Tuesday, November 30, 2010

പ്രണയത്തെപ്പറ്റി ചില ചിന്തകള്‍....

മാറിയും
മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.

പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവന്‍ മറ്റൊരുവളുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്‌പരം വേര്‍പെടുന്നതു വരെ സ്‌നേഹത്തിന്‍റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് വെറുതെയല്ല. തണല്‍ നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്‍ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല്‍ അനുഭവിക്കുന്ന ഉഷ്‌ണം! അതിഭീകരമാണത്.


പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകള്‍. പ്രണയം തുറന്നു പറയാതെ മനസ്സില്‍ കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ നിശബ്‌ദമായി നില്ക്കാന്‍ മാത്രമേ അപ്പോള്‍ കഴിയുകയുള്ളൂ. റസ്സല്‍ (ബെര്‍ട്രാന്‍ഡ് റസ്സല്‍) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് സ്‌നേഹിക്കാന്‍ ഭയക്കുന്നവര്‍ ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടുപേര്‍ ജീവിതത്തെ ഭയക്കുമ്പോള്‍ ജീവിതത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്. ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില്‍ തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.

രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്‍ സ്നേഹം അതിന്‍റെ പൂര്‍ണതയിലെത്തുന്നു. ജോണ്‍ കീറ്റ്‌സിന്‍റെ എത്ര മനോഹരമായ സങ്കല്പം. തന്‍റെ ചിന്തകള്‍ക്ക് താങ്ങും തണലുമാകുന്ന ഒരാള്‍ വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന ആത്‌മനിര്‍വൃതി അനിര്‍വചനീയമാണ്.

പക്ഷേ നഷ്‌ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്‍. കാലം നമ്മുടെ ചരിത്രത്തില്‍ ചുവപ്പു മഷി കൊണ്ട് എഴുതി ചേര്‍ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്‌മളമായ സ്‌നേഹത്തിന്‍റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്‍‌പനിക ലോകം അന്നേ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.!!!!!!!!!!!!!!!!!!!!

Saturday, November 27, 2010

ബ്ലാക്ക്‌ബറിക്ക്‌ ഇന്ത്യന്‍ ബദല്‍: ഭാരത്‌ബറി


ജയ്‌പുര്‍: സുരക്ഷാപ്രശ്‌നം കാരണം ഇന്ത്യയില്‍ നിരോധന ഭീഷണി നേരിടുന്ന റിസര്‍ച്ച്‌ ഇന്‍ മോഷന്റെ(റിം) ബ്ലാക്ക്‌ബറിക്ക്‌ മറ്റൊരു തിരിച്ചടി. ബ്ലാക്ക്‌ബറിക്ക്‌ സമാനമായ സോഫ്‌റ്റ്‌വെയര്‍ ജയ്‌പുരിലെ ഒരു ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നു. ബ്ലാക്ക്‌ബറിക്ക്‌ സമാനമായ ഈ പുതിയ സേവനത്തിന്‌ ഭാരത്‌ബെറി എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.


രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗലോട്ടാണ്‌ ഭാരത്‌ബറി സോഫ്‌റ്റ്‌വെയര്‍ പുറത്തിറക്കിയത്‌. ജയ്‌പുരിലെ ഡാറ്റ ഇന്‍ഫോസിസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ പുതിയ സംവിധാനം രൂപപ്പെടുത്തിയിരിയ്‌ക്കുന്നത്‌.


ഫോണില്‍ സ്‌റ്റോര്‍ ചെയ്യുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ പരിശോധിയ്‌ക്കാന്‍ ലഭ്യമല്ലെന്നതായിരുന്നു ബ്ലാക്ക്‌ബറിക്കെതിരെ ഉണ്ടായിരുന്ന പ്രധാന ആരോപണം. ഇത്‌ തീവ്രവാദികള്‍ക്ക്‌ സഹായകരമാകും. അതിനാലാണ്‌ ബ്ലാക്ക്‌ബറി രാജ്യത്ത്‌ നിരോധിക്കുന്നതിനെ കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്‌. എന്നാല്‍ ഇന്ത്യയില്‍ തന്നെ വിവരങ്ങള്‍ സൂക്ഷിക്കാനാകുന്ന വിധത്തിലാണ്‌ ഭാരത്‌ബറി വികസിപ്പിച്ചിരിക്കുന്നത്‌. അതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ എപ്പോള്‍ വേണമെങ്കില്‍ അവ പരിശോധിയ്‌ക്കാനും കഴിയും.


ഈ പുതിയ സോഫ്‌റ്റ്‌വെയര്‍ ബ്ലാക്ക്‌ബറി ഫോണിലും മറ്റ്‌ ഫോണുകളിലും ഉപയോഗിയ്‌ക്കാവുന്നതാണെന്ന്‌ ഡേറ്റ ഇന്‍ഫോസിസ്‌ സി ഇ ഒ അജയ്‌ ദത്ത പറഞ്ഞു. ഈ സേവനം ലഭ്യമാവാന്‍ മാസംപ്രതി 100 രൂപ നല്‍കണം. കലണ്ടറും കോണ്ടാക്‌ട്‌ വിവരങ്ങളും സൂക്ഷിക്കുന്നതിന്‌ 50 രൂപയും നല്‍കേണ്ടതുണ്ട്‌. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന്‌ ക്രഡിറ്റ്‌കാര്‍ഡ്‌ ഉപയോഗിച്ച്‌ ഈ സോഫ്‌റ്റ്‌വെയര്‍ ഓണ്‍ലൈനില്‍ വാങ്ങി ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌.

