Thursday, March 4, 2010

ഫോട്ടോ എഡിറ്റിങ് സൈറ്റ് ഗൂഗിള്‍ സ്വന്തമാക്കി





മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ കമ്പനിയെ ഗൂഗിള്‍ സ്വന്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് സിയാറ്റില്‍ കേന്ദ്രമായി ആരംഭിച്ച ഫോട്ടോ എഡിറ്റിങ് സൈറ്റായ 'പിക്‌നിക്' (Picnik) ആണ് ഗൂഗിള്‍ ഒടുവില്‍ വാങ്ങി സ്വന്തം കുടക്കീഴിലാക്കിയത്.


പിക്‌നിക്കിന്റെ 20-അംഗ സംഘം ഇനി ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഫോട്ടോഷെയറിങ് സര്‍വീസായ 'പിക്കാസ' (Picasa) മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകും. എത്ര മുതല്‍ മുടക്കിലാണ് പിക്‌നിക് കമ്പനി സ്വന്തമാക്കിയതെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയില്ല.

2009 സപ്തംബറിന് ശേഷം ഗൂഗിള്‍ എട്ടു കമ്പനികളെ സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല, ഗൂഗിള്‍ ബസ് (Google buzz) എന്ന സൗഹൃദക്കൂട്ടായ്മ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) ജിമെയിലിന്റെ ഭാഗമായി രംഗത്തെത്തിക്കുകയും ചെയ്തു. ചൈനയില്‍ നിന്ന് പിന്‍മാറുമെന്ന് ഗൂഗിള്‍ ഭീഷണി മുഴക്കിയതും ഈ കാലയളവിലാണ്.

സെര്‍ച്ച് എന്‍ജിനായ 'ആര്‍ഡ്‌വാര്‍ക്' (Aardvark), മൊബൈല്‍ ഇ-മെയില്‍ സര്‍വീസ് നടത്തുന്ന 'റീമെയില്‍' (reMail) എന്നീ കമ്പനികളെ ഗൂഗിള്‍ അതിന്റെ കൈപ്പിടിയിലാക്കിയത് കഴിഞ്ഞ മാസമാണ്.

മാത്രമല്ല, സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് ഓപ്ടിക്കല്‍ കണക്ഷന്‍ അമേരിക്കന്‍ ഭവനങ്ങളിലെത്തിക്കാനുള്ള പദ്ധതിയും ഗൂഗിള്‍ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി.

മാസത്തില്‍ ഒരു ചെറിയ കമ്പനിയെ വീതം സ്വന്തമാക്കുകയെന്ന രീതി ഗൂഗിള്‍ വീണ്ടും നടപ്പാക്കാന്‍ പോകുന്നു എന്ന് കമ്പനി മേധാവി എറിക് ഷിമിഡ്ത് പറഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്.

ഇന്ന് ഗൂഗിളിന്റെ ഭാഗമായി മാറിയിട്ടുള്ള ഒട്ടേറെ സര്‍വീസുകള്‍ ഇത്തരത്തില്‍ വാങ്ങി കമ്പനി സ്വന്തം കുടക്കീഴിലാക്കിയവയാണ്. യുടൂബ്, ബ്ലോഗര്‍ തുടങ്ങിയവ ഉദാഹരണം.

No comments:

Post a Comment