Thursday, March 4, 2010

ബാങ്ക് ഇടപാടില്‍ കീശ ചോരല്ലേ...




ബാങ്ക് നിക്ഷേപം സുരക്ഷിതവും സൗകര്യപ്രദവുമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകളില്‍ ചുമത്തുന്ന 'ചാര്‍ജുകള്‍' കീശ ചോര്‍ത്തും. ബാങ്കുകള്‍ തമ്മിലുള്ള മത്സരവും ചെലവ് ചുരുക്കലും ഒപ്പം വരുമാനം കൂട്ടാനുള്ള തന്ത്രങ്ങളും ഏറെ ബാധിക്കുന്നത് ബാങ്കിടപാടുകാരെയാണ്.

നിക്ഷേപം നടത്തിയിട്ടുള്ളവരെയും വായ്പയെടുത്തവരെയും ഒരുപോലെ ബാധിക്കുന്നതാണ് വര്‍ധിക്കുന്ന 'ബാങ്ക് ചാര്‍ജുകള്‍'. പലരും ശ്രദ്ധിക്കാതെ പോകുന്നതിനാല്‍ പരാതികള്‍ കുറവാണ്. അക്കൗണ്ടില്‍നിന്നും നേരിട്ട് കുറവ് ചെയ്യുന്നതിനാല്‍ പലരും ശ്രദ്ധിച്ചെന്നും വരില്ല.

ഒരു പ്രമുഖ ബാങ്കിലെ അക്കൗണ്ട് ഉടമയ്ക്കുണ്ടായ അനുഭവം തന്നെ ഉദാഹരണം. 5000 രൂപ നിക്ഷേപിച്ച് സേവിങ്‌സ് അക്കൗണ്ട് തുടങ്ങി. മറ്റ് ഇടപാടുകളൊന്നും നടത്തിയില്ല. ആറുമാസം കഴിഞ്ഞ് ബാങ്ക് സ്റ്റേറ്റ്‌മെന്റ് കിട്ടിയപ്പോള്‍ ബാക്കി 3250 രൂപ മാത്രം. കൂടുതല്‍ തിരക്കിയപ്പോഴാണ് അറിയുന്നത് ചെക്ക് ബുക്കിന് 250 രൂപ ആദ്യമേ എടുത്തു. അത് കഴിഞ്ഞപ്പോള്‍ നിക്ഷേപം മിനിമം ബാലന്‍സിന് താഴെ. അതിന് ചാര്‍ജ് 750 രൂപ വീതം രണ്ടുതവണ എടുത്തിരിക്കുന്നു. മൊത്തം അക്കൗണ്ട് തുടങ്ങി ഒരു ഇടപാടും നടത്താതെ നഷ്ടം 1750 രൂപ. ബാക്കി വന്നത് 3250 രൂപ മാത്രം. രണ്ടുവര്‍ഷം ഇത് തുടര്‍ന്നാല്‍ ബാങ്കിന് ഇനി വേറെ കൊടുക്കണം. ഇത്തരത്തില്‍ ചാര്‍ജുകള്‍ വരാവുന്ന ഇടപാടുകള്‍ നിരവധിയാണ്.

* ചെക്ക് ബുക്ക് വീണ്ടും ആവശ്യപ്പെടുക.
* മിനിമം ബാലന്‍സിന് താഴെ എത്തുക.
* കളക്ഷന് നല്‍കിയ ചെക്ക് നല്‍കിയത് മടങ്ങിവരിക.
* ഇ.സി.എസ്. മുടക്കം വരുന്ന അവസ്ഥ.
* സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുക.
* ബാങ്ക് സ്റ്റേറ്റ്‌മെന്റ് വേണ്ടിവന്നാല്‍
* ബ്രാഞ്ചില്‍ നേരിട്ട് ചെന്ന് പണമിടപാട് നടത്തുക.
* ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കുക.
* എസ്.എം.എസ്. സേവനം നല്‍കുക.
* 'ഹോം ബാങ്കിങ്' സേവനം ഉപയോഗപ്പെടുത്തുക.
* അക്കൗണ്ട് ക്ലോസ് ചെയ്യുക.
* അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുക.
*' പിന്‍' നമ്പര്‍ മാറ്റാന്‍ ആവശ്യപ്പെടുക.
* അക്കൗണ്ട് 'നോണ്‍-ഓപ്പറേറ്റിങ്' ആയിത്തീരുക.
* 'കോര്‍ ബാങ്കിങ്' സേവനം ഉപയോഗപ്പെടുത്തുക.
* എ.ടി.എം. വാര്‍ഷിക ചാര്‍ജ് തുടങ്ങിയവയാണ്.

പല ബാങ്കുകളും പല തരത്തിലാണ് ഇത്തരം ചാര്‍ജുകള്‍ അക്കൗണ്ടില്‍നിന്നും ഈടാക്കുന്നത്.
ഇത്തരത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:

* മിനിമം ബാലന്‍സ് വേണ്ട അക്കൗണ്ടുണ്ടെങ്കില്‍ അത് കുറവ് വരാതെ ശ്രദ്ധിക്കണം.
* ചെക്ക് ലീഫുകള്‍ ആവശ്യത്തിന് മാത്രം ശ്രദ്ധിച്ച് ഉപയോഗിക്കുക.
* ചെക്ക് നല്‍കുന്നതും സ്വീകരിച്ച് കളക്ഷന് നല്‍കുന്നതും ശ്രദ്ധിച്ച് തന്നെ ചെയ്യുക.
* അധികചാര്‍ജുകള്‍ വരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഒഴിവാക്കുക.
* ആവശ്യമുള്ളതും ഉപയോഗപ്പെടുത്തുന്നതുമായ സേവനങ്ങള്‍ മാത്രം ഉപയോഗിക്കുക.
* 'പിന്‍' നമ്പര്‍ മുതലായവ വളരെ രഹസ്യമായി സൂക്ഷിക്കുക.
* സേവിങ്‌സ് അക്കൗണ്ടില്‍ പലിശ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
* ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ എത്രയും വേഗം 'ക്ലോസ്' ചെയ്യണം.
* അക്കൗണ്ടിലെ 'ക്രെഡിറ്റ്', 'ഡെബിറ്റ്', 'ബാലന്‍സ്' എന്നിവ ശ്രദ്ധിക്കുക.

ബാങ്കിടപാടുകളില്‍ ബാങ്കിനെ കണ്ണുമടച്ച് വിശ്വസിക്കാന്‍ വരട്ടെ. പകരം ബാങ്ക് സ്റ്റേറ്റ്‌മെന്റ്, പാസ് ബുക്ക് സ്ഥിരമായി പരിശോധിക്കുക തന്നെ ചെയ്യണം.

No comments:

Post a Comment