Friday, November 26, 2010

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം...

Slide Show Image
കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍
പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

Mathrubhumi

യാത്ര സുഗമമാക്കാന്‍ മൈക്രോസോഫ്ടിന്റെ ടി-ഡ്രൈവ്‌












നഗരങ്ങള്‍ എപ്പോഴും ട്രാഫിക്ജാമിന്റെ പിടിയിലാണ്. യാത്ര എപ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. പലപ്പോഴും ഇത്തരം തിരക്കുകളില്‍ അകപ്പെടുമ്പോള്‍ ദൂരം കൂടിയാലും തിരക്കുകുറഞ്ഞ മറ്റൊരു വഴി തിരഞ്ഞെടുത്താല്‍ മതിയായിരുന്നു എന്ന് ചിന്തിക്കാത്തവര്‍ കുറയും.

നമ്മുടെ നാടുകളിലെ റോഡുകളും മറ്റു സ്ഥലസൗകര്യങ്ങളും മനസ്സിലാക്കി നമുക്കു എത്തേണ്ട സ്ഥലത്തേക്കുള്ള റോഡ് മാര്‍ഗ്ഗം കാട്ടിത്തരുന്ന ജി.പി.ആര്‍.എസ് വഴികാട്ടികള്‍ (നാവിഗേറ്റര്‍ ഉപകരണങ്ങള്‍) ഇന്ന് ലഭ്യമാണ്. എന്നാല്‍, അവയില്‍ നിന്ന് വ്യത്യസ്തമായി ട്രാഫിക് ജാമുകള്‍ മനസ്സിലാക്കി തിരക്കു കുറഞ്ഞ മറ്റു വഴികളിലൂടെ നമ്മെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനം മൈക്രോസോഫ്ട് വികസിപ്പിക്കുന്നു.

തിരക്കുള്ള നഗരങ്ങളിലെ ഊടുവഴികള്‍ മനസ്സിലാക്കി പെട്ടെന്ന് തന്നെ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ മിടുക്കുള്ള ഡ്രൈവര്‍മാര്‍ പലനഗരങ്ങളിലുമുണ്ട്. എന്നാല്‍, അപരിചിതമായ നഗരങ്ങളിലെത്തിച്ചേരുന്ന ഒരാള്‍ക്ക് ഇനി മുതല്‍ തിരക്കുകുറഞ്ഞ ഇത്തരം വഴികളിലൂടെ പോകാന്‍ പുത്തന്‍ സങ്കേതം സഹായിക്കും.

ടി-ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം തിരക്കുള്ള നഗരങ്ങളില്‍ യാത്രാസമയത്തിന്റെ 10ശതമാനം വരെ ലാഭിക്കാന്‍ സഹായിക്കുമെന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു.നിങ്ങള്‍ പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും നല്‍കിയാല്‍ വഴിയിലെ തിരക്കുകള്‍ നിരീക്ഷിച്ച ശേഷം ടി-ഡ്രൈവ് അനുയോജ്യമായ യാത്രമാര്‍ഗ്ഗം നിര്‍ദേശിക്കും.

ചൈനയിലെ തിരക്കേറിയ ബെയ്ജിങ് നഗരത്തില്‍ ടി-ഡ്രൈവ് പരീക്ഷിച്ചപ്പോള്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഗൂഗിള്‍ മാപ്പിന്റെ യാത്രാ മാര്‍ഗ്ഗത്തേക്കാള്‍ 20 ശതമാനം വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതായി മൈക്രോസോഫ്ട് അവകാശപ്പെട്ടു. മൈക്രോസോഫ്ട് റിസര്‍ച്ച് ഏഷ്യ (എം.ആര്‍.എ) ആണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

ബെയ്ജിങ് നഗരത്തിലെ പരീക്ഷണങ്ങള്‍ക്കായി നഗരത്തിലുള്ള 33000 ത്തോളം ജി.പി.എസ് യൂണിറ്റുകളില്‍ നിന്നാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് തിരക്കുകുറഞ്ഞ റൂട്ട് ടി-ഡ്രൈവ് നിര്‍ദ്ദേശിച്ചത്. ജി.പി.എസ് ഉപകരണങ്ങള്‍ ഘടിപ്പിച്ച ടാക്‌സികളെയും അവയുടെ ഡ്രൈവര്‍മാരെയുമാണ് ഈ സംവിധാനത്തിനുവേണ്ടി മൈക്രോസോഫ്ട് ഉപയോഗിക്കുന്നത്.

നിലവില്‍ ഈ സൗകര്യം ബെയ്ജിങ് നഗരത്തില്‍ മാത്രമേ ലഭ്യമാവൂ. ഉടന്‍ തന്നെ മറ്റുള്ള നഗരങ്ങളിലേക്കും ഇതിന്റെ സേവനം എത്തുമെന്ന് എം.ആര്‍.എ അറിയിച്ചു.

