ജയ്‌പുര്‍: സുരക്ഷാപ്രശ്‌നം കാരണം ഇന്ത്യയില്‍ നിരോധന ഭീഷണി നേരിടുന്ന റിസര്‍ച്ച് ഇന്‍ മോഷന്റെ(റിം) ബ്ലാക്ക്‌ബറിക്ക് മറ്റൊരു തിരിച്ചടി. ബ്ലാക്ക്‌ബറിക്ക് സമാനമായ സോഫ്‌റ്റ്‌വെയര്‍ ജയ്‌പുരിലെ ഒരു ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നു. ബ്ലാക്ക്‌ബറിക്ക് സമാനമായ ഈ പുതിയ സേവനത്തിന് ഭാരത്‌ബെറി എന്നാണ് പേരിട്ടിരിക്കുന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടാണ് ഭാരത്‌ബറി സോഫ്‌റ്റ്‌വെയര്‍ പുറത്തിറക്കിയത്. ജയ്‌പുരിലെ ഡാറ്റ ഇന്‍ഫോസിസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിരിയ്‌ക്കുന്നത്.
ഫോണില്‍ സ്‌റ്റോര്‍ ചെയ്യുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പരിശോധിയ്‌ക്കാന്‍ ലഭ്യമല്ലെന്നതായിരുന്നു ബ്ലാക്ക്‌ബറിക്കെതിരെ ഉണ്ടായിരുന്ന പ്രധാന ആരോപണം. ഇത് തീവ്രവാദികള്‍ക്ക് സഹായകരമാകും. അതിനാലാണ് ബ്ലാക്ക്‌ബറി രാജ്യത്ത് നിരോധിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ വിവരങ്ങള്‍ സൂക്ഷിക്കാനാകുന്ന വിധത്തിലാണ് ഭാരത്‌ബറി വികസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് എപ്പോള്‍ വേണമെങ്കില്‍ അവ പരിശോധിയ്‌ക്കാനും കഴിയും.
ഈ പുതിയ സോഫ്‌റ്റ്‌വെയര്‍ ബ്ലാക്ക്‌ബറി ഫോണിലും മറ്റ് ഫോണുകളിലും ഉപയോഗിയ്‌ക്കാവുന്നതാണെന്ന് ഡേറ്റ ഇന്‍ഫോസിസ് സി ഇ ഒ അജയ് ദത്ത പറഞ്ഞു. ഈ സേവനം ലഭ്യമാവാന്‍ മാസംപ്രതി 100 രൂപ നല്‍കണം. കലണ്ടറും കോണ്ടാക്‌ട് വിവരങ്ങളും സൂക്ഷിക്കുന്നതിന് 50 രൂപയും നല്‍കേണ്ടതുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ക്രഡിറ്റ്‌കാര്‍ഡ് ഉപയോഗിച്ച് ഈ സോഫ്‌റ്റ്‌വെയര്‍ ഓണ്‍ലൈനില്‍ വാങ്ങി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment