Friday, November 26, 2010

യാത്ര സുഗമമാക്കാന്‍ മൈക്രോസോഫ്ടിന്റെ ടി-ഡ്രൈവ്‌












നഗരങ്ങള്‍ എപ്പോഴും ട്രാഫിക്ജാമിന്റെ പിടിയിലാണ്. യാത്ര എപ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. പലപ്പോഴും ഇത്തരം തിരക്കുകളില്‍ അകപ്പെടുമ്പോള്‍ ദൂരം കൂടിയാലും തിരക്കുകുറഞ്ഞ മറ്റൊരു വഴി തിരഞ്ഞെടുത്താല്‍ മതിയായിരുന്നു എന്ന് ചിന്തിക്കാത്തവര്‍ കുറയും.

നമ്മുടെ നാടുകളിലെ റോഡുകളും മറ്റു സ്ഥലസൗകര്യങ്ങളും മനസ്സിലാക്കി നമുക്കു എത്തേണ്ട സ്ഥലത്തേക്കുള്ള റോഡ് മാര്‍ഗ്ഗം കാട്ടിത്തരുന്ന ജി.പി.ആര്‍.എസ് വഴികാട്ടികള്‍ (നാവിഗേറ്റര്‍ ഉപകരണങ്ങള്‍) ഇന്ന് ലഭ്യമാണ്. എന്നാല്‍, അവയില്‍ നിന്ന് വ്യത്യസ്തമായി ട്രാഫിക് ജാമുകള്‍ മനസ്സിലാക്കി തിരക്കു കുറഞ്ഞ മറ്റു വഴികളിലൂടെ നമ്മെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനം മൈക്രോസോഫ്ട് വികസിപ്പിക്കുന്നു.

തിരക്കുള്ള നഗരങ്ങളിലെ ഊടുവഴികള്‍ മനസ്സിലാക്കി പെട്ടെന്ന് തന്നെ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മിടുക്കുള്ള ഡ്രൈവര്‍മാര്‍ പലനഗരങ്ങളിലുമുണ്ട്. എന്നാല്‍, അപരിചിതമായ നഗരങ്ങളിലെത്തിച്ചേരുന്ന ഒരാള്‍ക്ക് ഇനി മുതല്‍ തിരക്കുകുറഞ്ഞ ഇത്തരം വഴികളിലൂടെ പോകാന്‍ പുത്തന്‍ സങ്കേതം സഹായിക്കും.

ടി-ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം തിരക്കുള്ള നഗരങ്ങളില്‍ യാത്രാസമയത്തിന്റെ 10ശതമാനം വരെ ലാഭിക്കാന്‍ സഹായിക്കുമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.നിങ്ങള്‍ പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും നല്‍കിയാല്‍ വഴിയിലെ തിരക്കുകള്‍ നിരീക്ഷിച്ച ശേഷം ടി-ഡ്രൈവ് അനുയോജ്യമായ യാത്രമാര്‍ഗ്ഗം നിര്‍ദേശിക്കും.

ചൈനയിലെ തിരക്കേറിയ ബെയ്ജിങ് നഗരത്തില്‍ ടി-ഡ്രൈവ് പരീക്ഷിച്ചപ്പോള്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഗൂഗിള്‍ മാപ്പിന്റെ യാത്രാ മാര്‍ഗ്ഗത്തേക്കാള്‍ 20 ശതമാനം വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതായി മൈക്രോസോഫ്ട് അവകാശപ്പെട്ടു. മൈക്രോസോഫ്ട് റിസര്‍ച്ച് ഏഷ്യ (എം.ആര്‍.എ) ആണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

ബെയ്ജിങ് നഗരത്തിലെ പരീക്ഷണങ്ങള്‍ക്കായി നഗരത്തിലുള്ള 33000 ത്തോളം ജി.പി.എസ് യൂണിറ്റുകളില്‍ നിന്നാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് തിരക്കുകുറഞ്ഞ റൂട്ട് ടി-ഡ്രൈവ് നിര്‍ദ്ദേശിച്ചത്. ജി.പി.എസ് ഉപകരണങ്ങള്‍ ഘടിപ്പിച്ച ടാക്‌സികളെയും അവയുടെ ഡ്രൈവര്‍മാരെയുമാണ് ഈ സംവിധാനത്തിനുവേണ്ടി മൈക്രോസോഫ്ട് ഉപയോഗിക്കുന്നത്.

നിലവില്‍ ഈ സൗകര്യം ബെയ്ജിങ് നഗരത്തില്‍ മാത്രമേ ലഭ്യമാവൂ. ഉടന്‍ തന്നെ മറ്റുള്ള നഗരങ്ങളിലേക്കും ഇതിന്റെ സേവനം എത്തുമെന്ന് എം.ആര്‍.എ അറിയിച്ചു.

Mathrubhumi

No comments:

Post a Comment