Mathrubhumi

ജോണ്‍സ് ഫോണ്‍: ഇല്ലായ്മകളില്‍ സുന്ദരന്‍




മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള പ്രയോജനമെന്ത്? ഫോട്ടോയെടുക്കല്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്, സിനിമ കാണല്‍, പാട്ടു കേള്‍ക്കല്‍, എസ്.എം.എസ്. അയയ്ക്കല്‍, ഫേസ്ബുക്കില്‍ കയറല്‍ തുടങ്ങി നൂറായിരം ഉത്തരങ്ങള്‍ പറയാനുണ്ടാകും. പക്ഷേ, ആരും ഓര്‍ക്കാത്ത ഒരു ഉത്തരമുണ്ട്. ആളുകളോടു സംസാരിക്കല്‍. മൊബൈല്‍ ഫോണുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറായിക്കൊണ്ടിരിക്കുന്ന ഈ ഹൈടെക് യുഗത്തില്‍ സംസാരിക്കാന്‍ മാത്രം ഉപയോഗപ്പെടുന്ന ഒരു ഹാന്‍ഡ്‌സെറ്റ് ഇറങ്ങിയിരിക്കുന്നു. അവന്റെ പേരാണ് 'ജോണ്‍സ് ഹാന്‍ഡ്‌ഫോണ്‍'. ഡെന്‍മാര്‍ക്കിലെ പരസ്യക്കമ്പനിയായ ജോണ്‍ ഡോയ്ക്ക് വേണ്ടി ഡിസൈനര്‍ ദിദ്രിക്കെ ബോക്ക് ആണ്ഈ ഫോണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

എന്തൊക്കെ സൗകര്യങ്ങളുണ്ട് എന്നതല്ല, എന്തൊക്കെയില്ല എന്നതാണ് 'ജോണ്‍സ് ഫോണിനെ' വ്യത്യസ്തനാക്കുന്നത്. ക്യാമറയില്ല, എസ്.എം.എസ്. ഇല്ല, അലാറമില്ല, റിമൈന്‍ഡറില്ല, ഗെയിംസില്ല, കലണ്ടറില്ല, ടച്ച് സ്‌ക്രീന്‍ പോയിട്ട് നേരാംവണ്ണമുള്ള സ്‌ക്രീന്‍പോലുമില്ല. മെനു ഇല്ലാത്ത ഈ ഫോണില്‍ ത്രീജി ഉണ്ടോ, കാര്‍ഡ് മെമ്മറിയുണ്ടോ, ബ്ലൂടൂത്ത് ഉണ്ടോ എന്നീ ചോദ്യങ്ങളൊന്നും മറുപടി പോലുമര്‍ഹിക്കുന്നില്ല. ഫോണ്‍ വിളിക്കാം, വരുന്ന കോളുകള്‍ സ്വീകരിക്കാം, അത്രമാത്രം...





നാട്ടിലുള്ള മുഴുവന്‍ ആളുകളുടെയും നമ്പര്‍ സേവ് ചെയ്തുവെക്കാനും ഈ ഫോണില്‍ നിര്‍വാഹമില്ല. ഏറ്റവും വേണ്ടപ്പെട്ട പത്തു നമ്പറുകള്‍ സ്​പീഡ് ഡയലില്‍ സേവ് ചെയ്തുവെക്കാം. അതിനുശേഷമുള്ള എല്ലാ നമ്പറുകളും ചെറിയൊരു പുസ്തകത്തിലെഴുതി ഫോണിന്റെ പിന്‍വശത്തുള്ള ചില്ലുകൂട്ടില്‍ വെക്കണം. അഡ്രസ്ബുക്കും എഴുതാനുള്ള പേനയും കമ്പനി ഫ്രീ ആയി നല്‍കും. ടച്ച്‌സ്‌ക്രീന്‍ ഫോണുകളിലെ സ്‌റ്റൈലസ് പോലെ സുന്ദരനാണ് പേനയെന്ന് പറയാതെവയ്യ.

റിങ്‌ടോണുകളിലെങ്കിലൂം അല്പം വെറൈറ്റി പ്രതീക്ഷിക്കുന്നവരെയും 'ജോണ്‍സ് ഫോണ്‍' നിരാശപ്പെടുത്തും. ആകെയുള്ളത് ഒരു റിങ്‌ടോണ്‍. അതിന്റെ ശബ്ദം കൂട്ടാനും കുറയ്ക്കാനുമുള്ള സൗകര്യമുണ്ട്. ഫോണിന്റെ മുകള്‍വശത്തെ ചെറിയ ചതുരത്തിലാണ് സ്‌ക്രീനുള്ളത്. ജോണ്‍സ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത് മൂന്നാഴ്ചത്തെ ബാറ്ററി ആയുസ്.

സാങ്കേതികവിദ്യയുടെ അതിപ്രസരം കാരണം വലയുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് 'ജോണ്‍സ് ഫോണ്‍' അവതിരിപ്പിക്കുന്നതെന്ന് ഡിസൈനര്‍ ദിദ്രിക്കെ ബോക്ക് വ്യക്തമാക്കുന്നു. ആന്റി-സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഓമനപ്പേരു കൂടി ഇതിനുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള പല ഫോണുകളിലും ആളുകള്‍ക്ക് അത്യാവശ്യമില്ലാത്ത സൗകര്യങ്ങള്‍ കുത്തിനിറച്ചിരിക്കുകയാണ്. പലതും ആളുകള്‍ ഒരിക്കല്‍പ്പോലും ഉപയോഗിച്ചുനോക്കിയിട്ടുണ്ടാവില്ല.





