Thursday, March 4, 2010

ഒപ്പേറ 10.50 എത്തി





വിന്‍ഡോസ് കമ്പ്യൂട്ടറുകളിലെ ഏറ്റവും വേഗമേറിയ ബ്രൗസര്‍ എന്ന അവകാശവാദവുമായി ഒപ്പേറ 10.50 പുറത്തിറങ്ങി. സ്വകാര്യ ബ്രൗസിംഗ് ഉള്‍പ്പടെ ഒട്ടെറെ സവിശേഷതകളുമായാണ് പരിഷ്‌കരിച്ച രൂപകല്‍പനയോടെ ഒപ്പേറ എത്തിയിരിക്കുന്നത്.


പരമ്പരാഗത രീതിയിലെ മെനു ബാറിനെ അപ്പാടെ മാറ്റിമറിച്ചുള്ള സംവിധാനമാണ് ഈ ബ്രൗസറില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ജാവാ സ്‌ക്രിപ്റ്റ് എഞ്ചിനായ 'കാരകനു'ം ഗ്രാഫിക് ലൈബ്രറിയായ 'വേഗ'യും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സൈറ്റുകള്‍ ലോഡ് ചെയ്തുവരാനായുള്ള കാത്തിരിപ്പ് ഒഴിവാക്കാമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

പ്രൈവറ്റ് ബ്രൗസിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നത് ഒഴിവാക്കാം. സ്വകാര്യ ബ്രൗസിംഗ് പുതിയ വിന്‍ഡോയിലോ അല്ലെങ്കില്‍ ടാബിലോ ചെയ്യാനുമാകും.വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 മുതലായവ ഉപയോഗിക്കുന്നവര്‍ക്കായി ഏറോ ഗ്ലാസ്സ് സാധ്യമാക്കിയിട്ടുണ്ട്. ഒപ്പം എയ്‌റോ പീക്ക്, ജംപ് ലിസ്റ്റ് എന്നിവയെ ഒപ്പേറ 10.50 പിന്തുണയ്ക്കും. അതുകൊണ്ടുതന്നെ ടാസ്‌ക്ബാറിലെ സ്​പീഡ് ഡയല്‍സ്, ടാബുകള്‍ തുടങ്ങിയവയിലൊക്കെ വളരെ വേഗത്തില്‍ എത്താനുമാകും.

ഒപ്പേറ ടര്‍ബോ, ഒപ്പേറ യൂണൈറ്റ്, ഒപ്പേറ ലിങ്ക് ന്നെിവയൊക്കെ ഒപ്പേറ 10.50 ന്റെ മാത്രം സവിശേഷതകളാണെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. വെബ് ഡിസൈനര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തില്‍ എച്ച് ടി എം എല്‍ 5, സി എസ് എസ് 3 എന്നിവ ഒപ്പേറ 10.50-ല്‍ സാധ്യമാക്കിയിട്ടുണ്ട്.

നിലവില്‍ 42 ഭാഷകളിലായി വിന്‍ഡോസിനു മാത്രമായിട്ടായിരിക്കും ഒപ്പേറ 10.50 ലഭ്യമാവുക. മാക്, ലിനക്‌സ് എന്നിവയ്ക്കു വേണ്ടി ഇത് ഉടന്‍ തയ്യാറാവും. ഒപ്പേറ 10.50 സൗജന്യമായി 
www.opera.com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

No comments:

Post a Comment