ക്കുന്നു. വാങ്ങിയ വിലയും കിട്ടിയ ലാഭവീതവും പലിശയും വിറ്റവിലയും അടക്കം എല്ലാം അതിലുണ്ട്. എല്ലാ ദിവസവും കമ്പോളത്തിലെ വിലനിലവാരം ബ്രോക്കറെ വിളിച്ചു ചോദിച്ച് കുറിച്ചു വയ്ക്കുന്നു. കമ്പനികളെപ്പറ്റി സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സിന്റെ ഗൈഡ് ബുക്കിലും ലൈബ്രറികളിലും നിന്നു പഠിക്കുന്നു. (ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയായി പഠനം).
ബ്രോക്കറെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഇടപാടുകള്‍ നടത്തുന്നു.
കടംവാങ്ങി നിക്ഷേപിക്കില്ല. ചൂതാട്ടത്തിനുപോകില്ല - ജയാകിന്റെ നിര്‍ബന്ധങ്ങള്‍ ഇവ രണ്ടും മാത്രം.
അപ്പോള്‍ ജയാകില്‍ നിന്നു പഠിക്കാന്‍ എന്താണുളളത്?
പലതുമുണ്ട്. അച്ചടക്കമാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് എല്ലാം സശ്രദ്ധം പഠിക്കുന്നു; കുറിക്കുന്നു. പരിശോധിക്കുന്നു. കടമെടുക്കുന്നില്ല. ഊഹകച്ചവടത്തിനും പോകുന്നില്ല.
അതിന്റെ ഗുണം?
കുറഞ്ഞ വിലയ്ക്കുവാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് നല്ല ലാഭമെടുക്കും. 2009 മാര്‍ച്ചില്‍ കാറ്റര്‍ പില്ലര്‍ ഓഹരി 27 ഡോളറിനു വാങ്ങി; ഈ സപ്തംബറില്‍ 70 ഡോളറിനു വിറ്റു.
ഇനിയൊരു മാന്ദ്യം വന്നാല്‍ ഓഹരികളില്‍ ഒരുലക്ഷം ഡോളര്‍കൂടി നിക്ഷേപിക്കാന്‍ ജയാക് തയ്യാറുമാണ്.
http://www.mathrubhumi.com/index.php
Subscribe to:
Post Comments (Atom)
No comments:
Post a Comment