'ലോകത്ത് നടക്കുന്നതെല്ലാം ഫോണില്‍ വേണമെന്ന് ശാഠ്യമില്ലാത്ത, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിക്കാനുള്ളവര്‍ക്കു വേണ്ടിയുള്ളതാണ് ജോണ്‍സ്‌ഫോണ്‍. യാതൊരുതരത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലാതെ ഉപയോഗിക്കാനാവും എന്നതാണ് ഈ ഫോണിന്റെ മേന്മ'- ബോക്ക് അവകാശപ്പെടുന്നു.

സൗകര്യങ്ങള്‍ തീരെകുറവാണെങ്കിലും ഈ ഫോണിന്റെ വില ഒട്ടും കുറവല്ല. വെളുത്ത നിറത്തിലുള്ള മോഡലിന് 59 പൗണ്ടും (4248 രൂപ) മറ്റുനിറങ്ങളിലുള്ളതിന് 67 പൗണ്ടുമാണ് വില (4,824 രൂപ). മൂവായിരം രൂപയ്ക്ക് ഡബിള്‍ സിമ്മും ഫുള്‍ടച്ച്‌സ്‌ക്രീനുമുള്ള ഫോണ്‍ ലഭിക്കുന്ന നമ്മുടെ നാട്ടില്‍ ജോണ്‍സ് ഫോണിന് ആവശ്യക്കാരുണ്ടാകുമോ എന്നാണിനി അറിയേണ്ടത്. മൊബൈല്‍ കമ്പനികളുടെ ഓഫര്‍ എസ്.എം.എസ്. വായിച്ചു പൊറുതിമുട്ടിയ ചിലരെങ്കിലും ഈ ഫോണ്‍ വാങ്ങാനിടയുണ്ടെന്നും പറയാതെ വയ്യ.







ഓഹരിവിപണിയില്‍ നേട്ടം കൊയ്യാന്‍ സൂത്രവാക്യങ്ങള്‍ ഉണ്ടോ?





ലാഭമെടുക്കലിനു ഫോര്‍മുല എന്ത്?
നിക്ഷേപകരും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരും നിക്ഷേപിച്ച് കൈപൊള്ളിയവരും ഒക്കെ തേടുന്ന ഉത്തരങ്ങളാണ്.

ഇതാ ഉത്തരങ്ങള്‍ നല്‍കാന്‍ യോഗ്യനായ ആള്‍ - എഡ്വേര്‍ഡ് ജയാക്. പ്രായം 94 വയസ്. നിക്ഷേപപരിചയം 72 വര്‍ഷം. നേട്ടം 25 ലക്ഷം ഡോളര്‍. അതായത് ഏതാണ്ട് 11.5 കോടി രൂപ. അമേരിക്കയില്‍ നെവാഡയിലെ ഹെന്‍ഡേഴ്‌സണില്‍ താമസം.

ഇടത്തരക്കാരനായ ജയാക് ലളിതമായ നിക്ഷേപതന്ത്രമാണു സ്വീകരിച്ചിട്ടുളളത്. മുക്കാല്‍ നൂറ്റാണ്ടായി ആ തന്ത്രം മാറ്റിയിട്ടില്ല. ചെറിയ നിക്ഷേപങ്ങളില്‍ നിന്ന് രണ്ടര മില്യണ്‍ ഡോളര്‍ ആദായമുണ്ടാക്കിയ ശേഷവും കേവലം നാലുലക്ഷം ഡോളറിന്റെ (1.8 കോടി രൂപ) പോര്‍ട്ട് ഫോളിയോ മാത്രം.

ജയാകിന്റെ തന്ത്രം പരിശോധിക്കും മുന്‍പ് ഒരുവാക്ക്. 25 ലക്ഷം സമ്പാദ്യമുണ്ടാക്കിയപ്പോഴും നാലുലക്ഷം മാത്രമാണു പോര്‍ട്ട് ഫോളിയോയുടെ വലുപ്പം എന്നതു ശ്രദ്ധിക്കുക. ഉളളതു മുഴുവനും കമ്പോളത്തിലിട്ടില്ല. വലിയ ബാധ്യതയാവുകയില്ലാത്ത ഒരു തുകമാത്രം കമ്പോളത്തില്‍. സാദാ നിക്ഷേപകരാകട്ടെ നേട്ടം കിട്ടിയാല്‍ പിന്നെ ഉളള സമ്പാദ്യമെല്ലാം കമ്പോളത്തിലേക്ക് എറിയും.
ജയാകിന്റെ നിക്ഷേപതന്ത്രത്തിന്റെ ഉളളടക്കമിതാണ്.

1) പ്രതീക്ഷപകരുന്ന ഉത്പന്നങ്ങളോ സേവനങ്ങളോ ഉളള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.

2) മികച്ച ക്രെഡിറ്റ് റേറ്റിങ് ഉളള കമ്പനികളില്‍ മാത്രം നിക്ഷേപിക്കുക.

3) മ്യൂച്വല്‍ഫണ്ടുകളും സ്ഥാപനങ്ങളും മൊത്ത ഓഹരിയുടെ 25 ശതമാനമെങ്കിലും കൈവശം വച്ചിട്ടുളള കമ്പനികളെ മാത്രം തേടുക. (മികച്ച വിശകലനക്കാര്‍ ആ കമ്പനികളെപ്പറ്റി നല്ലതു പറയുന്നു എന്നാണല്ലോ അതിനര്‍ത്ഥം).

4) കഴിഞ്ഞ രണ്ടുവര്‍ഷത്തെ വില നിലവാരം നോക്കുക. ഏറ്റവും ഉയര്‍ന്ന നിലയിലാണെങ്കില്‍ വാങ്ങാതിരിക്കുക.
5) പി. ഇ. (ഓഹരിവിലയും പ്രതിഓഹരിവരുമാനവും തമ്മിലുള്ള) അനുപാതം 16 കവിയാത്ത ഓഹരികള്‍ മാത്രം നോക്കുക.

6) ഡിവിഡന്‍ഡ് (ലാഭവീതം) വഴിയുളള വരുമാനം ഓഹരിവിലയുടെ രണ്ടു ശതമാനമെങ്കിലും വരുമെങ്കില്‍ മാത്രം വാങ്ങുക. പത്തുവര്‍ഷമെങ്കിലും തുടര്‍ച്ചയായി ലാഭവീതം നല്‍കിയ കമ്പനികളാണു നല്ലത്.

ഇങ്ങനെയുളള വഴികള്‍ പലരും പറയാറുണ്ട്. കേള്‍ക്കാറുമുണ്ട്. പക്ഷേ ചെയ്യാറില്ല.

കാരണം?

കമ്പോളത്തിലെ ഒഴുക്കില്‍പെട്ടുപോകുന്നു. കമ്പോളത്തിലെ ആരവം കേട്ട് അപ്പോള്‍ വില പൊങ്ങുന്നവയുടെ കൂടെ പോകുന്നു. ''വില മാത്രം നോക്കിയാല്‍ മതി, അതില്‍ എല്ലാമുണ്ട്'' എന്നു പറയുന്ന ടെക്‌നിക്കല്‍ അനലിസ്റ്റുകളുടെ ചാര്‍ട്ട് വ്യാഖ്യാനം മാത്രം വച്ച് വാങ്ങലും വില്‍പനയും നടത്തുന്നു.
അവര്‍ നിക്ഷേപിക്കുകയല്ല; വ്യാപാരം നടത്തുകയാണ്.

ആര്‍ക്കുവേണ്ടി?

തെറ്റിധരിക്കേണ്ട. സത്യമാണ്. ബ്രോക്കറേജിന്റെ ഏകവരുമാനം കമ്മീഷനാണ്. വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴാണ് അവര്‍ക്കു വരുമാനം. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ നിക്ഷേപം വളര്‍ന്നു നിങ്ങള്‍ ലക്ഷപ്രഭുവാകണമെന്നു ബ്രോക്കറേജില്‍ മാസംതോറുമുളള ബിസിനസ് തുക കൂട്ടാനാഗ്രഹിക്കുന്ന ജീവനക്കാരന്‍ ആഗ്രഹിക്കുന്നില്ല.

ജയാക് അങ്ങനെയല്ല. അദ്ദേഹം ഓഹരികള്‍ വാങ്ങുന്നത് ക്ഷമയോടെ കാത്തിരിക്കാനാണ്. അഞ്ചോ പത്തോ കൊല്ലം വരെ.

1937-ല്‍ ആദ്യത്തെ ഓഹരി നിക്ഷേപം നടത്തിയെങ്കിലും 1968-ലാണ് മുഴുസമയ നിക്ഷേപകനായി മാറിയത്. തന്റെ പോര്‍ട്ട് ഫോളിയോയുടെ വിവരങ്ങളെല്ലാം ജയാക് നോട്ട്ബുക്കില്‍ കുറിച്ചുവയ്ക്കുന്നു. വാങ്ങിയ വിലയും കിട്ടിയ ലാഭവീതവും പലിശയും വിറ്റവിലയും അടക്കം എല്ലാം അതിലുണ്ട്. എല്ലാ ദിവസവും കമ്പോളത്തിലെ വിലനിലവാരം ബ്രോക്കറെ വിളിച്ചു ചോദിച്ച് കുറിച്ചു വയ്ക്കുന്നു. കമ്പനികളെപ്പറ്റി സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സിന്റെ ഗൈഡ് ബുക്കിലും ലൈബ്രറികളിലും നിന്നു പഠിക്കുന്നു. (ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെയായി പഠനം).

ബ്രോക്കറെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഇടപാടുകള്‍ നടത്തുന്നു.
കടംവാങ്ങി നിക്ഷേപിക്കില്ല. ചൂതാട്ടത്തിനുപോകില്ല - ജയാകിന്റെ നിര്‍ബന്ധങ്ങള്‍ ഇവ രണ്ടും മാത്രം.

അപ്പോള്‍ ജയാകില്‍ നിന്നു പഠിക്കാന്‍ എന്താണുളളത്?
പലതുമുണ്ട്. അച്ചടക്കമാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് എല്ലാം സശ്രദ്ധം പഠിക്കുന്നു; കുറിക്കുന്നു. പരിശോധിക്കുന്നു. കടമെടുക്കുന്നില്ല. ഊഹകച്ചവടത്തിനും പോകുന്നില്ല.

അതിന്റെ ഗുണം?
കുറഞ്ഞ വിലയ്ക്കുവാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് നല്ല ലാഭമെടുക്കും. 2009 മാര്‍ച്ചില്‍ കാറ്റര്‍ പില്ലര്‍ ഓഹരി 27 ഡോളറിനു വാങ്ങി; ഈ സപ്തംബറില്‍ 70 ഡോളറിനു വിറ്റു.
ഇനിയൊരു മാന്ദ്യം വന്നാല്‍ ഓഹരികളില്‍ ഒരുലക്ഷം ഡോളര്‍കൂടി നിക്ഷേപിക്കാന്‍ ജയാക് തയ്യാറുമാണ്.

Mathrubhumi
http://www.mathrubhumi.com/index.php

Thursday, November 25, 2010

വെയിലു കൊള്ളൂ, പൊണ്ണത്തടി കുറക്കൂ..





കുട്ടികളെ വെയിലും മഴയും കൊള്ളിക്കാതെ 'അരുമ'യായി വളര്‍ത്തുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളില്‍ അധികവും. എന്നാല്‍ കുട്ടികള്‍ അല്‍പം വെയിലുകൊണ്ടു തന്നെ വളരണമെന്നാണ് അമേരിക്കയില്‍ ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്.

പുറത്ത് കടക്കാതെ വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികള്‍ പൊണ്ണത്തടിയുള്ളരായി കാണപ്പെടുന്നത് ഇന്ന് സാധാരണമാണ്. പലപ്പോഴും കുട്ടികളുടെ പൊണ്ണത്തടിക്ക് രക്ഷിതാക്കള്‍ ഡോക്ടര്‍മാരുടെ അടുത്തേക്കക് ഓടുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളില്‍ വിറ്റമിന്‍ ഡി.യുടെ കുറവ് പൊണ്ണത്തടിക്ക് കാരണമാവുന്നതായാണ് യൂണിവേഴ്‌സിറ്റി ഓഫ് മിചിഗണിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഇത്തരം കുട്ടികളില്‍ അവരുടെ അരക്കെട്ടിന്റെ ഭാഗത്ത് അഥവാ ശരീരത്തിന്റെ മധ്യത്തിലായാണ് കൊഴുപ്പുകള്‍ അടിഞ്ഞു കൂടുന്നത്. രക്തത്തില്‍ വിറ്റമിന്‍ ഡിയുടെ അളവ് കുറവുള്ള കുട്ടികളുടെ ഭാരം ആവശ്യത്തിന് വിറ്റമിന്‍ ഡി ഉള്ള കുട്ടികളേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നതായി ശാസ്ത്രഞ്ജര്‍ കണ്ടെത്തി.

സാധാരണയായി രണ്ട് രീതികളിലൂടെയാണ് ശരീരത്തില്‍ വിറ്റമിന്‍ ഡി ഉണ്ടാവുന്നത്. മിക്ക ഭക്ഷണ പദാര്‍ഥങ്ങളിലും ചെറിയ അളവിലെങ്കിലും വിറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ശരീരരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെയും വിറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നു. അഥവാ ഇവ രണ്ടില്‍ ഒന്നിന്റെ അഭാവം വിറ്റമിന്‍ ഡിയുടെ കുറവിന് കാരണമാവുന്നു.

സൂര്യപ്രകാശം ഏല്‍ക്കാന്‍ സാഹചര്യം ലഭിക്കാത്ത കുട്ടികളില്‍ പൊണ്ണത്തടി കൂടുതലായി കാണപ്പെടാനുള്ള പ്രധാന കാരണം ഇതാണെന്ന് ഗവേഷക സംഘത്തിലെ ശാസ്ത്രജ്ഞന്‍ വില്ലമൂര്‍ പറഞ്ഞു. കുട്ടികളില്‍ വിറ്റമിന്‍ ഡിയുടെ അഭാവം ലോകമൊട്ടുക്കും വ്യാപകമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ വിറ്റമിന്റെ കുറവ് പൊണ്ണത്തടിക്ക് കാരണമാവുന്നതിനു പിന്നിലെ പ്രക്രിയ എന്തെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കൂടുതല്‍ ആഴമേറിയ പഠനങ്ങളിലൂടെ ഇവ തമ്മിലെ പരസ്‌പര ബന്ധം കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

അഞ്ചുമുതല്‍ 12 വയസ്സു വരെയുള്ള 479 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2006 ല്‍ തുടങ്ങിയ പഠനം 30 മാസങ്ങള്‍ക്ക് ശേഷമാണ് അവസാനിച്ചത്.



www.keralites.net  

ഇന്ത്യയിലാദ്യമായി ത്രീഡി മൊബൈല്‍ ഫോണ്‍ ...


Fun & Info @ Keralites.net

ലോകം ത്രീഡി യുഗത്തിലാണ്, ത്രീഡി സിനിമ, ത്രീഡി ടെലിവിഷന്‍, ത്രീഡി ക്യാമറ, ത്രീഡി ഗെയിം....ആ പട്ടികയിലേക്ക് മൊബൈല്‍ ഫോണുമെത്തുന്നു. ഇന്ത്യയിലാദ്യമായി ഒരു ത്രീഡി മൊബൈല്‍ വിപണിയിലെത്തിക്കുകയാണ് 'സ്‌പൈസ് മൊബൈല്‍'. വെറും 4299 രൂപായ്ക്ക് 'എം-67 ത്രീഡി' (M-67 3D) എന്ന ത്രീഡി ഫോണ്‍ ലഭിക്കും.

പ്രത്യേകം കണ്ണട വെയ്‌ക്കേണ്ട കാര്യമില്ല ഈ ഫോണില്‍ ത്രീഡി അനുഭവം ലഭിക്കാന്‍. അതിലെ 2.4 ഇഞ്ച് ഓട്ടോ-സ്റ്റീരിയോസ്‌കോപ്പിക് ഡിസ്‌പ്ലെ ദൃശ്യങ്ങള്‍ക്ക് ത്രീഡി പ്രീതീതി പ്രദാനം ചെയ്യും (ത്രീഡി സങ്കേതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല). ഇതിലെ സവിശേഷ വീഡിയോ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ദ്വിമാനരൂപത്തിലോ ത്രിമാനരൂപത്തിലോ ആസ്വദിക്കാം. ത്രീഡി ഇമേജ് റീഡറും ഫോണിലുണ്ട്.

ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടു മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. എഫ് എം റേഡിയോ, മ്യൂസിക് പ്ലെയര്‍, സ്റ്റീരിയോ ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

റിമോട്ട് വൈപ് എന്നൊരു പുതിയ സംവിധാനം കൂടി ഇതിലുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടുകയോ എവിടെയെങ്കിലും വെച്ചു മറക്കുകയോ ചെയ്താല്‍ അതിലെ വിവരങ്ങള്‍ നഷ്ടപ്പെടുകയോ ചോര്‍ത്തുകയോ ചെയ്യുന്നത് തടയാന്‍ ഈ സങ്കേതം സഹായിക്കും. ദൂരെ നിന്നുതന്നെ ഫോണ്‍ ഓഫ് ചെയ്യാനും അല്ലെങ്കില്‍ അതിലെ ഫോണ്‍ബുക്ക്, കാള്‍ വിവരങ്ങള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനും മെമ്മറി കാര്‍ഡ്, ഫോണ്‍ മെമ്മറി തുടങ്ങിയവ ഫോര്‍മാറ്റ് ചെയ്ത് അതിലെ വിവരങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഫോണിലേക്ക് അയച്ചാല്‍ മതി.

16 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്, GPRS, WAP തുടങ്ങിയ സൗകര്യങ്ങളും പുത്തന്‍ ത്രീഡി ഫോണില്‍ ലഭ്യമാണ്.

പ്രായമേറിയവര്‍ക്കായി ഒരു മൊബൈല്‍ ഫോണ്‍

Fun & Info @ Keralites.net
സാങ്കേതികത്തികവും രൂപഭംഗിയുമുള്ള പുത്തന്‍ ഫോണുകളിറക്കാന്‍ മത്സരിക്കുന്ന കമ്പനികള്‍ മിക്കപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. പ്രായമേറിയവര്‍ക്ക് ഇത്തരം മൊബൈലുകള്‍ ഉപയോഗിക്കുക അത്ര എളുപ്പമാവില്ല എന്ന വസ്തുത. ഇക്കാര്യം മുന്‍നിര്‍ത്തി ചെന്നൈയിലെ മ്യുനോത് കമ്പനി പുറത്തിറക്കിയിരിക്കുന്ന ഹാന്‍ഡ്‌സെറ്റാണ് 'മ്യുനോത് എസ്5 (Munoth S5). പ്രായം 60 ന് മേലെത്തിയവരെ ഉദ്ദേശിച്ചുള്ളതാണ് മ്യുനോത് എസ്5. രോഗങ്ങള്‍ പിടികൂടുകയും ശാരീരികക്ഷമത കുറയുകയും ചെയ്യുന്ന സമയത്ത് ഒരാളുടെ ആവശ്യങ്ങള്‍ എന്തായിരിക്കുമെന്ന് മുന്നില്‍കണ്ടാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്.

അടിയന്തരഘട്ടങ്ങളില്‍ അടുത്ത ബന്ധുക്കളെയും ആസ്​പത്രി അധികൃതരെയും വിവരമറിയിക്കാന്‍ സഹായിക്കുന്ന എമര്‍ജന്‍സി ബട്ടനാണ് (SOS button) ആണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ആ ബട്ടനില്‍ അമര്‍ത്തിയാല്‍ ഫോണില്‍ മുന്‍കൂര്‍ സൂക്ഷിച്ചിട്ടുള്ള 10 നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ പോകും. ഈ വ്യക്തിക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഈ സംവിധാനം സഹായിക്കും.

മാത്രമല്ല, ഫോണ്‍ ഉപയോഗിക്കുന്നയാളുടെ വ്യക്തിപരമായ മെഡിക്കല്‍ റിക്കോര്‍ഡുകളുടെ സഹായത്തോടെ ഡോക്ടറെ അയാളുടെ സ്ഥിതിയെക്കുറിച്ച് ജാഗ്രതപ്പെടുത്താനും, രോഗിയാണെങ്കില്‍ മരുന്നു കഴിക്കേണ്ട സമയമായെന്ന് ഓര്‍മിപ്പിക്കാനുമൊക്കെ ഫോണ്‍ സഹായിക്കും.

ഹൃദയാഘാതം വന്ന തന്റെയൊരു മുതിര്‍ന്ന കുടുംബാംഗത്തിന്റെ അനുഭവമാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരണയായതെന്ന്, മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ജസ്വന്ത് മ്യുനോത് 'ടെക്‌നോളജി റിവ്യു'വിനോട് പറഞ്ഞു. ആ കുടുംബാംഗത്തിന് അടിയന്തര സഹായം ലഭിക്കാതെ വന്നതാണ് ജ്വസ്വന്തിന്റെ കണ്ണുതുറപ്പിച്ചത്. ആ ഹതഭാഗ്യന്‍ മൊബൈല്‍ ഫോണില്‍ ചില നമ്പറുകളില്‍ വിളിക്കാന്‍ നോക്കിയെങ്കിലും ഡയലിങ് പൂര്‍ത്തിയാക്കാനോ, ആരെയെങ്കിലും സഹായത്തിന് വിളിക്കാനോ കഴിഞ്ഞില്ല.

എമര്‍ജന്‍സി ബട്ടണ്‍ മാത്രമല്ല മ്യുനോത് ഫോണിന്റെ പ്രത്യേകത. ഡയലിങ് എളുപ്പമാക്കാനുള്ള വലിയ കീപാഡാണ് ഫോണിലേത്. പ്രായമായവര്‍ക്ക് നമ്പറുകള്‍ എളുപ്പത്തില്‍ ഡയല്‍ ചെയ്യാനും വായിക്കാനും ഇത് സഹായിക്കും. മാത്രമല്ല, ഫോണ്‍ എവിടെങ്കിലും മറന്നുവെച്ചാല്‍, ഉടമസ്ഥനെ അക്കാര്യം ഓര്‍മിപ്പിക്കാനും സംവിധാനമുണ്ട്. ഉടമസ്ഥന്‍ ഫോണില്‍ നിന്ന് പത്തോ പതിനഞ്ചോ അടി അകലെയെത്തിയാല്‍, ഫോണിലെ സെന്‍സര്‍ അത് മനസിലാക്കി ബീപ് ശബ്ദം പുറപ്പെടുവിക്കും.

അബദ്ധത്തില്‍ കൈയില്‍ നിന്ന് ഫോണ്‍ താഴെ വീണാലും കുഴപ്പമില്ല. ഒട്ടേറെ തവണ തറയില്‍ വീണാലും പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് മ്യുനോത് എസ്5 നിര്‍മിച്ചിരിക്കുന്നത്. ഇരുട്ടില്‍ സഹായിക്കാന്‍ ടോര്‍ച്ചുമുണ്ട് ഫോണില്‍.

ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍, ഉടമസ്ഥന്റെ മെഡിക്കല്‍ റിക്കോര്‍ഡുകള്‍ മ്യുനോത് കമ്മ്യൂണിക്കേഷന്‍ രൂപംനല്‍കിയ വെബ്‌സൈറ്റില്‍ വളരെ എളുപ്പത്തില്‍ ലോഡ് ചെയ്യാം. വ്യക്തിപരമായുള്ള ശാരീരിക അവശതകളും രോഗങ്ങളുടെയും ചരിത്രവും ഫോട്ടോയും ഏതാനും അടുത്ത ബന്ധുക്കളുടെ വിവരവുമാണ് ലോഡ് ചെയ്യേണ്ടത്.

മെഡിക്കല്‍ വിവരങ്ങള്‍ ലോഡ് ചെയ്തു കഴിഞ്ഞാല്‍, രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന യൂസര്‍നേം/പാസ്‌വേഡ് സംവിധാനമുപയോഗിച്ച് ആ വിവരങ്ങള്‍ നോക്കാം. ഫോണിലെ അടിയന്തര ബട്ടനില്‍ ഫോണുടമ അമര്‍ത്തിക്കഴിഞ്ഞാല്‍, ഫോണിന്റെ സ്‌ക്രീനില്‍ യൂസര്‍നേമും പാസ്‌വേഡും പ്രത്യക്ഷപ്പെടും. സഹായിക്കാനെത്തുന്നവര്‍ക്ക് അതിന്റെ സഹായത്തോടെ ഫോണുടമയുടെ മെഡിക്കല്‍ അവസ്ഥ മനസിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാകാം.

മ്യുനോത് കമ്മ്യൂണിക്കേഷന്‍സിന്റെ സെര്‍വറില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, മരുന്നു കഴിക്കേണ്ട സമയവും മറ്റും ഫോണുടമയെ ഓര്‍മിപ്പിക്കുന്നത്. എമര്‍ജന്‍സി സര്‍വീസിന് ആദ്യവര്‍ഷം മ്യുനോത് കമ്മ്യൂണിക്കേഷന്‍സ് കാശ് ഈടാക്കില്ല. രണ്ടാംവര്‍ഷം മുതല്‍ അടിയന്തര സര്‍വീസുകള്‍ക്കെല്ലാം കൂടി മാസം 30 രൂപ വെച്ച് ഉപഭോക്താവ് നല്‍കണം. 2500 രൂപയാണ് ഫോണിന്റെ വില

www.keralites.net